ജയിലില്‍ നിന്ന് ഫോണ്‍ വിളിച്ച് ഭീഷണി; കൊടി സുനിക്കെതിരെ കേസ്
സ്വര്‍ണ വ്യാപാരി മജീദിന്റെ ഭാര്യയുടെ പരാതിയിലാണ് കൊടുവള്ളി പോലിസ് കേസെടുത്തത്. കേസില്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘം അടുത്ത ദിവസം ജയിലിലെത്തി കൊടി സുനിയെ ചോദ്യം ചെയ്‌തേക്കും.
കോഴിക്കോട്: ടി പി വധക്കേസില്‍ ജയിലില്‍ കഴിയുന്ന കൊടി സുനിക്കെതിരേ കേസെടുത്തു. ജയിലില്‍ നിന്ന് ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതിനാണ് കേസ്. സ്വര്‍ണ വ്യാപാരി മജീദിന്റെ ഭാര്യയുടെ പരാതിയിലാണ് കൊടുവള്ളി പോലിസ് കേസെടുത്തത്. കേസില്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘം അടുത്ത ദിവസം ജയിലിലെത്തി കൊടി സുനിയെ ചോദ്യം ചെയ്‌തേക്കും.
കൊടുവള്ളി നഗരസഭ കൗണ്‍സിലറും ഖത്തറിലെ സ്വര്‍ണ വ്യാപരിയുമായ മജീദിനെ കൊടി സുനിയെന്ന് പരിചയപ്പെടുത്തിയ ആള്‍ ഫോണ്‍ വഴി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. രേഖകളില്ലാത്ത സ്വര്‍ണം വാങ്ങാതിരിക്കുകയും വിവരം പിന്നീട് ഖത്തര്‍ പോലിസില്‍ അറിയിക്കുകയും ചെയ്തതിന്റെ പേരിലായിരുന്നു ഭീഷണി. ഇക്കാര്യം ചൂണ്ടിക്കാട്ടി മജീദ് നേരത്തെ ഖത്തറില്‍ ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കിയിരുന്നു.