പാലക്കാട്ട് പത്തിരിപ്പാലയില്‍ മൂന്ന് വിദ്യാര്‍ഥികളെ കാണാനില്ല; പോലിസ് അന്വേഷണം തുടങ്ങി

Update: 2024-06-24 17:34 GMT

പാലക്കാട്: പത്തിരിപ്പാലയില്‍ സ്‌കൂളിലേക്കു പോയ മൂന്ന് വിദ്യാര്‍ഥികളെ കാണാതായി. അതുല്‍ കൃഷ്ണ, ആദിത്യന്‍, അനിരുദ്ധ് എന്നിവരെയാണ് കാണാതായത്. പത്തിരിപ്പാല ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളാണ് അതുല്‍ കൃഷ്ണയും ആദിത്യനും. അതിര്‍കാട് സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ഥിയാണ് അനിരുദ്ധ്. ഇവര്‍ മൂന്ന് പേരും അയല്‍വാസികളാണ്. സ്‌കൂളിലേക്ക് ഒരുമിച്ചാണ് ഇവര്‍ വരാറുള്ളത്. തിങ്കളാഴ്ച രാവിലെ വീട്ടില്‍ നിന്നിറങ്ങിയ കുട്ടികള്‍ സ്‌കൂളില്‍ എത്തിയിരുന്നില്ല. സിസിടിവികള്‍ പരിശോധിച്ച് കുട്ടികളെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലിസ്. ഒരുമിച്ച് സ്‌കൂളിലേക്കിറങ്ങിയ വിദ്യാര്‍ഥികള്‍ സ്‌കൂളിലെത്താതായതോടെ അധ്യാപകര്‍ മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു.



തുടര്‍ന്ന്, കുട്ടികളെ അന്വേഷിച്ചെങ്കിലും കണ്ടെത്താതായതോടെ മാതാപിതാക്കള്‍ വിവരം പോലിസില്‍ അറിയിച്ചു. നിലവില്‍ വിദ്യാര്‍ഥികളെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നാണ് പോലിസ് നല്‍കുന്ന വിവരം. മൂന്ന് പേരും സ്‌കൂള്‍ യൂനിഫോമിലായിരുന്നു. കുറച്ച് വസ്ത്രങ്ങളും പണവും കുട്ടികളുടെ കൈയിലുണ്ടെന്നാണ് പോലിസിനു ലഭിച്ച വിവരം.

Tags:    

Similar News