അന്തരിച്ച ഗായകന്‍ കെ കെയുടെ മുഖത്തും തലയിലും മുറിവുകള്‍; വിശദമായ അന്വേഷണത്തിനൊരുങ്ങി പോലിസ്

Update: 2022-06-01 13:07 GMT

കൊല്‍ക്കത്ത: അന്തരിച്ച ബോളിവുഡ് ഗായകന്‍ കെ കെയുടെ മുഖത്തും തലയിലും മുറിവേറ്റ പാടുകളുണ്ടായിരുന്നുവെന്ന് പോലിസ്. പോലിസിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ ആണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. പരിപാടി നടന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ പോലിസ് തീരുമാനിച്ചിട്ടുണ്ട്. ഹോട്ടല്‍ ജീവനക്കാരെയും സംഗീത പരിപാടിയുടെ സംഘാടകരെയും ചോദ്യം ചെയ്യും. അതേസമയം, കെ കെയുടെ മരണത്തില്‍ പോലിസ് കേസെടുത്തു.

അസ്വഭാവിക മരണത്തിന് കോല്‍ക്കത്ത ന്യൂ മാര്‍ക്കറ്റ് പോലിസാണ് കേസെടുത്തത്. മൃതദേഹം കൊല്‍ക്കത്തയിലെ എസ്എസ്‌കെഎം ആശുപത്രിയിലാണ് പോസ്റ്റുമോര്‍ട്ടം ചെയ്തത്. ചൊവ്വാഴ്ച കൊല്‍ക്കത്തയിലെ നസ്‌റുള്‍ മഞ്ചില്‍ നടന്ന സംഗീത പരിപാടി അവതരിപ്പിച്ച് വേദിവിട്ട ശേഷമായിരുന്നു കെകെയുടെ മരണം. സംഗീത പരിപാടിക്കിടെ അസ്വസ്ഥത അനുഭവപ്പെട്ട അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ കൊല്‍ക്കത്ത സിഎംആര്‍ഐ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ബോളിവുഡ് ഹിറ്റുകളിലൂടെ ആസ്വാദകരുടെ മനംകവര്‍ന്ന മലയാളി ഗായകനാണ് കെ കെ എന്ന കൃഷ്ണകുമാര്‍ കുന്നത്ത് (53). ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, മറാത്തി, ബംഗാളി തുടങ്ങിയ ഭാഷകളില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ദേവദാസിലെ (2002) ഡോല രെ ഡോല, ഓം ശാന്തി ഓമിലെ (2007) ആംഖോം മേം തേരി, ബച്ച്‌നാ ഏ ഹസീനോയിലെ (2009) ഖുദാ ജാനേ, ഹാപ്പി ന്യൂ ഇയറിലെ (2014) ഇന്ത്യ വാലേ തുടങ്ങിയവ അദ്ദേഹം പാടിയ ശ്രദ്ധേയമായ ഗാനങ്ങളാണ്.

Tags:    

Similar News