ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തി ബിജെപിയില്‍ ചേര്‍ന്നു

ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് മിഥുന്റെ ബിജെപി പാളയത്തിലെത്തിയിരിക്കുന്നത്. ബ്രിഗേഡ് പരേഡ് മൈതാനത്ത് ചേര്‍ന്ന ബിജെപി പൊതുസമ്മേളനത്തിലാണ് മിഥുന്‍ ചക്രവര്‍ത്തി ബിജെപി അംഗത്വം സ്വീകരിച്ചത്.

Update: 2021-03-07 09:17 GMT

കൊല്‍ക്കത്ത: ബോളിവുഡ് നടനും തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാ എംപിയുമായിരുന്ന മിഥുന്‍ ചക്രവര്‍ത്തി ബിജെപിയില്‍ ചേര്‍ന്നു. ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് മിഥുന്റെ ബിജെപി പാളയത്തിലെത്തിയിരിക്കുന്നത്. ബ്രിഗേഡ് പരേഡ് മൈതാനത്ത് ചേര്‍ന്ന ബിജെപി പൊതുസമ്മേളനത്തിലാണ് മിഥുന്‍ ചക്രവര്‍ത്തി ബിജെപി അംഗത്വം സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യാനിരിക്കുന്ന ബ്രിഗേഡ് പരേഡ് മൈതാനത്തെ മെഗാറാലിയില്‍ ബിജെപി നേതാക്കളായ കൈലാഷ് വിജയവര്‍ഗിയ, സുവേന്ദു അധികാരി, ദിലീപ് ഘോഷ്, മുകുള്‍ റോയ്, രൂപ ഗാംഗുലി എന്നിവരാണ് മിഥുന്‍ ചക്രവര്‍ത്തിയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത്.

നേരത്തെ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്, ബിജെപി ജനറല്‍ സെക്രട്ടറി കൈലാശ് വിജയവര്‍ഗിയ എന്നിവരുമായി മിഥുന്‍ ചക്രവര്‍ത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. ബെല്‍ഗാചിയയിലെ മിഥുന്റെ വസതിയിലാണ് ഇരുവരും ചര്‍ച്ച നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന റാലിയില്‍ മിഥുന്‍ ചക്രവര്‍ത്തി എത്തുമെന്ന് ചര്‍ച്ചയ്ക്കുശേഷം വിജയവര്‍ഗിയ പറഞ്ഞിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് എംപിയായിരുന്നു മിഥുന്‍ ചക്രവര്‍ത്തി. ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ ആരോപണവിധേയനായതിനെ തുടര്‍ന്ന് നാലുവര്‍ഷമായി സജീവരാഷ്ട്രിയത്തില്‍നിന്നും മാറിനില്‍ക്കുകയാണ് അദ്ദേഹം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അദ്ദേഹത്തെ ചോദ്യംചെയ്തിരുന്നു.

സജീവ ഇടതുപക്ഷ രാഷ്ട്രീയക്കാരനായിരുന്ന അദ്ദേഹം പിന്നീട് തൃണമൂലില്‍ ചേര്‍ന്നെങ്കിലും ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം രാജിവച്ചു. വര്‍ഷങ്ങളായി രാഷ്ട്രീയവലയത്തില്‍നിന്ന് വിട്ടുനിന്ന ശേഷം 2021 ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് മിഥുന്‍ ചക്രവര്‍ത്തി ബിജെപിയിലെത്തിയിരിക്കുന്നത്. പ്രധാനമന്ത്രി മോദിക്ക് പിന്തുണ നല്‍കുമെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബിജെപിയെ പിന്തുണയ്ക്കുമെന്നും മിഥുന്‍ ചക്രവര്‍ത്തി വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് കൈലാഷ് വിജയവര്‍ഗിയ ഇന്ത്യ ടുഡേ ടിവിയോട് പറഞ്ഞു.

Tags:    

Similar News