മിഥുന്‍ ചക്രവര്‍ത്തിയെ മല്‍സരിപ്പിക്കാനൊരുങ്ങി ബംഗാള്‍ ബിജെപി ഘടകം

Update: 2021-03-12 14:28 GMT

സിലിഗുരി: പ്രശസ്ത ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തി ബിജെപി സ്ഥാനാര്‍ത്ഥിയായേക്കും. ബിജെപി നേതാവ് കൈലാഷ് വിജയ്‌വര്‍ഗിയയാണ് അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് നടന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. മിഥുന്‍ ചക്രവര്‍ത്തിക്ക് ടിക്കറ്റ് ലഭിക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു.

''മിഥുന് മല്‍സരിക്കാന്‍ താല്‍പ്പര്യമുണ്ട്. പാര്‍ട്ടി അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഉദ്ദേശിക്കുന്നു''- കൈലാഷ് വിജയ് വര്‍ഗിയ പറഞ്ഞു. മാര്‍ച്ച് 7ാം തിയ്യതി മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണറാലിയില്‍ വച്ചാണ് മിഥുന്‍ ചക്രവര്‍ത്തി ബിജെപി അംഗത്വം സ്വീകരിച്ചത്.

മോദിയുമായി വേദി പങ്കിട്ടതോടെ തന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമായെന്ന് മിഥുന്‍ വേദിയിലിരുത്തി പ്രസംഗിച്ചത് ദേശീയ മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കിയിരുന്നു. ഇതിനിടയില്‍ മിഥുന് കേന്ദ്ര സര്‍ക്കാര്‍ വൈ പ്ലസ് കാറ്റഗറി സുരക്ഷ ഒരുക്കിയിട്ടുണ്ട്. സിഐഎസ്എഫിനാണ് സുരക്ഷാച്ചുമതല.

ബംഗാള്‍ തിരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാന പ്രചാരണമുഖമായി മിഥുന്‍ ചക്രവര്‍ത്തിയെയാണ് തീരുമാനിച്ചിരുന്നത്.

70 വയസ്സുള്ള മിഥുന്‍ രണ്ട് വര്‍ഷത്തോളം തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ രാജ്യസഭാ അംഗമായിരുന്നു. ശാരദ കേസില്‍ അദ്ദേഹത്തിന്റെ പേര് പുറത്തുവന്ന സാഹചര്യത്തില്‍ മിഥുന്‍ 2016ല്‍ സ്ഥാനം രാജിവയ്ക്കുകയായിരുന്നു.

Tags:    

Similar News