വയനാട്ടില്‍ കിര്‍മാണി മനോജിന്റെ അറസ്റ്റ്; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
പി സി അബ്ദുല്ല
കല്‍പ്പറ്റ: ലഹരിപ്പാര്‍ട്ടിക്കിടെ ടി പി വധക്കേസ് രണ്ടാം പ്രതി കിര്‍മാണി മനോജിനൊപ്പം വയനാട്ടില്‍ ഇന്ന് പുലര്‍ച്ചെ പിടിയിലായവരെല്ലാം ക്രിമിനല്‍ കേസ് പ്രതികളും ക്വട്ടേഷന്‍ സംഘാംഗങ്ങളും. സംസ്ഥാനാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളാണ് മനോജിനൊപ്പം കസ്റ്റഡിയിലായതെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം, പിടിയിലായവരില്‍ കിര്‍മാണി മനോജ് ഉണ്ടെന്ന വാര്‍ത്ത പുറത്തുവന്നതോടെ പടിഞ്ഞാറേത്തറ പോലിസ് പ്രതിരോധത്തിലായി. ജില്ലാ പോലിസ് ചീഫ് നേരിട്ട് ഇടപെട്ടതോടെ പടിഞ്ഞാറെത്തറ പോലിസ് സംഭവത്തിന്റെ വിശദാംശങ്ങളൊന്നും മാധ്യമങ്ങളുമായി പങ്കുവയ്ക്കുന്നില്ല.
കിര്‍മാണി മനോജ് അടക്കം 16 പേരാണ് ലഹരി പാര്‍ട്ടിക്കിടെ ഇന്ന് പുലര്‍ച്ചയോടെ വയനാട്ടില്‍ പിടിയിലായത്. പടിഞ്ഞാറത്തറ പോലിസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പടിഞ്ഞാറത്തറ സില്‍വര്‍ വുഡ് റിസോര്‍ട്ടില്‍ നടന്ന റെയ്ഡിലാണ് ഇവര്‍ പിടിയിലായത്. ഗുണ്ടാ സംഘങ്ങളുമായി ബന്ധമുണ്ടെന്നു പറയപ്പെടുന്ന കമ്പളക്കാട് മുഹ്‌സിന്‍ എന്നയാളുടെ വിവാഹ വാര്‍ഷിക ആഘോഷത്തിനിടെയാണ് ലഹരിപ്പാര്‍ട്ടി അരങ്ങേറിയത്. ഭരണകക്ഷിയുമായി അടുത്ത ബന്ധമുള്ളയാളാണ് മുഹ്‌സിനെന്നാണ് സൂചന.
അതിമാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവും ഇവരില്‍നിന്ന് കണ്ടെത്തി. ടി പി കേസില്‍ രണ്ടാം പ്രതിയായ കിര്‍മാണി ആര്‍എസ്എസ് പ്രവര്‍ത്തകനും തലശ്ശേരി ബാറിലെ അഭിഭാഷകനുമായ വല്‍സരാജക്കുറുപ്പിനെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്. 2018ല്‍ പരോളില്‍ ഇറങ്ങിയായിരുന്നു വിവാഹം. കിര്‍മാണിയടക്കമുള്ള ടി പി കേസ് പ്രതികള്‍ക്ക് പിണറായി സര്‍ക്കാര്‍ ഉദാരമായി പരോള്‍ അനുവദിക്കുന്നതിന്റെ മറവില്‍ അവര്‍ നിരന്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നുവെന്ന ആക്ഷേപം ശക്തമായി നിലനില്‍ക്കെയാണ് കിര്‍മാണി ഇപ്പോള്‍ ലഹരി പാര്‍ട്ടിക്കിടെ പിടിയിലായിരിക്കുന്നത്.