ഭണ്ഡാരം തുറന്ന് എണ്ണുന്നതിനിടെ പണം അടിച്ചുമാറ്റി; സിഐടിയു നേതാവായ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർക്ക് സസ്‌പെൻഷൻ

Update: 2024-03-27 06:19 GMT

കണ്ണൂര്‍: ഭണ്ഡാരം തുറന്ന് എണ്ണുന്നതിനിടെ പണം അപഹരിച്ചെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. കണ്ണൂര്‍ മയ്യില്‍ വേളം ഗണപതി ക്ഷേത്രത്തിലെ ഉദ്യോഗസ്ഥന്‍ മോഹന ചന്ദ്രനെതിരെയാണ് മലബാര്‍ ദേവസ്വം ബോര്‍ഡ് നടപടിയെടുത്തത്. സിഐടിയുവിന് കീഴിലുള്ള ദേവസ്വം എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗമാണ് മോഹന ചന്ദ്രന്‍.

മയ്യില്‍ വേളം ഗണപതി ക്ഷേത്ര ഭണ്ഡാരങ്ങള്‍ തുറന്ന് എണ്ണിയത് കഴിഞ്ഞ മാസം 22നാണ്. ഈ സമയത്ത് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ പണം അപഹരിച്ചെന്നാണ് പരാതി ഉയര്‍ന്നത്. മലബാര്‍ ദേവസ്വം ബോര്‍ഡ് അന്വേഷിച്ചു. കാസര്‍ഗോഡ് അസിസ്റ്റന്റ് കമ്മീഷണര്‍ക്കായിരുന്നു ചുമതല. അന്വേഷണത്തിലെ കണ്ടെത്തല്‍ ഇങ്ങനെ.എണ്ണുന്നതിനിടെ എക്‌സിക്യൂട്ടീവ് ഓഫീസര്‍ മോഹന ചന്ദ്രന്‍ പണം പാന്റിന്റെ കീശയിലേക്ക് ഇട്ടു.പാരമ്പര്യ ട്രാസ്റ്റിയും പണം എണ്ണുന്നതിനു മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥനും ഇക്കാര്യം ശരിവക്കുന്നു . ചെലവിനുള്ള പണമാണ് എടുത്തത് എന്നാണ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മറുപടി നല്‍കിയത്.

ക്ഷേത്രത്തിലേക്ക് പൊതുജനം നല്‍കുന്ന പണം സത്യസന്ധമായി കൈകാര്യം ചെയ്യേണ്ട ഉദ്യോഗസ്ഥന്‍ തന്നെ ക്ഷേത്രത്തിന് കളങ്കമുണ്ടാക്കുന്ന പ്രവൃത്തിയില്‍ ഏര്‍പ്പെട്ടു.മോഹന ചന്ദ്രനെതിരെ നടപടിക്കും ശുപാര്‍ശ ചെയ്തു. ഇതോടെയാണ് സസ്‌പെന്‍ഡ് ചെയ്ത് മലബാര്‍ ദേവസ്വം കമ്മീഷണറുടെ ഉത്തരവ്.ഈ മാസം ഇരുപതിനു സംഭവത്തില്‍ പാരമ്പര്യ ട്രസ്റ്റി ദേവസ്വം ബോര്‍ഡിന് പരാതി നല്‍കിയിരുന്നു.

ഓഫീസര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടു എണ്ണലിനു മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥനും റിപോര്‍ട്ട് സമര്‍പ്പിച്ചു.പണം അടിച്ചുമാറ്റിയതില്‍ ബോര്‍ഡ് കൂടുതല്‍ അന്വേഷണം നടത്തും. സിഐടിയുവിന് കീഴിലുള്ള ദേവസ്വം ജീവനക്കാരുടെ സംഘടന, മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്റെ സംസ്ഥാന കമ്മിറ്റി അംഗമാണ് മോഹന ചന്ദ്രന്‍. സംഘടനയുടെ തളിപ്പറമ്പ് ഏരിയ സെക്രട്ടറിയുമാണ്.എല്ലാ ഭാരവാഹിത്വത്തില്‍ നിന്നും മോഹന ചന്ദ്രനെ പുറത്താക്കിയെന്നു സംഘടന അറിയിച്ചു.

Tags:    

Similar News