സ്വകാര്യ റിസോര്‍ട്ടിലെ ലഹരി പാര്‍ട്ടി: ടിപി വധക്കേസ് പ്രതി കിര്‍മാണി മനോജ് അടക്കമുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തി

15 പേര്‍ക്കെതിരേ മയക്കുമരുന്ന് കേസും, ഒരാള്‍ക്കെതിരേ അബ്കാരി കേസുമാണ് എടുത്തിരിക്കുന്നത്

Update: 2022-01-11 07:51 GMT

കല്‍പറ്റ: പടിഞ്ഞാറത്തറയില്‍ റിസോര്‍ട്ട് കേന്ദ്രീകരിച്ച് നടന്ന ലഹരി പാര്‍ട്ടിയില്‍ അറസ്റ്റിലായ ടിപി വധക്കേസ് പ്രതി കിര്‍മാണി മനോജ് അടക്കമുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തി.15 പേര്‍ക്കെതിരേ മയക്കുമരുന്ന് കേസും, ഒരാള്‍ക്കെതിരേ അബ്കാരി കേസുമാണ് എടുത്തിരിക്കുന്നത്.

ടി പി വധക്കേസ് രണ്ടാം പ്രതിയും മാഹി സ്വദേശിയുമായ കിര്‍മാണി മനോജ് എന്ന വി പി മനോജ് കുമാര്‍ (48),കമ്പളക്കാട് ചെറുവനശ്ശേരി സി എ മുഹസിന്‍(27),മീനങ്ങാടി പടിക്കല്‍ പി ആര്‍ അഷ്‌കര്‍ അലി(26), പെരിന്തല്‍മണ്ണ പട്ടിക്കാട് ഒട്ടുപറമ്പില്‍ ഒ പി അജ്മല്‍(28),പാനൂര്‍ ആക്കോല്‍ മീത്തല്‍ എ എം സുധേഷ്(43),കമ്പളക്കാട് കളംപറമ്പില്‍ കെ എം ഫഹദ്(26) എന്നിവരടക്കം 16 പേരാണ് അറസ്റ്റിലായത്.

ലഹരിപ്പാര്‍ട്ടിക്കിടേ കിര്‍മാണി മനോജിനൊപ്പം വയനാട്ടില്‍ ഇന്നു പുലര്‍ച്ചെ പിടിയിലായവരെല്ലാം ക്രിമിനല്‍ക്കേസ് പ്രതികളും, ക്വട്ടേഷന്‍ സംഘാംഗങ്ങളുമാണ്. ഗോവ കേന്ദ്രീകരിച്ചുള്ള സംസ്ഥാനാന്തര മയക്കുമരുന്ന് ശൃംഘലയിലെ പ്രധാന കണ്ണികളാണ് മനോജിനൊപ്പം കസ്റ്റഡിയിലായ ചിലര്‍.

പടിഞ്ഞാറത്തറ പോലിസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പടിഞ്ഞാറത്തറ സില്‍വര്‍ വുഡ് റിസോര്‍ട്ടില്‍ നടന്ന റെയ്ഡിലാണ് ഇവര്‍ പിടിയിലായത്.ഗുണ്ടാ സംഘങ്ങളുമായി ബന്ധമുള്ള കമ്പളക്കാട് മുഹ്‌സിന്‍ എന്നയാളുടെ വിവാഹ വാര്‍ഷിക ആഘോഷത്തിനിടെയാണ് ലഹരിപ്പാര്‍ട്ടി അരങ്ങേറിയത്.ഭരണ കക്ഷിയുമായി അടുത്ത ബന്ധമുള്ളയാളാണ് മുഹ്‌സിനെന്നാണ് സൂചന.അതിമാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവും ഇവരില്‍ നിന്ന് കണ്ടെത്തി.

ടിപികേസില്‍ രണ്ടാം പ്രതിയായ കിര്‍മാണി ആര്‍എസ്എസ് പ്രവര്‍ത്തകനും തലശ്ശേരി ബാറിലെ അഭിഭാഷകനുമായ വത്സരാജക്കുറുപ്പിനെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്.2018ല്‍ പരോളില്‍ ഇറങ്ങിയായിരുന്നു വിവാഹം. കിര്‍മാണിയടക്കമുള്ള ടിപി കേസ് പ്രതികള്‍ക്ക് പിണറായി സര്‍ക്കാര്‍ ഉദാരമായി പരോള്‍ അധുവദിക്കുന്നതിന്റെ മറവില്‍ അവര്‍ നിരന്തരം കുറ്റകൃതങ്ങളില്‍ ഏര്‍പ്പെടുന്നു എന്ന ആക്ഷേപം ശക്തമായി നില നില്‍ക്കെയാണ് കിര്‍മാണി ഇപ്പോള്‍ ലഹരി പാര്‍ട്ടിക്കിടെ പിടിയിലായത്.

Tags:    

Similar News