'തല അങ്ങ് പോയാലും പൊയ്‌ക്കോട്ടെ..; മാപ്പല്ല, ഒരു '....പ്പും' പറയില്ല'; മലപ്പുറം എസ്പിക്കെതിരേ പ്രതികരണം കടുപ്പിച്ച് പി വി അന്‍വര്‍ എംഎല്‍എ

Update: 2024-08-21 15:58 GMT

മലപ്പുറം: പൊതുവേദിയില്‍ മലപ്പുറം ജില്ലാ പോലിസ് മേധാവിയെ രൂക്ഷമായി വിമര്‍ശിച്ച സംഭവത്തില്‍ പ്രതികരണം കടുപ്പിച്ച് പി വി അന്‍വര്‍ എംഎല്‍എ. 'തല അങ്ങ് പോയാലും പൊയ്‌ക്കോട്ടെ..; മാപ്പല്ല, ഒരു '....പ്പും' പറയില്ലെന്ന് അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇതോടൊപ്പം എസ് പി എസ് ശശിധരനെതിരേ ഗുരുതര ആരോപണങ്ങളും ഉന്നയിച്ചിട്ടുണ്ട്. പോലിസ് ഉദ്യോഗസ്ഥന്റെ സാമൂഹിക വിരുദ്ധതയാണ് താന്‍ ചൂണ്ടിക്കാണിച്ചതെന്നും ലൈഫ് പദ്ധതി അട്ടിമറിക്കാന്‍ മലപ്പുറം എസ് പി എസ് ശശിധരന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കാകെ കേരളത്തില്‍ നല്ല പേരാണ്. ഈ പേരിന് കളങ്കം ചാര്‍ത്തുന്ന രീതിയിലാണ് മലപ്പുറം എസ് പിയുടെ പെരുമാറ്റമെന്ന് നല്ല ബോധ്യമുണ്ട്. കേരളത്തിലെ സര്‍ക്കാരിനും സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ക്കും എതിരാണ് അദ്ദേഹത്തിന്റെ നിലപാട്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഒരു തൊഴിലാളിവര്‍ഗ പ്രസ്ഥാനമാണ്. ഇവിടുത്തെ സാധാരണക്കാരായ തൊഴിലാളികള്‍ക്ക് അവരുടെ ജോലി പോലും ചെയ്യാന്‍ കഴിയാതെ അവരെ പട്ടിണിയിലേക്കെത്തിക്കുന്ന പല നിലപാടുകള്‍ അദ്ദേഹം സ്വീകരിച്ചിട്ടുണ്ടെന്നും അന്‍വര്‍ സിപിഎം ചാനലിന് നല്‍കിയ വീഡിയോയില്‍ പറഞ്ഞു. അന്‍വര്‍ മാപ്പ് പറയണമെന്ന് ഐപിഎസ് അസോസിയേഷന്റെ ആവശ്യത്തെ പരിഹസിച്ച് നേരത്തേ കേരളത്തിന്റെയും മലപ്പുറം ജില്ലയുടെയും നിലമ്പൂരിന്റെയും മാപ്പിന്റെ ചിത്രം നല്‍കിയിരുന്നു.

    എസ്പിയുടെ നിലപാട് ജനങ്ങള്‍ക്കോ സര്‍ക്കാരിനോ നല്ലതല്ല. സര്‍ക്കാരിനെ നിലനിര്‍ത്തുന്നത് സംസ്ഥാനത്തെ സാധാരണക്കാരായ ജനങ്ങളാണ്. അതിനു മുന്‍പന്തിയിലുള്ളത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഡിവൈഎഫ്‌ഐയും അതുപോലുള്ള ബന്ധപ്പെട്ട യുവജന, തൊഴിലാളി സംഘടനകളുമാണ്. ജില്ലാ പോലിസ് മേധാവിയെ കാണാനുള്ള അവസരം ജില്ലയിലെ ഉത്തരവാദിത്തപ്പെട്ട നേതാക്കള്‍ക്ക് പോലും നല്‍കുന്നില്ല. അവരുടെ ഫോണ്‍കോളുകള്‍ എടുക്കുന്നില്ല. ഈ പോലിസ് ഉദ്യോഗസ്ഥനെ നയിക്കുന്നത് മറ്റാരോ ആണ്. മലപ്പുറം ജില്ലയിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളുടെ തറയിളക്കാന്‍ എങ്ങനെയൊക്കെ സാധിക്കുന്നുവോ, അത്തരം പ്രവൃത്തികള്‍ക്കാണ് അദ്ദേഹം മുന്‍തൂക്കം നല്‍കുന്നത്. ലൈഫ് പദ്ധതിക്കുപോലും, കെട്ടിയ തറയിലേക്ക് മണ്ണിടുന്നതിന് പ്രതിസന്ധി നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യം ബോധിപ്പിച്ചെങ്കിലും അനുവദിക്കാന്‍ കഴിയിന്നാണ് മറുപടി പറഞ്ഞത്. നിയമവശം ചൂണ്ടിക്കാണിച്ചായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. മാഫിയകള്‍ കുന്നുംമലയും ഇടിച്ച് നിരത്തുന്നത് ഒഴിവാക്കി പ്രകൃതിയുടെ സന്തുലിതാവസ്ഥ ഇല്ലാതാകുന്നത് തടയാനുള്ള നിയമമാണിത്. ഈ നിയമം പറഞ്ഞാണ് തടസ്സമുണ്ടാക്കുന്നത്. ബുധനാഴ്ച രാവിലെയും, ലൈഫ് പദ്ധതിക്കുവേണ്ടി ഒരുകാരണവശാലും മണ്ണോ കല്ലോ എടുക്കാന്‍ അനുവദിക്കരുതെന്ന് ജില്ലയിലെ പോലിസ് ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കി.

    മണ്ണ്, മണല്‍ മാഫിയയുടെ പേര് പറഞ്ഞ് ലൈഫ് പദ്ധതിയെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. മുതിര്‍ന്ന ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കുകയാണ്. മലപ്പുറത്തെ പൊതുസമൂഹത്തോട് അദ്ദേഹമാണ് മാപ്പ് പറയേണ്ടത്. ഇദ്ദേഹത്തെപ്പോലെ സാമൂഹികവിരുദ്ധ നിലപാടെടുക്കുന്ന പോലിസ് ഉദ്യോഗസ്ഥനോട് മാപ്പ് പറയില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. കഴിഞ്ഞ ദിവസമാണ് പൊതുവേദിയില്‍ പ്രസംഗിക്കുന്നതിനിടെ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ മലപ്പുറം എസ് പി എസ് ശശിധരനെതിരേ രൂക്ഷമായി വിമര്‍ശിച്ചത്. സംഭവം വിവാദമായെങ്കിലും തന്റെ നിലപാടില്‍ അന്‍വര്‍ ഉറച്ചുനില്‍ക്കുകയാണ്.

Tags:    

Similar News