ഒരു മന്ത്രി അദ്ദേഹത്തിന്റെ പ്രദേശത്ത് കൂടി പോകുന്ന കെ റെയിൽ അലൈൻമെന്റിൽ മാറ്റം വരുത്തി: തിരുവഞ്ചൂർ
കേരള മന്ത്രിസഭയിലെ ഒരു മന്ത്രി അദ്ദേഹത്തിന്റെ പ്രദേശത്ത് കൂടി പോകുന്ന കെ റെയിൽ അദ്ദേഹത്തിന്റെ താൽപര്യമുള്ള ആളുകളിൽ നിന്നും മാറ്റികൊടുത്തിട്ടുണ്ടല്ലോ. ഇല്ലെങ്കിൽ പറയട്ടെ.
കോട്ടയം: കെ റെയിൽ അലൈൻമെന്റിൽ ഒരു മന്ത്രി മാറ്റം വരുത്തിയെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. അത് തനിക്ക് നേരിട്ട് അറിയാം. മന്ത്രിക്ക് താൽപര്യമുള്ള ആളുകളെ ബാധിക്കാതിരിക്കാനാണ് അലൈൻമെന്റിൽ മാറ്റം വരുത്തിയത്. കേരളത്തിലുടനീളം അങ്ങനെ നടന്നിട്ടുണ്ടെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു.
നിയമ വിരുദ്ധമായ പ്രവർത്തനം നടത്തുന്നത് സർക്കാരാണ്. അതിനെതിരെയാണ് ജനങ്ങൾ സംഘടിച്ചത്. ജനങ്ങളെ പോലിസിനെ കൊണ്ട് അടിച്ചമർത്താനുള്ള നോട്ടമാണ് നടത്തുന്നത്. ഇന്നലെ ഒരു മന്ത്രി ചെങ്ങന്നൂരിൽ വച്ച് പറഞ്ഞു. അദ്ദേഹത്തിന്റെ ചിലയാളുകൾ അലൈൻമെന്റിൽ മാറ്റം വരുത്തിയല്ലോ. അത് എനിക്ക് നേരിട്ട് അറിയാം. കേരള മന്ത്രിസഭയിലെ ഒരു മന്ത്രി അദ്ദേഹത്തിന്റെ പ്രദേശത്ത് കൂടി പോകുന്ന കെ റെയിൽ അദ്ദേഹത്തിന്റെ താൽപര്യമുള്ള ആളുകളിൽ നിന്നും മാറ്റികൊടുത്തിട്ടുണ്ടല്ലോ. ഇല്ലെങ്കിൽ പറയട്ടെ. അലൈൻമെന്റിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് കെ റെയിൽ ഉദ്യോഗസ്ഥർ പറയട്ടെ. അത് കേരളത്തിൽ ഉടനീളം നടന്നിട്ടുണ്ട്. താൽപര്യമുള്ള ആളുകൾക്ക് അലൈൻമെന്റിൽ മാറ്റിയും മറിച്ചും മറ്റുള്ളവരുടെ തലയിലേക്ക് വച്ചുകൊടുത്തിട്ടുണ്ട്. അതാണ് ജനങ്ങളുടെ വിഷമം. ഇത് നീതി പൂർവ്വമാണെന്ന് പറയാൻ കഴിയില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
റവന്യൂ നിയമങ്ങൾ ജനങ്ങൾക്ക് അറിയില്ലായെന്നത് സർക്കാർ മുതലെടുക്കുകയാണ്. അത് ശരിയല്ലെന്നും തിരുവഞ്ചൂർ കൂട്ടിചേർത്തു. സ്വകാര്യവ്യക്തിയുടെ ഭൂമിയിൽ കല്ലിടണമെങ്കിൽ എലിക തിരിച്ച് അതിന്റെ ഉത്തരവ് വേണം. റവന്യൂ വിഭാഗത്തിലെ ആളുകളാണ് ഇതിന് ഉത്തരം പറയേണ്ടത്. ഒരു രേഖയും ഇല്ലാതെ കണ്ടിടത്തെല്ലാം കല്ലിടുകയാണ്. അതിരടയാള കല്ലുമായി ജനങ്ങളെ ഉപദ്രവിക്കാൻ ശവപ്പെട്ടി എടുത്ത് പോകുന്നത് പോലെ എല്ലായിടത്തും ഇതും എടുത്ത് വട്ടം കറങ്ങുകയാണെന്നും തിരുവഞ്ചൂർ പരിഹസിച്ചു.