യുപിയില്‍ 20ലധികം കര്‍ഷകരുമായി ട്രാക്ടര്‍- ട്രോളി നദിയില്‍ വീണു

Update: 2022-08-27 12:00 GMT

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലയില്‍ 20ലധികം കര്‍ഷകരുമായി പോയ ട്രാക്ടര്‍- ട്രോളി നദിയില്‍ വീണു. 13 പേര്‍ നീന്തി പുറത്തുവന്നു. എന്നാല്‍, ബാക്കിയുള്ളവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. ആറുപേര്‍ കൂടി വെള്ളത്തില്‍ അകപ്പെട്ടിട്ടുണ്ടെന്ന് രക്ഷപ്പെട്ടവരാണ് പറഞ്ഞത്. ട്രാക്ടറില്‍ കുറഞ്ഞത് 20ലധികം ആളുകളെങ്കിലുമുണ്ടായിരുന്നതായാണ് വിവരമെന്ന് രക്ഷാപ്രവര്‍ത്തനം നിയന്ത്രിക്കുന്ന ജില്ലാ മജിസ്‌ട്രേറ്റ് അവിനാശ് കുമാര്‍ പറഞ്ഞു. കാണാതായവരുടെ എണ്ണം 10 കടന്നേക്കുമെന്നും റിപോര്‍ട്ടുകളുണ്ട്.


 കര്‍ഷകര്‍ തങ്ങളുടെ വെള്ളരി ഉല്‍പ്പന്നങ്ങള്‍ വിറ്റ് സമീപത്തെ മാണ്ടിയില്‍ നിന്ന് ഗ്രാമത്തിലേക്ക് മടങ്ങുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്. പാലി മേഖലയിലെ ഗരാ നദിയിലെ പാലത്തില്‍വച്ച് ട്രാക്ടറിന്റെ ചക്രങ്ങളിലൊന്ന് ഊരിവീഴുകയായിരുന്നു. ട്രാക്ടര്‍ തെന്നിമാറി യാത്രക്കാരുമായി വെള്ളത്തിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷി ശ്യാം സിങ് പറഞ്ഞു. തങ്ങള്‍ മുങ്ങല്‍ വിദഗ്ധരെ വിളിച്ചിട്ടുണ്ട്. വാഹനം കണ്ടെത്താനും പുറത്തെടുക്കാനും ഇതുവരെ സാധിച്ചിട്ടില്ല. ക്രെയിനുകള്‍ അതിനായി തയ്യാറാണ്- ഓഫിസര്‍ പറഞ്ഞു.

ഒഴുക്കില്‍പ്പെട്ടവരെ രക്ഷപ്പെടുത്തുന്നതിനായി പാലത്തിന് താഴെ വലകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ആളുകളെ രക്ഷപ്പെടുത്താന്‍ പോലിസിനൊപ്പം ഗ്രാമവാസികളും പങ്കാളുകളായിട്ടുണ്ട്. കര്‍ഷകരുടെ കുടുംബങ്ങളും അപകടവിവരമറിഞ്ഞെത്തി. പലരും പരിഭ്രാന്തരായി ഉറ്റവര്‍ക്കുവേണ്ടി നിലവിളിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. ജില്ലാ മജിസ്‌ട്രേറ്റ് അവിനാഷ് കുമാര്‍ സ്ഥലത്തെത്തി. തങ്ങള്‍ സംസ്ഥാന ദുരന്ത പ്രതികരണ സേനയെ വിളിച്ചിട്ടുണ്ട്. അവര്‍ ഉടനെത്തുമെന്നും ഓഫിസര്‍ പറഞ്ഞു.

Tags:    

Similar News