ജാര്‍ഖണ്ഡില്‍ ക്രൈസ്തവ ആദിവാസി യുവാക്കളെ തല മൊട്ടയടിച്ച് ജയ് ശ്രീറാം വിളിപ്പിച്ചു;ആക്രമണം ഗോഹത്യ ആരോപിച്ച്

ജില്ലാ പഞ്ചായത്തംഗവും സാമൂഹ്യപ്രവര്‍ത്തകനുമായ നീല്‍ ജസ്റ്റിന്‍ ബെക്ക് കഴിഞ്ഞ ദിവസം മാധ്യമങ്ങളെ അറിയിച്ചതോടെയാണ് ഈ മാസം 16ന് നടന്ന സംഭവം പുറംലോകമറിഞ്ഞത്.

Update: 2020-09-26 15:38 GMT

റാഞ്ചി: പശുഹത്യ നടത്തിയെന്നാരോപിച്ച് ജാര്‍ഖണ്ഡില്‍ ക്രൈസ്തവ വിശ്വാസികളായ ഏഴു ആദിവാസി യുവാക്കളെ ഹിന്ദുത്വ സംഘം ക്രൂരമായി മര്‍ദ്ദിക്കുകയും തലമൊട്ടയടിച്ച് ജയ് ശ്രീരാം വിളിപ്പിക്കുകയും ചെയ്തതായി പരാതി. സിംദേഗയിലെ ഭരികുദാര്‍ ഗ്രാമത്തിലെ അംബേര ടോളിയിലാണ് മതവെറി പൂണ്ട ഹിന്ദുത്വ സംഘം അഴിഞ്ഞാടിയത്.

ജില്ലാ പഞ്ചായത്തംഗവും സാമൂഹ്യപ്രവര്‍ത്തകനുമായ നീല്‍ ജസ്റ്റിന്‍ ബെക്ക് കഴിഞ്ഞ ദിവസം മാധ്യമങ്ങളെ അറിയിച്ചതോടെയാണ് ഈ മാസം 16ന് നടന്ന സംഭവം പുറംലോകമറിഞ്ഞത്.

സംഭവത്തില്‍ പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എഫ്‌ഐആറില്‍ പേരുള്ള ഒമ്പത് പ്രതികളില്‍ നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ബാക്കിയുള്ളവരെ ഉടന്‍ പിടികൂടുമെന്നും സിംദേഗ ജില്ലയിലെ പോലിസ് സൂപ്രണ്ട് ഷംസ് തബ്രെസ് പറഞ്ഞു. എസ്‌സി/ എസ്ടി നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ മറ്റ് നിരവധി വകുപ്പുകള്‍ പ്രകാരവും കേസെടുത്തതായും എസ്പി കൂട്ടിച്ചേര്‍ത്തു. മറ്റ് പ്രതികളെ പിടികൂടുന്നതിനായി സബ് ഡിവിഷണല്‍ പോലിസ് ഓഫിസറുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിച്ചതായും അദ്ദേഹം പറഞ്ഞു.

സ്പതംബര്‍ 16ന് പുലര്‍ച്ചെ 60ല്‍ അധികം വരുന്ന ഹിന്ദുത്വ സംഘം മുളവടികളും ഇരുമ്പ് ദണ്ഡുകളുമായി ഗ്രാമത്തിലേക്ക് അതിക്രമിച്ച് കയറുകയും ആദിവാസി ക്രിസ്ത്യാനികള്‍ക്കു നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു.

രാജ് സിംഗ്, ദീപക്, ഇമ്മാനുവല്‍ ടെറ്റെ, സുഗാദ് ഡാങ്, സുലിന്‍ ബാര്‍ല, സോഷന്‍ ഡാങ്, സെം കിഡോ എന്നിവര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. അവര്‍ ഏകദേശം 60 പേരോളം ഉണ്ടായിരുന്നു. ഞങ്ങളെ വീട്ടില്‍ നിന്നും പിടിച്ചിറക്കി വടികള്‍കൊണ്ട് മാരകമായി അക്രമിച്ചു. ഞങ്ങള്‍പശുവിനെ കൊന്ന് ചന്തയില്‍ വിറ്റു എന്നുപറഞ്ഞുകൊണ്ടായിരുന്നു ആക്രമണം. ജയ് ശ്രീറാം നിര്‍ബന്ധിപ്പിച്ച് വിളിപ്പിച്ചു. വഴങ്ങാതിരുന്നപ്പോള്‍ മര്‍ദിക്കുകയും തല ഭാഗികമായി മുണ്ഡനം ചെയ്യുകയും ചെയ്തു' അക്രമണത്തിനിരയായവരില്‍ പെട്ട പാസ്റ്റര്‍ കൂടിയായ രാജ് സിങ് പ്രതികരിച്ചു.

2014-19 കാലത്ത് ബിജെ.പി സര്‍ക്കാര്‍ അധികാരത്തിലിരിക്കെ സംസ്ഥാനത്ത് ഗോത്രവര്‍ഗക്കാര്‍ക്കും മുസ്‌ലീങ്ങള്‍ക്കുമെതിരെ ബീഫ് കൈവശം വെച്ചെന്ന് ആരോപിച്ചും ഗോവധം ആരോപിച്ചും വലിയ രീതിയിലുള്ള ആക്രമണങ്ങള്‍ നടന്നിരുന്നു. കഴിഞ്ഞ ഡിസംബറില്‍ ജെഎംഎം -കോണ്‍ഗ്രസ്-ആര്‍ജെഡി -ഇടതു സഖ്യം അധികാരത്തില്‍ വന്നതിനുശേഷം ഗോഹത്യയുടെ പേരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യത്തെ ആക്രമണമാണിത്.

Tags:    

Similar News