കശ്മീര്‍ ഹിന്ദു ഭൂമി, പാകിസ്താന് അവകാശമില്ല: സൗദി രാജകുമാരന്റെ പേരില്‍ വ്യാജ പ്രചാരണം

കശ്മീര്‍ വിഷയത്തില്‍ സൗദി രാജകുമാരന്റെ അഭിപ്രായം, കാണുക എത്ര മനോഹരമായാണ് സൗദി രാജകുമാരന്‍ തന്റെ അഭിപ്രായം പ്രകടിപ്പിക്കുന്നത് എന്ന അടിക്കുറിപ്പോടെയാണ് സംഘപരിവാര അനുകൂല ഗ്രൂപ്പുകളും വ്യക്തികളും ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിച്ചത്.

Update: 2019-02-22 14:52 GMT

ന്യൂഡല്‍ഹി: സംഘപരിവാര നുണ ഫാക്ടറികള്‍ നിരവധി വ്യാജ വാര്‍ത്തകളാണ് ദിനംപ്രതി പടച്ചുവിടുന്നത്. പലതും മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും കയ്യോടെ പിടികൂടി പൊളിച്ചടക്കാറുമുണ്ട്. ഇതില്‍ ഒടുവിലത്തേതാണ് സൗദി രാജകുമാരന്റേതെന്ന പേരില്‍ പ്രചരിപ്പിക്കപ്പെട്ട വീഡിയോ. കശ്മീര്‍ വിഷയത്തില്‍ സൗദി രാജകുമാരന്റെ അഭിപ്രായം, കാണുക എത്ര മനോഹരമായാണ് സൗദി രാജകുമാരന്‍ തന്റെ അഭിപ്രായം പ്രകടിപ്പിക്കുന്നത് എന്ന അടിക്കുറിപ്പോടെയാണ് സംഘപരിവാര അനുകൂല ഗ്രൂപ്പുകളും വ്യക്തികളും ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിച്ചത്.


സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ കഴിഞ്ഞ ദിവസം ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കശ്മീരിനെക്കുറിച്ച് ബിന്‍ സല്‍മാന്‍ പറയുന്നുവെന്ന പേരില്‍ ഒരു മിനുറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ വ്യാപകമായി പ്രചരിപ്പിച്ചത്. പ്രൗഡ് ടുബി ഇന്ത്യ എന്ന പേജിലൂടെയാണ് വീഡിയോ പ്രചരിച്ചത്. നിരവധി പേരാണ് ഇത് പങ്കുവച്ചിട്ടുള്ളത്. വീഡിയോ ദൃശ്യങ്ങളില്‍ പാക്കിസ്താനെ എതിര്‍ത്തും കശ്മീരിനെ പിന്തുണച്ചുമാണ് സംസാരിക്കുന്നത്.\


താന്‍ ഒരു രാഷ്ട്രീയക്കാരനല്ല.അതിനാല്‍തന്നെ കാശ്മീരിനെ കുറിച്ചുള്ള തന്റെ അഭിപ്രായം സുവ്യക്തമാണ്. ഇന്ത്യ ഹിന്ദുരാഷ്ട്രമാണ്. ഇന്ത്യയിലേക്ക് മുസ്ലിംകള്‍ എത്തിയത് പിന്നീടാണ്.70 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പാക്കിസ്ഥാന്‍ സ്വതന്ത്രമായത്. അതിനാല്‍ പാക്കിസ്താന് ഒരു അര്‍ത്ഥത്തിലും കാശ്മീരിന് മേല്‍ അവകാശമുന്നയിക്കാന്‍ കഴിയില്ല. കാശ്മീര്‍ ഹിന്ദു ഭൂമിയാണെന്നാണ് തന്റെ വിശ്വാസം. ആരും നിര്‍ബന്ധിച്ചിട്ടോ ഇന്ത്യയില്‍ ഉള്ളതു കൊണ്ടോ അല്ല താന്‍ ഇക്കാര്യം പറയുന്നത്.മോദിയോ മറ്റാരെങ്കിലുമോ സമ്മര്‍ദ്ദം ചെലുത്തിയത് കൊണ്ടല്ല താന്‍ ഈ അഭിപ്രായ പ്രകടനം നടത്തുന്നതെന്നും വീഡിയോയില്‍ ഉള്ള ആള്‍ പറയുന്നുണ്ട്.

എന്നാല്‍, ഇറാനിയന്‍ പൗരനായ ഇമാം തൗഹിദിയുടെ വാക്കുകളാണ് ബിന്‍ സല്‍മാന്റേതെന്ന പേരില്‍ പ്രചരിപ്പിച്ചത്. ഡല്‍ഹിയില്‍ ആര്‍ട് ഫെസ്റ്റില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ മാസം എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ ഈ അഭിപ്രായപ്രകടനം. കശ്മീരിനെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, ഇതു സൗദി കിരീടാവകാശി അല്ലെന്നും മറിച്ച താനാണെന്നും വ്യക്തമാക്കി തൗഹിദി തന്നെ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തി.

Tags:    

Similar News