പ്രഫ. എം ടി ഹാനിബാബുവിന് ശിഷ്യരുടെ ഐക്യദാര്‍ഢ്യം; പിറന്നാള്‍ ദിനത്തില്‍ കത്തുകളിലൂടെ ആശംസ അറിയിച്ച് വിദ്യാര്‍ഥികള്‍
അദ്ദേഹത്തിന്റെ 54ാം പിറന്നാള്‍ ദിനമായ ഇന്നലെ നൂറു കണക്കിന് വിദ്യാര്‍ഥികളാണ് തങ്ങളുടെ വ്യക്തിപരമായ അനുഭവങ്ങള്‍ വിവരിച്ചും അദ്ദേഹത്തിന്റെ സൗമ്യതയും അനുകമ്പയും ഉയര്‍ത്തിക്കാട്ടിയും കത്തുകളയച്ചത്.
ന്യൂഡല്‍ഹി: ഭീമ കൊറേഗാവ് കേസില്‍ എന്‍ഐഎ കസ്റ്റഡിയില്‍ കഴിയുന്ന പ്രഫസര്‍ എം ടി ഹാനിബാബുവിന് ശിഷ്യരുടെ ഐക്യദാര്‍ഢ്യം. അദ്ദേഹത്തിന്റെ 54ാം പിറന്നാള്‍ ദിനമായ ഇന്നലെ നൂറു കണക്കിന് വിദ്യാര്‍ഥികളാണ് തങ്ങളുടെ വ്യക്തിപരമായ അനുഭവങ്ങള്‍ വിവരിച്ചും അദ്ദേഹത്തിന്റെ സൗമ്യതയും അനുകമ്പയും ഉയര്‍ത്തിക്കാട്ടിയും കത്തുകളയച്ചത്.
പ്രഫ. ഹാനിബാബുവിന്റെ നിലവിലുള്ളതും മുന്‍കഴിഞ്ഞുപോയതുമായ വിദ്യാര്‍ഥികള്‍ അടങ്ങുന്ന കൂട്ടായ്മയാണ് അദ്ദേഹത്തിന്റെ ജന്മദിനമായ ആഗസ്ത് 16ന് തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കത്തുകളയക്കാന്‍ ആഹ്വാനം ചെയ്തത്. 250ല്‍ അധികം വിദ്യാര്‍ഥികളാണ് തങ്ങളുടെ പ്രിയങ്കരനായ അധ്യാപകന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ആശംസകള്‍ നേര്‍ന്നും കത്തയച്ചത്.
ഭീമ കൊറേഗാവ് എല്‍ഗര്‍ പരിഷത്ത് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂലൈ 28നാണ് ഡല്‍ഹി സര്‍വകലാശാല ഇംഗ്ലീഷ് വിഭാഗം അസോസിയേറ്റ് പ്രഫസറായ എം ടി ഹാനിബാബുവിനെ എന്‍ഐഎ അറസ്റ്റ് ചെയ്തത്.
പ്രഫസര്‍ ഹാനി ബാബുവിന്റെ ശിഷ്യരായ തങ്ങള്‍ ഏറെ ക്ഷുഭിതരാണ്. ഇത് രാജ്യത്തിന് ദുഖകരമായ ദിവസമായിരിക്കണം. മിടുക്കനായ വിദ്യാഭ്യാസ വിചക്ഷണനും ധാര്‍മ്മികമായി നേരുള്ളവനും നിരപരാധിയുമായ ഒരാള്‍ ഈ ദിവസം കസ്റ്റഡിയില്‍ കഴിയുന്നുവെന്നത് വിദ്യാര്‍ത്ഥിയായിരുന്ന എല്ലാവരേയും ആശങ്കപ്പെടുത്തേണ്ടതാണെന്നും അവര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഹാനിബാബുവിനെ ഉടന്‍ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട കൂട്ടായ്മ അക്കാദമിക് ഇടങ്ങളില്‍ വിയോജിപ്പിന്റെ ശബ്ദങ്ങള്‍ അടിച്ചമര്‍ത്തുന്ന ഭരണകൂടത്തിന്റെ ഈ നടപടി ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കെട്ടുറപ്പിനെ ഭീഷണിപ്പെടുത്തുന്നതാണെന്നും കുറ്റപ്പെടുത്തി.
സാമൂഹിക നീതിക്കുവേണ്ടി ശക്തമായി വാദിക്കുകയും ജാതി വിരുദ്ധ പ്രസ്ഥാനത്തില്‍ ശക്തമായി നിലകൊള്ളുകയും ചെയ്ത വ്യക്തിത്വമാണ് ഹാനിബാബു. ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് ആക്റ്റീവിസ്റ്റുകളും പണ്ഡിതന്‍മാരുമായ 11 പേരെ ഇതുവരെഅറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഒന്‍പത് പേര്‍ രണ്ടുവര്‍ഷമായി ജയിലില്‍ കഴിയുകയാണെന്നു വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടി.
കാംപസില്‍ മികച്ച പഠനാന്തരീക്ഷം സൃഷ്ടിക്കാനുള്ള ബാബുവിന്റെ ശ്രമങ്ങള്‍, അദ്ദേഹത്തിന്റെ ക്ലാസുകളുടെ ജനപ്രിയത, അധ്യാപനത്തിലെ അര്‍പ്പണബോധം, വിദ്യാര്‍ത്ഥികളെ ദൈനംദിന പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഇടപെടലുകള്‍ തുടങ്ങിയ സ്മരിച്ചുകൊണ്ടുള്ളതാണ് വിദ്യാര്‍ഥികളുടെ കത്തുകളിലേറെയും