ബലാത്സംഗ കേസിലെ പ്രതി ബിഷപ്പ് ഫ്രാങ്കോയുടെ ചിത്രം ഉള്‍പ്പെടുത്തി അതിരൂപത കലണ്ടര്‍

ഫ്രാങ്കോയുടെ ജന്‍മദിനമായ മാര്‍ച്ച് 25 അടയാളപ്പെടുത്തിയാണ് 2021ലെ കലണ്ടറില്‍ ചിത്രം ഇടം നേടിയത്. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ മുഖ്യപ്രതിയായ ഫ്രാങ്കോയുടെ ഫോട്ടോ കലണ്ടറില്‍ ഉള്‍പ്പെടുത്തിയതിനെ വിശ്വാസികള്‍ പ്രതിഷേധിച്ചു.

Update: 2020-12-14 09:06 GMT

തൃശൂര്‍: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ചിത്രം ഉള്‍പ്പെടുത്തി തൃശൂര്‍ അതിരൂപത കലണ്ടര്‍ ഇറക്കിയത് വിവാദമാകുന്നു. 2021ലെ കലണ്ടറില്‍ ഫ്രാങ്കോയുടെ ചിത്രം ഉള്‍പ്പെടുത്തിയതിനെതിരെ കോട്ടയത്തും കൊല്ലത്തും വിശ്വാസികളുടെ നേതൃത്വത്തില്‍ പ്രതിഷേധമുണ്ടായി. ബിഷപ്പായ ഫ്രാങ്കോയുടെ ചിത്രം ഉള്‍പ്പെടുത്തിയതില്‍ അസ്വാഭാവികത ഇല്ലെന്ന് തൃശൂര്‍ അതിരൂപതയുടെ വിശദീകരണം.

ഫ്രാങ്കോയുടെ ജന്‍മദിനമായ മാര്‍ച്ച് 25 അടയാളപ്പെടുത്തിയാണ് 2021ലെ കലണ്ടറില്‍ ചിത്രം ഇടം നേടിയത്. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ മുഖ്യപ്രതിയായ ഫ്രാങ്കോയുടെ ഫോട്ടോ കലണ്ടറില്‍ ഉള്‍പ്പെടുത്തിയതിനെ വിശ്വാസികള്‍ പ്രതിഷേധിച്ചു. കോട്ടയം കുറവിലങ്ങാട് പള്ളിക്ക് മുന്നില്‍ വിശ്വാസികള്‍ കലണ്ടര്‍ കത്തിച്ചു. കേരള കത്തോലിക്കാ വിമോചന സമിതിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി.

കൊല്ലം ചിന്നക്കടയിലും ചര്‍ച്ച് ആക്ട് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നു. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതിയാണെങ്കിലും ഫ്രാങ്കോ ഇപ്പോഴും ബിഷപ്പ് സ്ഥാനത്ത് തുടരുന്നുണ്ടെന്നും, കുറ്റങ്ങള്‍ തെളിഞ്ഞിട്ടില്ലെന്നുമാണ് തൃശൂര്‍ അതിരൂപത നല്‍കുന്ന വിശദീകരണം. കഴിഞ്ഞ വര്‍ഷവും 2019ലും ഫ്രാങ്കോ മുളക്കലിന്റെ ചിത്രം വെച്ച് കലണ്ടര്‍ ഇറക്കിയതിനെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു. ഇത് വകവയ്ക്കാതെയാണ് അതിരൂപതാ 2021ലേക്കുള്ള കലണ്ടറിലും ഫ്രാങ്കോയുടെ ഫോട്ടോ വച്ചിരിക്കുന്നത്.

Tags:    

Similar News