തൃണമൂല്‍ പ്രതിനിധി സംഘം ഹാഥ്‌റസില്‍ പ്രവേശിക്കുന്നത് തടഞ്ഞ് യുപി പോലിസ്
തൃണമൂല്‍ എംപിമാരായ ഡെറക് ഓബ്രിയന്‍, കകോലി ഘോഷ് ദാസ്തിദാര്‍, പ്രതിമ മൊണ്ടാല്‍ഹാവ് എന്നിവരടങ്ങുന്ന സംഘത്തെയാണ് പോലിസ് തടഞ്ഞത്.
ലക്‌നോ: യുപിയിലെ ഹാഥ്‌റസില്‍ ക്രൂരപീഡനങ്ങള്‍ക്കിരയായി കൊല്ലപ്പെട്ട 19കാരിയായ ദലിത് പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിനിധി സംഘത്തെ തടഞ്ഞ് ഉത്തര്‍പ്രദേശ് പോലിസ്. തൃണമൂല്‍ എംപിമാരായ ഡെറക് ഓബ്രിയന്‍, കകോലി ഘോഷ് ദാസ്തിദാര്‍, പ്രതിമ മൊണ്ടാല്‍ഹാവ് എന്നിവരടങ്ങുന്ന സംഘത്തെയാണ് പോലിസ് തടഞ്ഞത്. ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന പെണ്‍കുട്ടി ചൊവ്വാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്.
പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനും അനുശോചനം അറിയിക്കാനുമായി ഡല്‍ഹിയില്‍നിന്ന് 200 കി.മീറ്ററോളം സഞ്ചരിച്ചാണ് പ്രതിനിധി സംഘം ഹാഥ്‌റസിലെത്തിയത്. പോലിസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ മാറ്റി മുന്നോട്ട് നീങ്ങാന്‍ ശ്രമിച്ച സംഘത്തെ പോലിസ് ബലമായി തടയുകയായിരുന്നു. വനിതാ എംപിമാര്‍ ഉള്‍പ്പെടെയുള്ളവരെ പുരുഷ പോലിസ് കയ്യേറ്റം ചെയ്യുകയും ബലമായി തടയുകയും ചെയ്തു.
കഴിഞ്ഞ ദിവസം കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ പോകുന്നതിനിടെ രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും യുപി പോലിസ് യമുനാ എക്‌സ്പ്രസില്‍ തടഞ്ഞിരുന്നു.