കണ്ണൂര്‍: എലത്തൂരില്‍ ഓടുന്ന ട്രെയിനില്‍ തീയിട്ടതിനെ തുടര്‍ന്ന് മരണപ്പെട്ട മട്ടന്നൂര്‍ പാലോട്ട് പള്ളി ബദരിയ മന്‍സില്‍ മാണിക്കോത്ത് റഹ്മത്ത്, കൊടോളിപ്രം കൊട്ടാരത്തില്‍ പുതിയപുരയില്‍ കെ പി നൗഫീഖ് എന്നിവരുടെ വീടുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നോടെടെ കണ്ണൂര്‍ വിമാനത്താവളത്തിലിറങ്ങിയ മുഖ്യമന്ത്രി റഹ്മത്തിന്റെ വീട്ടിലാണ് ആദ്യമെത്തിയത്. മുഖ്യമന്ത്രിയുടെ ഭാര്യ കമലയും കൂടെയുണ്ടായിരുന്നു. റഹ്മത്തിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മുഖ്യമന്ത്രി അവരില്‍ നിന്നു വിവരങ്ങളാരാഞ്ഞു. റഹ്മത്തിന്റെ ഭര്‍ത്താവ് ഷറഫുദ്ദീന്‍, മകന്‍ മുഹമ്മദ് റംഷാദ്, മാതാവ് ജമീല എന്നിവര്‍ മുഖ്യമന്ത്രിയുമായി സംസാരിച്ചു. നൗഫീഖിന്റെ കുടുംബാംഗങ്ങളേയും മുഖ്യമന്ത്രി ആശ്വസിപ്പിച്ചു.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ചുലക്ഷം രൂപ വീതം ധനസഹായം ഇരു കുടുംബങ്ങള്‍ക്കും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ കൈമാറി. മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ ഷാജിത്ത്, മുന്‍ എംഎല്‍എ എംവി ജയരാജന്‍, കളറോഡ് വാര്‍ഡ് കൗണ്‍സിലര്‍ പി പി അബ്ദുല്‍ ജലീല്‍, എഡിജിപി എം ആര്‍ അജിത് കുമാര്‍, കോഴിക്കോട് റേഞ്ച് ഐജി നീരജ് കെ ഗുപ്ത, കണ്ണൂര്‍ റേഞ്ച് ഡിഐജി പുട്ട വിമലാദിത്യ, സിറ്റി പോലിസ് കമ്മീഷണര്‍ അജിത് കുമാര്‍, എഡിഎം കെ കെ ദിവാകരന്‍, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.