ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ്; ബിജെപി സ്ഥാനാര്‍ഥികളുടെ അന്തിമപട്ടികയില്‍നിന്ന് മിഥുന്‍ ചക്രവര്‍ത്തി പുറത്ത്

റാഷ്‌ബെഹാരി മണ്ഡലത്തില്‍നിന്നും അദ്ദേഹം മല്‍സരിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, കശ്മീരില്‍ നിര്‍ണായക തീരുമാനങ്ങളെടുക്കുന്ന സമയത്ത് ചുമതല വഹിച്ചിരുന്ന വിരമിച്ച ലഫ്റ്റനന്റ് ജനറല്‍ സുബ്രതാ സാഹയാണ് റാഷ്‌ബെഹാരിയില്‍ ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്നത്.

Update: 2021-03-23 10:38 GMT

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ഥികളുടെ അന്തിമപട്ടികയില്‍ നടന്‍ മിഥുന്‍ ചക്രവര്‍ത്തിയുടെ പേരില്ല. റാഷ്‌ബെഹാരി മണ്ഡലത്തില്‍നിന്നും അദ്ദേഹം മല്‍സരിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, കശ്മീരില്‍ നിര്‍ണായക തീരുമാനങ്ങളെടുക്കുന്ന സമയത്ത് ചുമതല വഹിച്ചിരുന്ന വിരമിച്ച ലഫ്റ്റനന്റ് ജനറല്‍ സുബ്രതാ സാഹയാണ് റാഷ്‌ബെഹാരിയില്‍ ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്നത്.

13 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്. മാര്‍ച്ച് ഏഴിന് കോല്‍ക്കത്തയിലെ ബിജെപിയുടെ മെഗാ ബ്രിഗേഡ് പരേഡ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം വേദി പങ്കിട്ടപ്പോള്‍ മുതല്‍ മിഥുന്‍ ചക്രവര്‍ത്തിയുടെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് ഏറെ ചര്‍ച്ചയുണ്ടായിരുന്നു. പ്രചാരണപരിപാടിക്കെത്തിയവരെ ആവേശംകൊള്ളിക്കുന്ന തരത്തിലുള്ള പ്രസംഗമാണ് അദ്ദേഹം അന്ന് നടത്തിയത്.

ഞാന്‍ നിരുപദ്രവകാരിയായ ജലപാമ്പോ നിരുപദ്രവകാരിയായ മരുഭൂമിയിലെ പാമ്പോ അല്ല. ഞാന്‍ ശുദ്ധമായ ഒരു സര്‍പ്പമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമായ അദ്ദേഹം, തന്റെ വോട്ട് മുംബൈയില്‍നിന്ന് കൊല്‍ക്കത്തയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. സുവേന്ദു അധികാരി മല്‍സരിക്കുന്ന നന്ദിഗ്രാം മണ്ഡലത്തില്‍ മാര്‍ച്ച് 30ന് നടക്കുന്ന പ്രചാരണ റാലിയില്‍ മിഥുന്‍ ചക്രവര്‍ത്തി പങ്കെടുക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും എത്തുന്നുണ്ട്.

Tags:    

Similar News