തൃശൂര്‍ പൂരം: പ്രവേശന പാസ് നാളെ മുതല്‍; കടുത്ത നിയന്ത്രണം
പാസ് ലഭിക്കുന്നതിന് കൊവിഡ് ഇല്ലെന്ന് തെളിയിക്കുന്ന ആര്‍ടിപിസിആര്‍ പരിശോധനാ സര്‍ട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്‌സിനേഷന്‍ എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റോ അപ്ലോഡ് ചെയ്യണം.
തൃശൂര്‍: തൃശൂര്‍ പൂരത്തിനുള്ള പ്രവേശന പാസ് നാളെ മുതല്‍ ലഭിക്കും. കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ നിന്ന് രാവിലെ പത്തു മുതല്‍ പാസ് ഡൗണ്‍ലോഡ് ചെയ്യാം. പാസ് ലഭിക്കുന്നതിന് കൊവിഡ് ഇല്ലെന്ന് തെളിയിക്കുന്ന ആര്‍ടിപിസിആര്‍ പരിശോധനാ സര്‍ട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്‌സിനേഷന്‍ എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റോ അപ്ലോഡ് ചെയ്യണം.
തൃശൂര്‍ ജില്ലയുടെ ഫെസ്റ്റിവല്‍ എന്‍ട്രി രജിസ്‌ട്രേഷന്‍ ലിങ്കില്‍ മൊബൈല്‍ നമ്പര്‍ പേര് തുടങ്ങിയ വിവരങ്ങള്‍ നല്‍കണം. തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പറിലേക്ക് ഒടിപി ലഭിക്കും. പാസ് ലഭിക്കുന്നതിന് കൊവിഡ് നിര്‍ണയത്തിനുള്ള ആര്‍ടിപിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ, രണ്ട് ഡോസ് വാക്‌സിനേഷന്‍ എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റോ (ഏതെങ്കിലും ഒന്ന്) അപ്‌ലോഡ് ചെയ്യണം. തുടര്‍ന്ന് മൊബൈലില്‍ ലഭിക്കുന്ന ലിങ്കില്‍ നിന്ന് എന്‍ട്രി പാസ് ഡൗണ്‍ലോഡ് ചെയ്യാം.
ആളുകളുടെ എണ്ണം പരമാവധി നിയന്ത്രിക്കാനാണ് തൃശൂര്‍ പൂരത്തിനായി പ്രത്യേക ഉത്തരവ് പുറത്തിക്കിയത്. വാക്‌സിന്‍ ഒറ്റ ഡോസ് മതിയെന്ന നിര്‍ദേശം പിന്‍വലിച്ചാണ് പ്രത്യേക ഉത്തരവിറക്കിയത്. രണ്ടു ഡോസ് വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന വേണമെന്നും പൂരത്തിനായി പുറത്തിറക്കിയ പ്രത്യേക ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളത്.
അതേസമയം, പൂരത്തിന് കഴിഞ്ഞ ദിവസം കൊടിയേറി.തിരുവമ്പാടിയില്‍ ഇന്നലെ 11.45നും പാറമേക്കാവില്‍ 12നുമാണ് കൊടിയേറിയത്. 12.15നു പാറമേക്കാവ് ഭഗവതി ആറാട്ടിനായി വടക്കുന്നാഥനിലേക്ക് എഴുന്നള്ളി. പെരുവനം കുട്ടന്‍ മാരാരുടെ പാണ്ടിമേളത്തോടെയായിരുന്നു അഞ്ചാനപ്പുറത്ത് എഴുന്നള്ളിപ്പ്. തിരുവമ്പാടി ഭഗവതി 3 മണിയോടെ മഠത്തിലെ ആറാട്ടിനായി എഴുന്നള്ളിപ്പ്. 3.30നു നായ്ക്കനാലിലാണു മേളം. 23നാണ് പൂരം.