കരിപ്പൂരില്‍ യാത്രക്കാരുടെ സ്വര്‍ണവും പണവും രേഖകളും നഷ്ടപ്പെടുന്നത് പതിവാകുന്നു
കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴിയെത്തുന്ന യാത്രക്കാരുടെ സ്വര്‍ണവും പണവും രേഖകളും നഷ്ടപ്പെടുന്നത് പതിവാകുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം മൂന്നുപേര്‍ക്കാണ് സ്വര്‍ണാഭരണങ്ങളും മറ്റും നഷ്ടപ്പെട്ടത്. ജിദ്ദയില്‍ നിന്നെത്തിയ മലപ്പുറം മമ്പാട് സ്വദേശിനി ഡോ. നസീഹ, ഉംറ തീര്‍ഥാടനം കഴിഞ്ഞെത്തിയ കോഴിക്കോട് നാദാപുരം സ്വദേശി അബൂബക്കര്‍, ദമ്മാമില്‍ നിന്ന് വരികയായിരുന്ന കണ്ണൂര്‍ പള്ളിപ്പറമ്പ് സ്വദേശിനി അനീസ എന്നിവരുടെ ബാഗേജില്‍ നിന്നാണ് വിലപിടിപ്പുള്ള സാധനങ്ങള്‍ നഷ്ടപ്പെട്ടത്. ഡോ. നസീഹയുടെ ബാഗേജില്‍ സൂക്ഷിച്ചിരുന്ന രണ്ട് പവന്‍ സ്വര്‍ണവും പതിനായിരം രൂപയുമാണ് നഷ്ടപ്പെട്ടത്. അബൂബക്കറിന്റെ ബാഗേജില്‍ നിന്ന് 5000 സൗദി റിയാല്‍, 1000 ഖത്തര്‍ റിയാല്‍, വാലറ്റില്‍ സൂക്ഷിച്ചിരുന്ന ഖത്തര്‍ ഐഡി കാര്‍ഡ്, ലൈസന്‍സ് തുടങ്ങിയ രേഖകളും നഷ്ടപ്പെട്ടതായി അബൂബക്കറിന്റെ മകന്‍ പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കണ്ണൂര്‍ പള്ളിപ്പറമ്പ് സ്വദേശിനി അനീസയുടെ ആറു പവനോളം വരുന്ന സ്വര്‍ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. ഇതുസംബന്ധിച്ച് കസ്റ്റംസിനും കരിപ്പൂര്‍ പോലിസിലും പരാതി നല്‍കി. സംഭവത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ചില പരാതികളില്‍ പോലിസ് സിസിടിവി പരിശോധിച്ചെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. ഇതുവഴി യാത്ര ചെയ്ത പലരുടെയും ലഗേജില്‍ നിന്ന് സ്വര്‍ണവും പണവും രേഖകളും നഷ്ടപ്പെടുന്നത് പതിവായി മാറിയിട്ടുണ്ടെന്ന ആരോപണം ശക്തമാണ്.