ബംഗാള്‍ തിരഞ്ഞെടുപ്പ് റാലിയിലെ വിവാദപ്രസംഗം; ബിജെപി നേതാവ് മിഥുന്‍ ചക്രബര്‍ത്തിയെ കൊല്‍ക്കത്ത പോലിസ് ചോദ്യം ചെയ്തു

തനിക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മിഥുന്‍ ചക്രബര്‍ത്തി കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, നടനെ ചോദ്യം ചെയ്യാന്‍ കോടതി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കോടതി നിര്‍ദേശം നല്‍കുകയാണ് ചെയ്തത്.

Update: 2021-06-16 06:34 GMT

ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണറാലിയില്‍ നടത്തിയ വിവാദപ്രസംഗവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ നടനും ബിജെപി നേതാവുമായ മിഥുന്‍ ചക്രബര്‍ത്തിയെ കൊല്‍ക്കത്ത പോലിസ് ചോദ്യം ചെയ്തു. തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്ന് രാജിവച്ച മിഥുന്‍ ചക്രബര്‍ത്തി ഏപ്രില്‍- മെയ് മാസങ്ങളിലായി നടന്ന ബംഗാള്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്റ്റാര്‍ കാംപയിനര്‍മാരില്‍ ഒരാളായിരുന്നു. ബംഗാളില്‍ വോട്ടെടുപ്പിന് ശേഷമുണ്ടായ അക്രമങ്ങളില്‍ മിഥുന്‍ ചക്രബര്‍ത്തിയുടെ പ്രസംഗത്തിന് പങ്കുണ്ടെന്ന് പരാതിയില്‍ ആരോപിക്കുന്നു.

തനിക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മിഥുന്‍ ചക്രബര്‍ത്തി കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, നടനെ ചോദ്യം ചെയ്യാന്‍ കോടതി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കോടതി നിര്‍ദേശം നല്‍കുകയാണ് ചെയ്തത്. തന്റെ പ്രസംഗത്തില്‍ സിനിമയിലെ ഡയലോഗുകള്‍ മാത്രമാണ് പറഞ്ഞിട്ടുള്ളതെന്നും അത് അക്ഷരാര്‍ഥത്തില്‍ അക്രമം ഉദ്ദേശിച്ചിട്ടില്ലെന്നുമായിരുന്നു താരത്തിന്റെ വാദം. തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ നടത്തിയ റാലികളിലാണ് തന്റെ സിനിമയിലെ മാസ് ഡയലോഗുകള്‍ മിഥുന്‍ ചക്രബര്‍ത്തി ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്.

''ഞാന്‍ നിന്നെ ഇവിടെ നിന്നും ഇടിച്ചാല്‍ നിന്റെ ബോഡി സെമിത്തേരിയിലെത്തും'', എന്നെ കണ്ട് വിഷമില്ലാത്ത സര്‍പ്പമാണെന്ന് കരുതേണ്ട, ഞാനൊരു മൂര്‍ഖനാണ്, ഒരൊറ്റ കുത്തില്‍ നിങ്ങള്‍ പടമാവും'' തുടങ്ങിയ തന്റെ സൂപ്പര്‍ ഹിറ്റ് ഡയലോഗുകള്‍ സദസ്സില്‍ അവതരിപ്പിച്ചാണ് ചക്രബര്‍ത്തി ബിജെപി പ്രവര്‍ത്തകരുടെ കൈയടി നേടിയത്. ഫെബ്രുവരി 16ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് മുംബൈയിലുള്ള ചക്രബര്‍ത്തിയുടെ വീട് സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ നടന്‍ ബിജെപിയില്‍ ചേരുമെന്ന് പ്രചാരണമുണ്ടായിരുന്നു. ശാരദാ ചിട്ടി കേസില്‍ ഉള്‍പ്പെട്ടാണ് ചക്രബര്‍ത്തി തൃണമൂലില്‍നിന്നും രാജിവച്ചത്. തുടര്‍ന്ന് ഇദ്ദേഹത്തെ ഇഡി ചോദ്യം ചെയ്തിരുന്നു.

Tags:    

Similar News