പിണറായി മുഖ്യമന്ത്രിയായത് സ്വന്തം നിലയ്ക്കല്ല; പാര്‍ട്ടി ആക്കിയതാണെന്ന് പി വി അന്‍വര്‍

Update: 2024-09-04 07:47 GMT

തിരുവനന്തപുരം: പോരാട്ടം തുടങ്ങിയിട്ടേ ഉള്ളൂവെന്നും ഒരടി പിറകിലേക്കില്ലെന്നും പി വി അന്‍വര്‍ എംഎല്‍എ. തനിക്ക് കൂറ് പാര്‍ട്ടിയോടാണ്. തന്നെ തിരഞ്ഞെടുത്തത് പാര്‍ട്ടിയാണെന്നും അന്‍വര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. അന്‍വറിന്റെ ആരോപണമുന പുതിയ വഴിയിലേക്ക് കടക്കുന്നതിനിടെയാണ് പ്രതികരണം. പിണറായി മുഖ്യമന്ത്രിയായത് സ്വന്തം നിലയ്ക്കല്ല. പാര്‍ട്ടി ആക്കിയതാണ്. തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു. എഡിജിപി അജിത്ത് കുമാറിനെതിരേ കൃത്യമായ അന്വേഷണം വേണമെന്ന നിലപാടിലാണ് അന്‍വര്‍. വിഷയത്തില്‍ അന്വേഷണം നടത്താന്‍ അദ്ദേഹത്തിന്റെ കീഴിലുള്ള ഉദ്യോഗസ്ഥനെ നിയോഗിച്ചതിലുള്ള അതൃപ്തിയും അദ്ദേഹം പ്രകടിപ്പിച്ചു. ഹെഡ്മാസ്റ്ററേക്കുറിച്ച് അന്വേഷിക്കുന്നത് പ്യൂണാവരുതെന്നും അങ്ങനെ ഉണ്ടായാല്‍ അതിന്റെ ഉത്തരവാദിത്വം പാര്‍ട്ടിക്കും സര്‍ക്കാറിനുമുണ്ടാവുമെന്നും അന്‍വര്‍ പറഞ്ഞിരുന്നു.

    മുഖ്യമന്ത്രിയുടെ പ്രതിച്ഛായക്ക് ഇടിവ് സംഭവിച്ചെന്നും അതിന് കാരണം പോലിസിന്റെ പ്രവര്‍ത്തനങ്ങളാണ്. പോലിസ് പാര്‍ട്ടിയെ തകര്‍ക്കുകയാണ്. മന്ത്രിമാരെ പോലും ഗൗനിക്കാതെയായി ചില ഉദ്യോഗസ്ഥര്‍ മാറി. പൊതു പ്രവര്‍ത്തകരെ ബഹുമാനിക്കരുതെന്ന സംസ്‌കാരം തന്നെ ഉണ്ടായെന്നും അന്‍വര്‍ പറഞ്ഞു. പലരും മുമ്പും പരാതികള്‍ ഉന്നയിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ ഏത് പരാതിയും ചെന്നെത്തുന്നത് പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ മേശപ്പുറത്താണ്. അതുകൊണ്ട് തന്നെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാവുന്നില്ല. പി ശശി പൂര്‍ണ പരാജയമാണെന്നും ശരിയുടെ ഉദ്ദേശമെന്തെന്ന് പാര്‍ട്ടി പറയണമെന്നും അന്‍വര്‍ ആരോപിച്ചു. പറഞ്ഞ കാര്യങ്ങള്‍ പരിശോധിക്കുന്നില്ലെങ്കില്‍ ചില കാര്യങ്ങള്‍ കൂടി തനിക്ക് പറയേണ്ടി വരുമെന്നും അന്‍വര്‍ സൂചിപ്പിച്ചു. അജിത്ത് കുമാറിന്റെ ഇടപെടല്‍ ആര്‍ക്കും മനസ്സിലാവില്ല. അയാള്‍ക്ക് ആരെയും കബളിപ്പിക്കനുളള ശേഷിയുണ്ട്. പൂരം കലക്കിയതോടെ സര്‍ക്കാറിനെ അയാള്‍ വെട്ടിലാക്കി. മുഖ്യമന്ത്രിയെ കണ്ട ശേഷം എലിയായി മാറിയെന്ന വിമര്‍ശത്തിന് എലി നിസ്സാരക്കാരനല്ലെന്നായിരുന്നു അന്‍വറിന്റെ മറുപടി. താന്‍ ഉന്നയിച്ചത് ലക്ഷക്കണക്കിന് വരുന്ന സഖാക്കള്‍ പറയാനാഗ്രഹിച്ച കാര്യങ്ങളാണ്. കേസന്വേഷണം ശരിയായ ദിശയിലല്ല പോവുന്നതെങ്കില്‍ താന്‍ ഇപെടുമെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News