തിരുവഞ്ചൂര്‍ സേവാഭാരതി കേന്ദ്രത്തില്‍; നേതാക്കളുമായി രഹസ്യചര്‍ച്ച
പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപി -ആര്‍എസ്എസ് നേതാക്കളുമായി രഹസ്യ ചര്‍ച്ചയ്ക്കാണ് തിരുവഞ്ചൂര്‍ എത്തിയതെന്ന അഭ്യൂഹം ശക്തമാണ്.
കോട്ടയം: കോട്ടയത്ത് ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സേവാഭാരതി കാര്യാലയത്തില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സന്ദര്‍ശിച്ചത് വിവാദമാവുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപി -ആര്‍എസ്എസ് നേതാക്കളുമായി രഹസ്യ ചര്‍ച്ചയ്ക്കാണ് തിരുവഞ്ചൂര്‍ എത്തിയതെന്ന അഭ്യൂഹം ശക്തമാണ്. പനച്ചിക്കാട് പഞ്ചായത്തിലെ നേതാക്കളെയാണ് ശനിയാഴ്ച രാവിലെ തിരുവഞ്ചൂര്‍ നേരില്‍ കണ്ടത്. കോണ്‍ഗ്രസ് പനച്ചിക്കാട് മണ്ഡലം പ്രസിഡന്റ് ബാബുക്കുട്ടി ഈപ്പന്‍, പഞ്ചായത്ത് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എബിസണ്‍ കെ എബ്രഹാം എന്നിവരോടൊപ്പമാണ് തിരുവഞ്ചൂര്‍ എത്തിയത്.
പനച്ചിക്കാട് ക്ഷേത്രത്തിന് സമീപത്തെ സേവാഭാരതി ഓഫിസിലായിരുന്നു കൂടിക്കാഴ്ച. പനച്ചിക്കാട് ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവത്തിന്റെ കലാപരിപാടികള്‍ ഉദ്ഘാടനം ചെയ്തശേഷമായിരുന്നു തിരുവഞ്ചൂരിന്റെ സന്ദര്‍ശനം. സംഭവം വിവാദമാവുകയും നിരവധി സിപിഎം നേതാക്കള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആര്‍എസ്എസ് നേതാക്കളുടെ ചിത്രമുള്ള ഓഫിസിലെത്തിയ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തതോടെ തിരുവഞ്ചൂര്‍ വിശദീകരണവുമായി മുന്നോട്ട് വന്നിട്ടുണ്ട്.
'പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് ക്ഷേത്രത്തില്‍ എത്തുന്ന ഭക്തജനങ്ങള്‍ക്ക് ഭക്ഷണം നല്‍കുവാനായി സേവാഭാരതിയുടെ നേതൃത്വത്തില്‍ ക്ഷേത്രത്തില്‍ പ്രവര്‍ത്തിക്കുന്ന അന്നദാന മണ്ഡപം സന്ദര്‍ശിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ഒരുക്കിയ സൗകര്യങ്ങള്‍ കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ശ്രീ.ബാബുകുട്ടി ഈപ്പന്‍, പനച്ചിക്കാട് പഞ്ചായത്ത് മെമ്പര്‍ ശ്രീ.എബിസണ്‍ കെ എബ്രഹാം, ക്ഷേത്ര ഭാരവാഹികള്‍ എന്നിവരോടൊപ്പം നേരിട്ട് കണ്ട് മനസിലാക്കി.'-എന്നാണ് തിരുവഞ്ചൂര്‍ ഫേസ്ബുക്കിലെഴുതിയ വിശദീകരണം.
പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് ക്ഷേത്രത്തിൽ എത്തുന്ന...
ഇനിപ്പറയുന്നതിൽ Thiruvanchoor Radhakrishnan പോസ്‌റ്റുചെയ്‌തത് 2020, ഒക്‌ടോബർ 17, ശനിയാഴ്‌ച
അതേസമയം, സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ആര്‍എസ്എസ് നേതാക്കളുടെ ചിത്രങ്ങള്‍ക്ക് കീഴെ സേവാഭാരതി ഓഫിസില്‍ ഇരിക്കുന്ന ചിത്രം ഒഴിവാക്കി ഒരു ഉദ്ഘാടന ഫോട്ടോയാണ് തിരുവഞ്ചൂര്‍ വിശദീകരണക്കുറിപ്പിനോടൊപ്പം പങ്കുവച്ചത്. തിരുവഞ്ചൂരും അനുയായികളും കാവിക്കൊടികള്‍ മുന്നില്‍ വെച്ച ഓഫിസിലേക്ക് പ്രവേശിക്കുന്നതും അകത്ത് കയറി ഇരിക്കുന്നതും ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.