സീറ്റിന് കോഴ: ഹരിയാന കോണ്‍ഗ്രസില്‍ തമ്മിലടി; അഞ്ചുകോടിക്ക് സീറ്റ് വിറ്റെന്ന് അശോക് തന്‍വര്‍
നിയമസഭ തെരഞ്ഞെടുപ്പിന്റെ സീറ്റ് വിഭജനത്തില്‍ പ്രതിഷേധിച്ച് ഇവര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ വസതിക്ക് മുന്നില്‍ സമരം നടത്തുകയും ചെയ്തു.
ന്യൂഡല്‍ഹി: നിയമസഭ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ ഹരിയാന കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. പാര്‍ട്ടിയുടെ മുന്‍ സംസ്ഥാന അധ്യക്ഷനും മുതിര്‍ന്ന നേതാവുമായ അശോക് തന്‍വറും അനുയായികളുമാണ് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ പ്രതിഷേധവുമായി രംഗത്തുള്ളത്. നിയമസഭ തെരഞ്ഞെടുപ്പിന്റെ സീറ്റ് വിഭജനത്തില്‍ പ്രതിഷേധിച്ച് ഇവര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ വസതിക്ക് മുന്നില്‍ സമരം നടത്തുകയും ചെയ്തു.
അഞ്ചു കോടി രൂപയ്ക്ക് സൊഹ്ന നിയമസഭ സീറ്റ് വിറ്റെന്നും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പരക്കെ അപാകമുണ്ടെന്നും തന്‍വര്‍ ആരോപിച്ചു. വര്‍ഷങ്ങളായി പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തകരെ തെരഞ്ഞെടുപ്പില്‍ അവഗണിക്കുകയാണ് ചെയ്തതെന്ന് തന്‍വാര്‍ അനുകൂലികള്‍ ആരോപിച്ചു. കോണ്‍ഗ്രസിന് എതിരെ നേരത്തെ പ്രവര്‍ത്തിച്ചവര്‍ക്കാണ് സീറ്റുകള്‍ നല്‍കുന്നത്. സീനിയര്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് അടുപ്പക്കാര്‍ക്ക് സീറ്റുകള്‍ വില്‍ക്കുകയാണ്. റോബര്‍ട്ട് വദ്രയെ അനുകൂലിക്കുന്നവര്‍ക്കാണ് സീറ്റുകള്‍ വില്‍ക്കുന്നത്. ഗാന്ധി കുടുംബം പാദസേവകരെയാണ് പിന്തുണയ്ക്കുന്നതെന്നും തന്‍വാര്‍ അനുകൂലികള്‍ ആരോപിച്ചു.
പാര്‍ട്ടിക്കുവേണ്ടി വിയര്‍പ്പും രക്തവും ഒഴുക്കിയിട്ടും ഹരിയാണയിലെ കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടിയെ തകര്‍ത്തെന്ന് അശോക് തന്‍വര്‍ ആരോപിച്ചു. തങ്ങളെല്ലാം പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ്. പിന്നെ എന്തുകൊണ്ടാണ് അടുത്തിടെ പാര്‍ട്ടിയില്‍ ചേര്‍ന്നവര്‍ക്കും നേരത്തെ കോണ്‍ഗ്രസിനെ വിമര്‍ശിച്ചവര്‍ക്കും തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയതെന്നും അദ്ദേഹം ചോദിച്ചു. ഇപ്പോള്‍ ബിജെപിയിലുള്ള 14 എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍നിന്ന് പോയവരാണ്. അവരുടെ ഏഴ് എംപിമാരും കോണ്‍ഗ്രസ് പശ്ചാത്തലമുള്ളവരാണ്. മൂന്നുമാസത്തിനിടെ ആറുതവണ തന്നെ ബിജെപിയിലേക്ക് ക്ഷണിച്ചെങ്കിലും താന്‍ പോയില്ല. ഇനി പോവുകയുമില്ല-തന്‍വര്‍ വ്യക്തമാക്കി.
ഹരിയാനയിലെ 90 അംഗ അസംബ്ലിയില്‍ 50 സീറ്റുകളില്‍ കോണ്‍ഗ്രസ് മല്‍സരിക്കാനാണ് ധാരണ. ഇതില്‍ 40 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളുടെ പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഥാനാര്‍ത്ഥിത്വത്തിന് പരിഗണിക്കാന്‍ പിസിസി അധ്യക്ഷ കുമാരി ഷെല്‍ജ പ്രത്യേകം അപേക്ഷകള്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ 1200 ഓളം അപേക്ഷകളാണ് ലഭിച്ചതെന്ന് കോണ്‍ഗ്രസ് നേതൃത്വം സൂചിപ്പിച്ചു.
ഹരിയാനയിലെ ഗ്രൂപ്പ് വഴക്ക് മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അടുത്തിടെയാണ് അശോക് തന്‍വറിനെ പിസിസി അധ്യക്ഷപദവിയില്‍ നിന്നും സോണിയ ഗാന്ധി മാറ്റിയത്. തുടര്‍ന്ന് കുമാരി ഷെല്‍ജയെ നിയമിക്കുകയായിരുന്നു.