മൂന്ന് എംപിമാര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍; ആകെ 146, ചോദ്യങ്ങളും നീക്കം ചെയ്തു
ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ കൂട്ട സസ്‌പെന്‍ഷന്‍ തുടരുന്നു. ഇന്ന് മൂന്ന് പ്രതിപക്ഷ അംഗങ്ങളെ കൂടി ലോക്‌സഭയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. കോണ്‍ഗ്രസ് എംപിമാരായ ദീപക് ബൈജ്, നകുല്‍ നാഥ്, ഡി കെ സുരേഷ് എന്നിവരെയാണ് പുറത്താക്കിയത്. ഇതോടെ പാര്‍ലമെന്റിന്റെ ഇരുസഭകളില്‍നിന്നുമായി സസ്‌പെന്റ് ചെയ്ത എംപിമാരുടെ എണ്ണം 146 ആയി. ലോക്‌സഭയുടെയും രാജ്യസഭയുടെയും പ്രവര്‍ത്തനം തടസ്സപ്പെടുത്തിയെന്ന് ആരോപിച്ചാണ് കൂട്ട സസ്‌പെന്‍ഷന്‍. പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവന ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചതാണ് കൂട്ട പുറത്താക്കലിന് കാരണം.
ഡിസംബര്‍ നാലിന് തുടങ്ങിയ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിനിടെ 13ന് ലോക്‌സഭയിലാണ് സുരക്ഷാ വീഴ്ചയുണ്ടായത്. രണ്ടുപേര്‍ സഭയില്‍ അതിക്രമിച്ചുകയറി പുക സ്‌പ്രേ പ്രയോഗിക്കുകയായിരുന്നു. സംഭവത്തില്‍ അഞ്ചുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതേചൊല്ലിയാണ് ഇരുസഭകളിലും വലിയ പ്രതിഷേധമുണ്ടായത്. അമിത് ഷാ നേരിട്ട് വിശദീകരണം നല്‍കണമെന്നാണ് പ്രതിപക്ഷ ആവശ്യം. പിന്നാലെ 14ന് 14 എംപിമാരെയും തിങ്കളാഴ്ച 78 പേരെയും ചൊവ്വാഴ്ച 49 പേരെയും സസ്‌പെന്റ് ചെയ്തു. ഇന്നലെ രണ്ട് എംപിമാരെയും ഇന്ന് മൂന്നുപേരെയും കൂടി സസ്‌പെന്റ് ചെയ്തു. തുടര്‍ന്ന് പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരായ നടപടിയില്‍ പ്രതിഷേധിച്ച് ഇന്‍ഡ്യാ മുന്നണിയുടെ എംപിമാര്‍ പാര്‍ലമെന്റില്‍ നിന്ന് ഡല്‍ഹിയിലെ വിജയ് ചൗക്കിലേക്ക് മാര്‍ച്ച് നടത്തി.
ഇതിനുപുറമെ, ലോക്‌സഭയിലെ സസ്‌പെന്റ് ചെയ്യപ്പെട്ട പ്രതിപക്ഷ അംഗങ്ങള്‍ ഉന്നയിച്ച 27 ചോദ്യങ്ങളും നീക്കം ചെയ്തു. ചൊവ്വാഴ്ച സഭയില്‍ ചോദിക്കേണ്ട ചോദ്യങ്ങളുടെ പട്ടികയില്‍ നിന്നാണ് ഇവ നീക്കം ചെയ്തത്. തൃണമൂല്‍ കോണ്‍ഗ്രസ് എംപി അപരൂപ പൊദ്ദാറും കോണ്‍ഗ്രസ് എംപി രമ്യാ ഹരിദാസും ചോദിച്ച രണ്ട് നക്ഷത്രചിഹ്നമുള്ള ചോദ്യങ്ങള്‍ നീക്കം ചെയ്തവയില്‍ ഉള്‍പ്പെടുന്നുണ്ട്. നക്ഷത്രചിഹ്നമില്ലാത്ത 25 ചോദ്യങ്ങളും പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങള്‍ക്ക് മന്ത്രിമാര്‍ വാക്കാലുള്ള മറുപടിയും നക്ഷത്രമിടാത്ത ചോദ്യങ്ങള്‍ക്ക് രേഖാമൂലമുള്ള മറുപടിയും നല്‍കുന്നതാണ് പാര്‍ലമെന്റിലെ പതിവ്. ഇതോടൊപ്പം ഒരേ ചോദ്യം വിവിധ മന്ത്രിമാരോട് ചോദിക്കുന്ന അംഗങ്ങളുടെ ഗ്രൂപ്പുകളില്‍ നിന്ന് ഒട്ടേറെ എംപിമാരുടെ പേരുകള്‍ നീക്കം ചെയ്തിട്ടുണ്ട്. രാജസ്ഥാന്‍ നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ലോക്‌സഭയില്‍ നിന്ന് രാജിവച്ച ഹനുമാന്‍ ബേനിവാളിന്റെ പേരും നീക്കം ചെയ്തിട്ടുണ്ടെന്നാണ് റിപോര്‍ട്ടുകള്‍.