ബിജെപിക്ക് കനത്ത തിരിച്ചടി; തൃണമൂല്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റിന് ത്രിപുര കോടതി ജാമ്യം അനുവദിച്ചു
സയോണി ഘോഷിന് ജാമ്യം അനുവദിച്ചതിന് തൃണമൂല്‍ കോണ്‍ഗ്രസ് കോടതിയോട് നന്ദി പറയുന്നതായി ടിഎംസി സംസ്ഥാന ജനറല്‍ സെക്രട്ടറിയും വക്താവുമായ കുനാല്‍ ഘോഷ് ട്വീറ്റില്‍ പറഞ്ഞു.
അഗര്‍ത്തല: വധശ്രമത്തിന് കേസെടുത്ത് ത്രിപുര പോലിസ് അറസ്റ്റ് ചെയ്ത തൃണമൂല്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സയോണി ഘോഷിന് ഉപാധികളോടെ ജാമ്യം. ഘോഷിനെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കിയിരുന്നു. സയോണി ഘോഷിന് ജാമ്യം അനുവദിച്ചതിന് തൃണമൂല്‍ കോണ്‍ഗ്രസ് കോടതിയോട് നന്ദി പറയുന്നതായി ടിഎംസി സംസ്ഥാന ജനറല്‍ സെക്രട്ടറിയും വക്താവുമായ കുനാല്‍ ഘോഷ് ട്വീറ്റില്‍ പറഞ്ഞു.
ശനിയാഴ്ച മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന്റെ ആശ്രം ചൗമുഹാനി പ്രദേശത്ത് സംഘടിപ്പിച്ച റാലി അലങ്കോലമാക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് ഈസ്റ്റ് അഗര്‍ത്തല പോലിസ് കേസെടുത്തത്. ബിജെപി പ്രവര്‍ത്തകരെ വാഹനമിടിച്ച് കൊല്ലാന്‍ ശ്രമിച്ചുവെന്നാണ് പരാതി.വധശ്രമത്തിനാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം അറസ്റ്റ് നടന്നിരുന്നു. പ്രാഥമിക തെളിവുകളുടെ അടിസ്ഥാനത്തിലാണ് സയോനിയെ അറസ്റ്റ് ചെയ്തതെന്നും ഐപിഎസി 307, 153 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും വെസ്റ്റ് ത്രിപുര അഡീഷനല്‍ എസ്പി(അര്‍ബന്‍) ബി ജെ റെഡ്ഡി പറഞ്ഞിരുന്നു. ജനങ്ങള്‍ക്കിടയില്‍ ശത്രുത പരത്തല്‍, വധശ്രമം, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് സയോനിക്കെതിരേ ചുമത്തിയിരുന്നത്.