ഒടുവില്‍ എസ്പി തെറിച്ചു; പത്തനംതിട്ട എസ് പി സുജിത്ത് ദാസിന് സസ്‌പെന്‍ഷന്‍

മലപ്പുറം മുന്‍ എസ് പിയായിരുന്ന സുജിത്ത് ദാസിനെതിരേ എസ് പി ഓഫിസ് ക്യാംപിലെ മരംമുറി, സ്വര്‍ണക്കടത്ത് ബന്ധം ആരോപിച്ച് പി വി അന്‍വര്‍ എംഎല്‍എ രംഗത്തെത്തിയിരുന്നു.

Update: 2024-09-05 15:38 GMT

തിരുവനന്തപുരം: ഫോണ്‍ സംഭാഷണ വിവാദത്തിനു പിന്നാലെ പത്തനംതിട്ട എസ് പി സുജിത്ത് ദാസിന് സസ്‌പെന്‍ഷന്‍. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. മലപ്പുറം മുന്‍ എസ് പിയായിരുന്ന സുജിത്ത് ദാസിനെതിരേ എസ് പി ഓഫിസ് ക്യാംപിലെ മരംമുറി, സ്വര്‍ണക്കടത്ത് ബന്ധം ആരോപിച്ച് പി വി അന്‍വര്‍ എംഎല്‍എ രംഗത്തെത്തിയിരുന്നു. മരംമുറി വിവാദത്തില്‍ നിലവിലുള്ള എസ് പി ശശിധരനുമായി തര്‍ക്കമുണ്ടായതിനു പിന്നാലെ മലപ്പുറം മുന്‍ എസ് പിയും പത്തനംതിട്ട എസ് പിയുമായ സുജിത്ത് ദാസ് എംഎല്‍എയുമായി നടത്തിയ ഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു. മരംമുറി അന്വേഷണം തനിക്കെതിരാവുമെന്ന് പറയുന്ന ഫോണ്‍ സംഭാഷണത്തില്‍ എഡിജിപി അജിത്ത് കുമാറിനെതിരേയും ഗുരുതര പരാമര്‍ശങ്ങളുണ്ടായിരുന്നു. ഇതെല്ലാം പുറത്തായതിനു പിന്നാലെ ആഭ്യന്തരവകുപ്പ് നടത്തിയ അന്വേഷണത്തില്‍ എസ് പി സുജിത് ദാസിനെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നു.

    ആദ്യഘട്ടത്തില്‍ തിരുവനന്തപുരം ഡിഐജി കേസ് അന്വേഷിച്ച് സുജിത് ദാസിനെതിരേ നടപടി ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും തൃശൂര്‍ ഡിഐജിക്ക് കേസ് കൈമാറിയെങ്കിലും നടപടി സ്ഥലംമാറ്റത്തിലൊതുങ്ങി. എന്നാല്‍ സുജിത് ദാസ് കേസ് അട്ടിമറിക്കാന്‍ ഇടപെട്ടതിന്റെ തെളിവുകള്‍ കൂടി പുറത്ത് വന്നതോടെയാണ് സര്‍വീസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തത്. എസ്പി ക്യാംപ് ഓഫിസിലെ മരംമുറി പരാതി പിന്‍വലിച്ചാല്‍ ജീവിത കാലം മുഴുവന്‍ താന്‍ കടപ്പെട്ടിരിക്കുമെന്നായിരുന്നു സുജിത്ത് ദാസ് പി വി അന്‍വറിനോട് ഫോണില്‍ പറഞ്ഞത്. പരാതി പിന്‍വലിക്കാന്‍ വേണ്ടി സ്വാധീനിച്ചുകൊണ്ടുള്ള സുജിത്ത് ദാസിന്റെ ഫോണ്‍ സംഭാഷണം വിവാദമായതിനു പിന്നാലെ അവധിയില്‍ പോയി. ഇതിനിടെയാണ്, മരംമുറിയില്‍ കള്ളസാക്ഷി പറയിക്കാന്‍ ശ്രമിച്ചെന്ന പരിസരവാസിയായ സ്ത്രീയുടെ വെളിപ്പെടുത്തലുണ്ടായത്. സുജിത്ത് ദാസിനും എഡിജിപി അജിത്ത് കുമാറിനുമെതിരേ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പി വി അന്‍വര്‍ എംഎല്‍എ തെളിവുകള്‍ നല്‍കിയിരുന്നു.

Tags:    

Similar News