ഡല്‍ഹി സര്‍വകലാശാല പ്രഫസര്‍ ഹാനി ബാബുവിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു

ഭീമ കൊറേഗാവ് കേസില്‍ ചോദ്യം ചെയ്യലിന് വിളിപ്പിച്ച ശേഷം മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

Update: 2020-07-28 13:47 GMT

മുംബൈ: ഡല്‍ഹി സര്‍വകലാശാല മലയാളി അധ്യാപകനായ പ്രഫ. ഹാനി ബാബുവിനെ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) അറസ്റ്റ് ചെയ്തു. ഭീമ കൊറേഗാവ് കേസില്‍ ചോദ്യം ചെയ്യലിന് വിളിപ്പിച്ച ശേഷം മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

നേരത്തെ ഈ കേസില്‍ ഹാനി ബാബു അടക്കം മൂന്ന് പേര്‍ക്ക് എന്‍ഐഎ സമന്‍സ് അയച്ചിരുന്നു. എന്‍ഐഎയുടെ മുംബൈയിലെ ഓഫിസില്‍ വെച്ച് ജൂലൈ 23ന് ഹാനി ബാബുവിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ജൂലൈ 12നാണ് പ്രഫസര്‍ ഹാനി ബാബുവിനെ എന്‍ഐഎയെ മുംബൈയിലേക്ക് വിളിപ്പിച്ചത്.

2019 സെപ്റ്റംബറില്‍ പൂനെ പോലിസില്‍ നിന്നുള്ള 20 ഉദ്യോഗസ്ഥര്‍ ഹാനി ബാബുവിന്റെ നോയിഡയിലെ വീട്ടില്‍ തിരച്ചില്‍ നടത്തുകയും ലാപ്‌ടോപ്പും, മൊബൈല്‍ ഫോണും അടക്കം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുന്ന 12ാമത്തെ ആളാണ് ഹാനി ബാബു. സുധ ഭരദ്വാജ്, ഷോമ സെന്‍, സുരേന്ദ്ര ഗാഡ്‌ലിങ്, മഹേഷ് റൌത്, അരുണ്‍ ഫെരെയ്ര, സുധീര്‍ ധവാലെ, റോണ വില്‍സണ്‍, വെര്‍ണന്‍ ഗോണ്‍സാല്‍വ്‌സ്, വരവര റാവു, ആനന്ദ് തെല്‍തുംബ്ദെ, ഗൌതം നവലഖ എന്നിവരാണ് ഭീമ കൊറേഗാവ് കേസുമായി ഇത് വരെ അറസ്റ്റിലായവര്‍.

കേസുമായി ബന്ധപ്പെട്ട പുണെ പോലിസിന്റെ എഫ്‌ഐആറില്‍ ഹനി ബാബുവിന്റെ പേരില്ല. ജാതീയ വിവേചനത്തിന് എതിരെ പ്രവര്‍ത്തിക്കുന്ന ഹനി, മാവോവാദി ബന്ധമാരാപിക്കപ്പെട്ട് ജീവപര്യന്തം തടവില്‍ കഴിയുന്ന അംഗപരിമിതനായ ഡല്‍ഹി സര്‍വകലാശാല പ്രഫസര്‍ ജി എന്‍ സായിബാബക്ക് നീതി തേടുന്ന സമിതിയില്‍ അംഗവുമാണ്. 

Tags:    

Similar News