ഇന്‍സ്റ്റഗ്രാം 'റീല്‍' ഷൂട്ടിനിടെ 17 കാരനെ ട്രെയിനിടിച്ചു (വീഡിയോ)

Update: 2022-09-05 05:34 GMT

ഹനംകൊണ്ട: കാസിപ്പേട്ട് റെയില്‍വേ സ്‌റ്റേഷനു സമീപമുള്ള വാഡേപ്പള്ളി ടാങ്കില്‍ റെയില്‍വേ ട്രാക്കില്‍ വീഡിയോ ചിത്രീകരിക്കുന്നതിനിടെ തീവണ്ടിയിടിച്ച് കൗമാരക്കാരന് ഗുരുതരമായി പരിക്കേറ്റു. നഗരത്തിലെ വാഡേപ്പള്ളി സ്വദേശിയായ ഇന്റര്‍മീഡിയറ്റ് ഒന്നാം വര്‍ഷ വിദ്യാര്‍ഥി രവീന്ദറിന്റെ മകന്‍ അക്ഷയ് രാജ് (17)നാണ് പരിക്കേറ്റത്.

ഗുരുതരമായി പരിക്കേറ്റ അക്ഷയ് രാജിനെ റെയില്‍വേ പോലിസ് ആംബുലന്‍സില്‍ സര്‍ക്കാര്‍ എംജിഎം ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് ബന്ധുക്കള്‍ അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കാലിന് പൊട്ടലുണ്ടായതായും മുഖത്ത് മുറിവേറ്റതായും ഡോക്ടര്‍മാര്‍ പറഞ്ഞു. ഇയാള്‍ അപകടനില തരണം ചെയ്തതായി പറയുന്നു.

ബല്‍ഹാര്‍ഷയില്‍ നിന്ന് വാറങ്കലിലേക്ക് വരികയായിരുന്ന ട്രെയിന്‍ ഇടിക്കുമ്പോള്‍ അക്ഷയ് തന്റെ രണ്ട് സുഹൃത്തുക്കളോടൊപ്പം മൊബൈല്‍ ആപ്പിനായി വീഡിയോ ചെയ്യുകയായിരുന്നുവെന്ന് കാസിപേട്ട് ഗവണ്‍മെന്റ് റെയില്‍വേ പോലീസ് പറഞ്ഞു. 'ട്രെയിന്‍ വരുമ്പോള്‍ അയാള്‍ ട്രാക്കിലൂടെ അടുത്ത് നടക്കുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ ട്രാക്കില്‍ ജോലി ചെയ്തിരുന്ന റെയില്‍വേ തൊഴിലാളികള്‍ പറഞ്ഞു.

'ട്രെയിനില്‍ നിന്ന് മാറാന്‍ അവന്റെ സുഹൃത്തുക്കളും തൊഴിലാളികളും മുന്നറിയിപ്പ് നല്‍കിയെങ്കിലും അവന്‍ അവരുടെ മുന്നറിയിപ്പുകള്‍ അവഗണിച്ചു,' തൊഴിലാളികള്‍ പറഞ്ഞു. അപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ റെയില്‍വേ ട്രാക്കുകളില്‍ വീഡിയോ എടുക്കരുതെന്ന് റെയില്‍വേ പോലിസ് യുവാക്കളോട് നിര്‍ദ്ദേശിക്കുന്നു. റെയില്‍വേ പോലിസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.

Tags:    

Similar News