കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച മൂന്നര കി.ഗ്രാം സ്വര്‍ണം പിടികൂടി; അഞ്ച് പേര്‍ പിടിയില്‍

ശരീരത്തിലും ചവിട്ടിയിലും കളിപ്പാവയിലും ഒളിപ്പിച്ചാണ് മിശ്രിത രൂപത്തിലാക്കിയ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

Update: 2021-03-24 00:47 GMT

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച മൂന്നര കിലോയില്‍ അധികം സ്വര്‍ണം പിടികൂടി. ഗള്‍ഫിലെ വിവിധ നഗരങ്ങളില്‍ നിന്നെത്തിയ അഞ്ച് യാത്രക്കാരാണ് പിടിയിലായത്. ശരീരത്തിലും ചവിട്ടിയിലും കളിപ്പാവയിലും ഒളിപ്പിച്ചാണ് മിശ്രിത രൂപത്തിലാക്കിയ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

അഞ്ച് കേസുകളിലായി 3.669 കിലോഗ്രാം സ്വര്‍ണമാണ് കോഴിക്കോട് വിമാനത്താവളത്തില്‍ പിടികൂടിയത്. ദുബയില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശിയായ യാത്രക്കാരനില്‍ നിന്ന് പിടികൂടിയത് 482 ഗ്രാം സ്വര്‍ണ മിശ്രിതം ആണ്. വളരെ വിദഗ്ധമായ ഫ്‌ലോര്‍മാറ്റ്, കളിപ്പാട്ടം, ടെഡി ബെയര്‍ എന്നിവയ്ക്കുള്ളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

കരിപ്പൂര്‍ വിമാനത്താവളത്തിലെ എയര്‍ ഇന്റലിജന്‍സ് യൂണിറ്റാണ് സ്വര്‍ണക്കടത്ത് പിടികൂടിയത്. അടിവസ്ത്രത്തിനുള്ളില്‍ പ്രത്യേക അറയിലാണ് മലപ്പുറം സ്വദേശിയായ യാത്രക്കാരന്‍ സ്വര്‍ണം കടത്താന് ശ്രമിച്ചത്. ഷാര്‍ജയില്‍ നിന്നെത്തിയ ഈ വടകര സ്വദേശിയില്‍ നിന്ന് പിടികൂടിയത് 1092 ഗ്രാം സ്വര്‍ണ്ണ മിശ്രിതമാണ്. റിയാദില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിയായ യാത്രക്കാരനും സ്വര്‍ണക്കടത്തിന് പിടിയിലായി. അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് 633 ഗ്രാം സ്വര്‍ണ മിശ്രിതമാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്.

കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും 1492 ഗ്രാം സ്വര്‍ണ്ണ മിശ്രിതം പിടികൂടി. ഷാര്‍ജയില്‍ നിന്നെത്തിയ രണ്ട് യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. കാസര്‍കോട് സ്വദേശിയായ യാത്രക്കാരനില്‍ നിന്ന് 1065 ഗ്രാം സ്വര്‍ണ മിശ്രിതവും മലപ്പുറം സ്വദേശിയില്‍ നിന്ന് 427 ഗ്രാം സ്വര്‍ണ മിശ്രിതവുമാണ് പിടികൂടിയത്. ഗുളിക രൂപത്തിലാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ഇവരുടെ ശ്രമം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കസ്റ്റംസ് പ്രവിന്റീവ് വിഭാഗത്തിന്റെ പരിശോധന.

Tags:    

Similar News