''ഇവിടെ പരിചരണമില്ല, എന്നെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റൂ''; യുപിയില്‍ മരിച്ച കൊവിഡ് രോഗിയുടെ വീഡിയോ പുറത്ത്
'ഇവിടെ വെള്ളത്തിന് യാതൊരു ക്രമീകരണവുമില്ല. എനിക്ക് വളരെ ബുട്ടിമുട്ടുന്നുണ്ട്. എന്നെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റൂ. ഇവിടെ യാതൊരുവിധ പരിചരണവോ ക്രമീകരണങ്ങളോ ഇല്ല. എല്ലായിടത്തും അശ്രദ്ധയാണ്' എന്നാണ് കൊവിഡ് രോഗി വീഡിയോയില്‍ പറയുന്നത്.
ലക്‌നോ: കൊവിഡിന്റെ തുടക്കം മുതല്‍ തന്നെ യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശിലെ വിവിധ ആശുപത്രികളിലെ അശ്രദ്ധയും അവഗണനയും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഇപ്പോഴിതാ കൊവിഡ് ബാധിച്ച് മരണപ്പെട്ട രോഗിയുടെ മരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പുള്ള വീഡിയോ സന്ദേശം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഝാന്‍സി നഗരത്തിലെ സര്‍ക്കാര്‍ ആശുപത്രിയിലെ കൊവിഡ് വാര്‍ഡില്‍നിന്നാണ് വീഡിയോ ചിത്രീകരിച്ചിട്ടുള്ളത്. ഓക്‌സിജന്‍ ലഭിക്കാന്‍ വേണ്ടി കഷ്ടപ്പെടുന്ന രോഗിയുടെ വസ്ത്രത്തില്‍ ചോരപ്പാടുകളും കാണുന്നുണ്ട്. 52 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ തിങ്കളാഴ്ചയാണ് ചിത്രീകരിച്ചതെന്നാണു നിഗമനം. ഇദ്ദേഹത്തിന്റെ മരണശേഷമാണ് വീഡിയോ പ്രചരിക്കുന്നത്.
'ഇവിടെ വെള്ളത്തിന് യാതൊരു ക്രമീകരണവുമില്ല. എനിക്ക് വളരെ ബുട്ടിമുട്ടുന്നുണ്ട്. എന്നെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റൂ. ഇവിടെ യാതൊരുവിധ പരിചരണവോ ക്രമീകരണങ്ങളോ ഇല്ല. എല്ലായിടത്തും അശ്രദ്ധയാണ്' എന്നാണ് കൊവിഡ് രോഗി വീഡിയോയില്‍ പറയുന്നത്. ഇക്കാര്യം പറയുമ്പോള്‍ കൊവിഡ് വാര്‍ഡ് കാണിക്കാന്‍ അദ്ദേഹം കാമറ നീക്കുകയും ചെയ്യുന്നുണ്ട്. യുപി തലസ്ഥാനമായ ലക്‌നോവില്‍നിന്ന് 300 കിലോമീറ്റര്‍ അകലെയുടെ ഝാന്‍സി ആശുപത്രിയിലെ കിടക്കയില്‍ നിന്നാണ് വീഡിയോ പിടിക്കുന്നതെന്നു വ്യക്തമാവുന്നുണ്ട്.
എന്നാല്‍ വീഡിയോ ക്ലിപ്പ് ചിത്രീകരിച്ച സമയവും അദ്ദേഹത്തിന്റെ മരണവും തമ്മിലുള്ള സമയ ദൂരം ഇതുവരെ വ്യക്തമായിട്ടില്ല. 'ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മകള്‍ക്കും കൊറോണ പോസിറ്റീവാണ്. അവരെ ഝാന്‍സിയിലെ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അവര്‍ക്ക് രോഗലക്ഷണങ്ങളൊന്നുമില്ലെന്ന് ചീഫ് മെഡിക്കല്‍ ഓഫിസര്‍ ജി കെ നിഗം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍, വീഡിയോ ക്ലിപ്പിലെ ആരോപണങ്ങളോട് അദ്ദേഹം പ്രതികരിച്ചില്ല. യുപിയിലെ സര്‍ക്കാര്‍ കൊവിഡ് കെയര്‍ സെന്ററുകളില്‍ കൊവിഡ് രോഗികളോട് മോശമായി പെരുമാറുന്നുവെന്ന ആരോപണത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഈ വീഡിയോ.
കഴിഞ്ഞ ദിവസം, 57 കാരനായ കൊവിഡ് രോഗിയെ പ്രയാഗ് രാജ് നഗരത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് കാണാതാവുകയും 24 മണിക്കൂറിനു ശേഷം ഞായറാഴ്ച വൈകീട്ട് മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ആശുപത്രിയില്‍ നിന്ന് 500 മീറ്റര്‍ അകലെയുള്ള കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹം ആശുപത്രിയില്‍നിന്നു പുറത്തുപോവുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ആശുപത്രി അധികൃതരുടെ അശ്രദ്ധയും ഉപദ്രവവും കാരണമാണ് അദ്ദേഹം രക്ഷപ്പെട്ടതെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. എന്നാല്‍, അധികൃതര്‍ ഇക്കാര്യം നിഷേധിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ടാണ് ഇദ്ദേഹത്തെ സ്വരൂപ് റാണി നെഹ്‌റു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ശനിയാഴ്ച രാവിലെ അദ്ദേഹം തന്നെ വിളിച്ചുവെന്ന് ചൂണ്ടിക്കാട്ടി കുടുംബം ഒരു ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടിരുന്നു. 'രാത്രി മുഴുവന്‍ എന്റെ തൊണ്ട വരണ്ടുപോയി. വെന്റിലേറ്റര്‍ കാരണം എനിക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടു. സഹായിക്കാന്‍ കുറച്ച് ആളുകളോട് പറയാന്‍ ഞാന്‍ ശ്രമിച്ചു, പക്ഷേ ആരും ശ്രദ്ധിച്ചില്ല,' എന്നാണ് ഇദ്ദേഹത്തിന്റെ കുടുംബം പുറത്തുവിട്ട ഓഡിയോ സംഭാഷണത്തില്‍ പറയുന്നതായി എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു.
"Total Negligence": UP Covid Patient Records Message Hours Before Death