അട്ടപ്പാടിയില്‍ വീണ്ടും ആദിവാസി ശിശു മരണം: മരണകാരണം വിളര്‍ച്ചയും വളര്‍ച്ച കുറവും
പോഷകാഹാരക്കുറവും ഗര്‍ഭകാലത്തെ പോഷക കുറവും മൂലം അട്ടപ്പാടിയില്‍ ശിശുമരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇത് ഏഴാമത്തെ ശിശു മരണമാണ് ഈയിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്
അഗളി: അട്ടപ്പാടിയില്‍ വീണ്ടും ആദിവാസി ശിശു മരണം.കോട്ടത്തറ ശോലയൂര്‍ കാടമ്പാറ മറ്റത്തക്കാട് തൂവ രാജേന്ദ്രന്‍-വള്ളി ദമ്പതികളുടെ ഒരുമാസം പ്രയമായ ആണ്‍ കുഞ്ഞാണ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് ഇന്ന് ഉച്ചയോടെ മരിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ 13 നാണ് വള്ളി വളര്‍ച്ചയെത്താതെ കുഞ്ഞിനെ പ്രസവിച്ചത്. തുടര്‍ന്ന് ന്യുമോണിയയും ശ്വാസകോശ പ്രശ്‌നങ്ങളും വിളര്‍ച്ചയും വളര്‍ച്ച കുറവും ലക്ഷണം കാണിച്ച കുഞ്ഞിനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. ഒരു മാസം നീണ്ട പരിശ്രമത്തിലും കുഞ്ഞിന്റെ ജീവന്‍ സംരക്ഷിക്കാനായില്ല. പോഷകാഹാരക്കുറവും ഗര്‍ഭകാലത്തെ പോഷക കുറവും മൂലം അട്ടപ്പാടിയില്‍ ശിശുമരണം റിപ്പോര്‍്ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇത് ഏഴാമത്തെ ശിശു മരണമാണ് ഈയിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. എട്ട് മാസത്തിനുള്ളില്‍ ഏഴു കുട്ടികളാണ് പോഷകാഹാരക്കുറവ് മൂലം മരണപ്പെട്ടത്. പോഷകാഹാരക്കുറവും പരിചരണമാല്ലായ്മയുമാണ് കുഞ്ഞുങ്ങളുടെ മരണത്തിന് ഹേതു.കഴിഞ്ഞ ദിവസം അട്ടപ്പാടി താവളത്ത് ആദിവാസി യുവതിയും ഗര്‍ഭസ്ഥ ശിശുവും മരണപ്പെട്ടിരുന്നു. യുവതിക്ക് ലഭിക്കേണ്ടിയിരുന്ന പോഷകാഹാരക്കുറവിനുള്ള ധനസഹായം ജൂണ്‍ മാസം മുതല്‍ ലഭിച്ചില്ലെന്ന് ഐടിഡിപി അഗളി പ്രൊജക്ട് ഓഫിസര്‍ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ആദിവാസി വിഭാഗത്തിലെ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കുള്ള പദ്ധതിയാണ് ജനനി ജന്മരക്ഷാ പദ്ധതി. സര്‍ക്കാര്‍ 2013ലാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്.
18 മാസം വരെ ഇത്തരത്തില്‍ സാമ്പത്തിക സഹായം നല്‍കാനായിരുന്നു ഉത്തരവ്. ഗര്‍ഭിണികളുടെയും അമ്മമാരുടെയും ആരോഗ്യ പരിരക്ഷ ലക്ഷ്യമിട്ട് അവര്‍ക്ക് സ്വന്തമായി പോഷകാഹാരം വാങ്ങിക്കഴിക്കാന്‍ പ്രതിമാസം സാമ്പത്തിക സഹായം നല്‍കുന്നതാണ് ജനനി ജന്മരക്ഷ. നിലവില്‍ വയനാട്, പാലക്കാട് ജില്ലകളില്‍ ചിലയിടങ്ങളില്‍ മാത്രമാണ് മൂന്നോ നാലോ മാസം കൂടുമ്പോള്‍ പണം കിട്ടുന്നത്. സംസ്ഥാനത്തെ പലയിടങ്ങളിലും ഒന്നര വര്‍ഷത്തിലേറയായി ഗുണഭോക്താക്കള്‍ക്ക് പണം ലഭിച്ചിട്ടില്ലെന്ന പരാതിയും നേരത്തെ ഉയര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ ഗര്‍ഭിണികളാകുന്നവരെ പദ്ധതിയില്‍ ഉള്‍പെടുത്താനുള്ള രജിസ്‌ട്രേഷന്‍ നടക്കുന്നില്ല. പദ്ധതിയുടെ പ്രാരംഭഘട്ടത്തില്‍ പ്രതിമാസ ധനസഹായം1,000 രൂപയാണ് നിശ്ചയിച്ചത്. അഞ്ചു വര്‍ഷത്തിന് ശേഷമാണ് തുക 2,000 രൂപയായി വര്‍ധിപ്പിച്ച് പട്ടികവര്‍ഗ വികസനവകുപ്പ് 2018 ജൂലൈ 23ന് ഉത്തരവിറക്കി.
ജനനി ജന്മരക്ഷ കൂടുതല്‍ ഫലപ്രദമായും കാര്യക്ഷമമായും നടപ്പാക്കാനുള്ള വ്യവസ്ഥകളും ഇടത് സര്‍ക്കാര്‍ പുതുതായി ആവിഷ്‌കരിച്ചുവെന്നാണ് അന്നത്തെ വകുപ്പ് മന്ത്രിയായിരുന്ന എ കെ ബാലന്‍ അവകാശപ്പെട്ടത്. അട്ടപ്പാടിയില്‍ മാത്രം ഓരോ വര്‍ഷവും കുറഞ്ഞത് 50 ലക്ഷത്തോളം രൂപ ഈ പദ്ധതിയിനത്തില്‍ ചെലവഴിക്കേണ്ടി വരുന്നുണ്ട്. 2019-20 ല്‍ ഇത് മുപ്പത് ലക്ഷമായിരുന്നു. എന്നാല്‍ 2021 ജൂണ്‍ മാസത്തോടെ ധനസഹായം നിര്‍ത്തലാക്കിയിരിക്കുകയാണ്. വിളര്‍ച്ചയും വളര്‍ച്ച ക്കുറവും മൂലം ആദിവാസികുട്ടികള്‍ മരിക്കുന്ന സംഭവം നിരവധിയാണ്. പലതും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നത് കൊണ്ട് കൃത്യമായ കണക്കുകള്‍ പുറത്ത് വരുന്നില്ലെന്നു മാത്രം.