പോപുലര്‍ ഫ്രണ്ട് റാലിയിലെ ടാബ്ലോ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഉത്തരേന്ത്യയില്‍ കുപ്രചാരണം
കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് സംഘടിപ്പിച്ച റാലിയിലെ ടാബ്ലോ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഉത്തരേന്ത്യയില്‍ സംഘപരിവാരത്തിന്റെ കുപ്രചാരണം. കേരളത്തിലെ മുസ് ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറത്ത് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) പ്രവര്‍ത്തകര്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ ചങ്ങലയ്ക്കിട്ട് പരേഡ് നടത്തിയെന്നാണ് വ്യാപകമായി പ്രചരിപ്പിക്കുന്നത്. എന്നാല്‍, പോപുലര്‍ ഫ്രണ്ട് ഡേയുടെ ഭാഗമായി നടത്തിയ മാര്‍ച്ചില്‍ മലബാര്‍ സമരത്തെ ഓര്‍മിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഇതെന്ന് വ്യക്തമായിട്ടുണ്ട്. വീഡിയോ ദൃശ്യങ്ങളിലെ, ആര്‍എസ്എസ് യൂനിഫോമും ബ്രിട്ടീഷ് ഭരണാധികാരികളുടെ വേഷവും 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്നു വിളിച്ച് മുസ് ലിംകളുടെ വേഷവുമെല്ലാം ധരിച്ചത് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ തന്നെയാണ്. എന്നാല്‍, ഈ വീഡിയോയ്ക്കു 'കേരളത്തിലെ ചേളാരിയില്‍ പിഎഫ്‌ഐ റാലി. 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുകയും ചങ്ങലയും കയറും കൊണ്ട് ബന്ധിച്ച ചില ആര്‍എസ്എസുകാരെ മൃഗങ്ങളെപ്പോലെ തെരുവുകളില്‍ പരേഡ് ചെയ്യിക്കുകയും ചെയ്യുന്നു. ഇവരെ കെട്ടിയിട്ട് ഐസ് രീതിയില്‍ ഘോഷയാത്ര നടത്തുന്നു. ഇത്തരത്തിലുള്ള പിഎഫ്‌ഐ വിദ്വേഷ മാര്‍ച്ച് എങ്ങനെയാണ് കേരള സര്‍ക്കാര്‍ അനുവദിച്ചത്? ' എന്ന് ഹിന്ദിയില്‍ അടിക്കുറിപ്പ് നല്‍കിയാണ് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ പ്രചരിപ്പിക്കുന്നത്.
തുടര്‍ന്ന് ഇന്ത്യാ ടുഡേ ആന്റി ഫേക്ക് ന്യൂസ് വാര്‍ റൂം (AFWA) തുടങ്ങിയ മാധ്യമങ്ങള്‍ നടത്തിയ അന്വേഷണത്തിലും സത്യം വെളിപ്പെട്ടിട്ടുണ്ട്. സാധാരണ ഗതിയില്‍ ആര്‍എസ്എസുകാരെ തെരുവിലൂടെ പോപുലര്‍ ഫ്രണ്ടുകാര്‍ വലിച്ചിഴച്ചിട്ടുണ്ടെങ്കില്‍ മാധ്യമങ്ങളില്‍ അത് പ്രധാനവാര്‍ത്തകളാവുമായിരുന്നു. എന്നാല്‍, കേരളത്തിലെ പ്രാദേശിക മാധ്യമങ്ങള്‍ പോലും ഇത്തരം ഒരു സംഭവവും റിപോര്‍ട്ട് ചെയ്തിട്ടില്ലെന്നും വ്യക്തമായതായി ഇന്ത്യാ ടുഡേ റിപോര്‍ട്ട് ചെയ്തു. മാത്രമല്ല, തേനിപ്പലം പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെട്ടപ്പോഴും വീഡിയോയ്‌ക്കൊപ്പം നല്‍കിയ അടിക്കുറിപ്പ് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഇന്‍സ്‌പെക്ടര്‍ ലാലു വി എസ് സ്ഥിരീകരിച്ചു. ഫെബ്രുവരി 17ന് പോപുലര്‍ ഫ്രണ്ട് വാര്‍ഷികത്തിന്റെ ഭാഗമായി മാര്‍ച്ച് നടത്തിയിരുന്നു. മാര്‍ച്ച് സമാധാനപരമായിരുന്നു, അക്രമ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മാര്‍ച്ചിന്റെ ഭാഗമായി നടന്ന പ്രകടനമാണ് വൈറലായ വീഡിയോയിലുള്ളത്. ആര്‍എസ്എസ് പ്രവര്‍ത്തകരെ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ലെന്നും പോലിസ് പറഞ്ഞു.
കേരളത്തിലെ ആര്‍എസ്എസ് ഓഫിസുമായി ബന്ധപ്പെട്ടപ്പോഴും വീഡിയോയില്‍ കാണുന്നതുപോലെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരേ അത്തരം അതിക്രമങ്ങളൊന്നും നടന്നിട്ടില്ലെന്ന് ആര്‍എസ്എസ് സംസ്ഥാന ജോയിന്റ് സെക്രട്ടറി എം രാധാകൃഷ്ണന്‍ പറഞ്ഞു.
These are not RSS workers dragged through the streets of Kerala by Popular Front