കലൂരിലെ കള്ളന്‍ ഡല്‍ഹിയില്‍ പിടിയില്‍
മോഷണ തുക പങ്കുവെച്ച് ജഗാവുള്ള ബെംഗളൂരുവിലേക്ക് കടന്നു. മുംബൈ വഴി ഡല്‍ഹിയിലെത്തിയ ഇയാള്‍ പഹാര്‍ഗഞ്ചിലെ നബീകരീം തെരുവിലെ ബാഗ് നിര്‍മാണശാലയില്‍ ജോലിക്കു കയറി. ഇവിടെ നിന്നാണ് പോലിസ് സംഘം പ്രതിയെ പിടിച്ചത്.
കൊച്ചി: കലൂരില്‍ ആളൊഴിഞ്ഞ വീട് കുത്തിത്തുറന്ന് പണവും ലാപ്‌ടോപ്പും കവര്‍ന്ന ബിഹാര്‍ സ്വദേശി ജഗാവുള്ളയെ കൊച്ചി സിറ്റി പോലിസ് ഡല്‍ഹിയില്‍നിന്നു പിടികൂടി. മറ്റൊരു പ്രതിയായ 17കാരനായ ബിഹാര്‍ സ്വദേശിയെ നേരത്തെ പിടികൂടി ജുവനൈല്‍ ബോര്‍ഡിനു മുമ്പില്‍ ഹാജരാക്കിയിരുന്നു.
കലൂര്‍ പുതിയ റോഡിലെ ബാവാസ് മന്‍സിലില്‍നിന്ന് ജനുവരി 30, 31 തീയതികളില്‍ ഒരു ലക്ഷം രൂപയും ഒരു ലാപ്‌ടോപ്പും കവര്‍ന്ന സംഭവത്തിലാണ് ജഗാവുള്ള പിടിയിലായത്. ആളില്ലാതിരുന്ന വീട്ടിലെ മോഷണ വിവരം പുറത്തറിയുന്നത് 31നായിരുന്നു. മുഖ്യ പ്രതി ജഗാവുള്ള കറുകപ്പള്ളിയിലെ ബാഗ് നിര്‍മാണ ശാലയില്‍ ജോലി ചെയ്തിരുന്നു. ഇവിടെ വെച്ചാണ് 17കാരനുമായി ചേര്‍ന്ന് മോഷണം ആസൂത്രണം ചെയ്തത്.
മോഷണ തുക പങ്കുവെച്ച് ജഗാവുള്ള ബെംഗളൂരുവിലേക്ക് കടന്നു. മുംബൈ വഴി ഡല്‍ഹിയിലെത്തിയ ഇയാള്‍ പഹാര്‍ഗഞ്ചിലെ നബീകരീം തെരുവിലെ ബാഗ് നിര്‍മാണശാലയില്‍ ജോലിക്കു കയറി. ഇവിടെ നിന്നാണ് പോലിസ് സംഘം പ്രതിയെ പിടിച്ചത്. കോടതിയില്‍ ഹാജരാക്കിയ ജഗാവുള്ളയെ റിമാന്‍ഡ് ചെയ്തു.
കൊച്ചി സിറ്റി പോലിസ് കമ്മിഷണര്‍ സി എച്ച് നാഗരാജുവിന്റെ നിര്‍ദേശാനുസരണം ഡിസിപി വി യു കുര്യാക്കോസ് പ്രത്യേക അന്വേണ സംഘം രൂപവത്കരിച്ചിരുന്നു. എറണാകുളം സെന്‍ട്രല്‍ എസിപി ജയകുമാര്‍ ചന്ദ്രമോഹന്‍, എളമക്കര ഇന്‍സ്‌പെക്ടര്‍ എം എസ് സാബുജി എന്നിവര്‍ നേതൃത്വം നല്‍കി.
എസ്‌ഐ രാമു ബാലചന്ദ്ര ബോസ്, എഎസ്‌ഐമാരായ വി എ സുബൈര്‍, പി ആര്‍ സീമോന്‍, സിപിഒ. സി വി മധുസൂദനന്‍ എന്നിവരാണ് ഡല്‍ഹിയിലെത്തി പ്രതിയെ പിടിച്ചത്.
പ്രതിയെ ക്രിമിനലുകളുടെ താവളമായ ചേരിയില്‍നിന്നാണ് പോലിസ് പൊക്കിയത്. കഞ്ചാവിന്റെയും മയക്കുമരുന്ന് വില്പനയുടെയും കേന്ദ്രമായ നബീകരീമിലെ ചേരിയില്‍ മയക്കുമരുന്ന് വാങ്ങാനെത്തിയവര്‍ എന്ന വ്യാജേനയാണ് പോലിസ് എത്തിയത്.
പ്രതി ഒരു ബാഗ് നിര്‍മാണശാലയ്ക്ക് സമീപമുണ്ടെന്ന് മനസ്സിലാക്കിയ അന്വേഷണ ഉദ്യോഗസ്ഥര്‍ ജഗാവുള്ള സ്ഥിരമായി ബന്ധപ്പെട്ടിരുന്ന ബിഹാര്‍ സ്വദേശിയെ കണ്ടെത്തി ഇയാളിലൂടെ ജഗാവുള്ള താമസിച്ചിരുന്ന നാല് നില കെട്ടിടം കണ്ടെത്തി. ഇവിടെ അര്‍ധരാത്രി പോലീസ് സംഘം എത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.തുടര്‍ന്ന് ഡല്‍ഹി തീസ് ഹസാരി കോടതിയിലെത്തിച്ച പ്രതിയെ വ്യാഴാഴ്ച രാത്രിയാണ് കൊച്ചിയിലെത്തിച്ചത്.