ഹമാസ് ഗസയിലെ ബന്ദികളെ മോചിപ്പിച്ചില്ലെങ്കില്‍ പശ്ചിമേഷ്യ നരകമാവും; പാനമ കനാലും ഗ്രീന്‍ലാന്‍ഡും പിടിക്കാന്‍ സൈനിക നടപടി തള്ളിക്കളയാനാവില്ല
ഫ്‌ളോറിഡ: തൂഫാനുല്‍ അഖ്‌സയുടെ ഭാഗമായി ഹമാസ് ഗസയിലേക്ക് കൊണ്ടുപോയ ജൂതന്‍മാരെ വിട്ടുനല്‍കിയില്ലെങ്കില്‍ എല്ലാ നരകവും പൊട്ടിത്തെറിക്കുമെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഗസയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ, ഞാന്‍ അധികാരമേല്‍ക്കും മുമ്പ് ബന്ദികളെ വിട്ടയച്ചില്ലെങ്കില്‍ പശ്ചിമേഷ്യ നരകമാവുമെന്നും ട്രംപ് പറഞ്ഞു.
പാനമ കനാലും ഗ്രീന്‍ലാന്‍ഡും പിടിക്കാന്‍ സൈനിക നടപടി തള്ളിക്കളയാനാവില്ലെന്നും ട്രംപ് പറഞ്ഞു. ഗ്രീന്‍ലാന്‍ഡിന് മേല്‍ ഡെന്‍മാര്‍ക്കിന് എന്തെങ്കിലും അവകാശമുണ്ടോയെന്നു അറിയില്ല. ഇനി എന്തെങ്കിലും അവകാശമുണ്ടെങ്കില്‍ അവര്‍ അതുവിട്ടു നല്‍കണം. യുഎസിന്റെ ദേശീയസുരക്ഷക്ക് ഗ്രീന്‍ലാന്‍ഡിന്റെ അധികാരം ആവശ്യമാണ്. ഡെന്‍മാര്‍ക്കിന്റെ കോളനിയായിരുന്ന ഗ്രീന്‍ലാന്‍ഡ് 1979 മുതല്‍ ഡെന്‍മാര്‍ക്കിന് കീഴിലുള്ള സ്വയംഭരണ പ്രദേശമാണ്.
അതേസമയം, ട്രംപിന്റെ പ്രസ്താവന വന്നതോടെ ഡെന്‍മാര്‍ക്ക് രാജാവ് ഫ്രെഡറിക് കുലചിഹ്നത്തില്‍ മാറ്റം വരുത്തി. ഒരു ഹിമക്കരടിയേയും ആടിനെയുമാണ് കുലചിഹ്നത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗ്രീന്‍ലാന്‍ഡിന്റെയും ഫറോ ദ്വീപിന്റെയും അവകാശം ഡെന്‍മാര്‍ക്ക് വിടില്ലെന്നതിന്റെ സൂചനയാണ് ഇതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.