തിരൂര്‍ ബസ് സ്റ്റാന്റിലെ കൊല: മൂന്ന് തമിഴ്‌നാട് സ്വദേശികള്‍ കസ്റ്റഡിയില്‍
മലപ്പുറം: തിരൂര്‍ ബസ് സ്റ്റാന്റില്‍ കൊലക്കേസ് പ്രതി തിരൂര്‍ പറവണ്ണ സ്വദേശി പള്ളാത്ത് ആദം(43) കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്ന് തമിഴ്‌നാട് സ്വദേശികള്‍ കസ്റ്റഡിയില്‍. സമീപത്തെ സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെന്ന് സംശയിക്കുന്നവരിലേക്ക് അന്വേഷണം എത്തിയത്. ബസ് സ്റ്റാന്റിലെ കടയ്ക്കു മുന്നില്‍ തിങ്കളാഴ്ച രാവിലെയാണ് ആദമിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കല്ല് ഉപയോഗിച്ച് ഇടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം. കൊലപാതകം നടത്തിയ ശേഷം മാര്‍ക്കറ്റ് വഴി റെയില്‍വേ സ്‌റ്റേഷനിലെത്തിയ പ്രതികള്‍ ട്രെയിനില്‍ നാട്ടിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചു. മൂന്നുപേരെയും പോലിസ് ചോദ്യം ചെയ്തു വരികയാണ്. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് നിഗമനം. 2018 ല്‍ പറവണ്ണ പുത്തങ്ങാടി സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ കളരിക്കല്‍ യാസീനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ആദം. ഈ കേസില്‍ ജയിലില്‍ കിടന്ന് പുറത്തിറങ്ങിയ ആദം നിരവധി സംഘട്ടന, ലഹരി കേസുകളില്‍ പ്രതിയാണ്. ട്രിപ്പ് പോവാന്‍ വിസമ്മതിച്ചതിനാണ് യാസീനെ കൊലപ്പെടുത്തിയത്.