നീ സ്വാതന്ത്രയാവാന്‍ ശ്രമിക്കുക; ആതിര എന്ന ആയിഷയോട് നിഫ ഫാത്തിമ
യോഗ കേന്ദ്രത്തിലെ പീഢനങ്ങള്‍ ഇടയ്ക്കിടെ പുറത്തുവന്നിട്ടും ആര്‍ഷ വിദ്യാ സമാജത്തിനെതിരേ കാര്യക്ഷമമായ നടപടികളില്ലാതിരിക്കെയാണ് ഒരുകാലത്ത് ഇതേ കേന്ദ്രത്തില്‍ ക്രൂര പീഢനങ്ങള്‍ക്കിരയായ രണ്ടു യുവതികള്‍ വ്യത്യസ്ത ധ്രുവത്തിലിരുന്ന് സംവദിക്കുന്നത്
കോഴിക്കോട്: മതംമാറ്റം ആരോപിച്ച് കേരളത്തില്‍ വ്യാപക പ്രചാരണം നടത്തിയ സമയത്ത് ഡോ. ഹാദിയയ്‌ക്കൊപ്പം മലയാളികള്‍ കേട്ട മറ്റൊരു പേരാണ് കാസര്‍കോട്ട് സ്വദേശിനി ആയിഷ എന്ന ആതിര. ഇസ്‌ലാം സ്വീകരിച്ച ശേഷം വീട്ടില്‍നിന്നു മാറിത്താമസിച്ച യുവതിയെ കാണാനില്ലെന്ന പരാതിയില്‍ പോലിസ് അന്വേഷണം നടത്തുന്നതിനിടെ ദൃശ്യമാധ്യമങ്ങള്‍ക്കു മുന്നിലെത്തി, തന്നെ ആരും നിര്‍ബന്ധിച്ച് മതം മാറ്റിയിട്ടില്ലെന്നും സ്വമേധയാ ഇസ്‌ലാം സ്വീകരിച്ചതാണെന്നും വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല, ഇസ് ലാം സ്വീകരിക്കാനുണ്ടായ കാരണങ്ങള്‍ സുവ്യക്തമായി വിവരിച്ച് 20ലേറെ പേജുകളിലായി എഴുതിയ കത്ത് സാമൂഹികമാധ്യമങ്ങളിലുള്‍പ്പെടെ വൈറലായിരുന്നു. പിന്നീട്, കോടതി ഇടപെടലിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ക്കൊപ്പം പോയ യുവതി, പ്രമാദമായ ഘര്‍വാപസി കേന്ദ്രമായ തൃപ്പൂണിത്തറയിലെ ആര്‍ഷ വിദ്യാ സമാജത്തില്‍ നിരവധി പീഡനങ്ങള്‍ക്കിരയായതായി ആരോപണമുയര്‍ന്നതിനു പിന്നാലെ, താന്‍ ഹിന്ദുമതത്തിലേക്ക് തിരിച്ചുപോയെന്നു പറഞ്ഞാണ് ആര്‍ഷ വിദ്യാ സമാജം സംഘാടകര്‍ക്കൊപ്പം മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍, ആതിര എന്ന ആയിഷ ആരെയെക്കൊയോ ഭയപ്പെട്ടാണ് ഇസ്‌ലാം ഉപേക്ഷിച്ചതെന്നും ഘര്‍വാപസി കേന്ദ്രത്തില്‍ ക്രൂരപീഡനത്തിനിരയായെന്നും അന്ന് യുവതിക്കൊപ്പം അവിടെ കഴിഞ്ഞിരുന്ന നിഫ ഫാത്തിമ എന്ന യുവതി ഫേസ്ബുക്കില്‍ മാസങ്ങള്‍ക്കു മുമ്പ് പോസ്റ്റിട്ടിരുന്നു. സ്വമേധയാ സത്യമതം സ്വീകരിച്ചതിനു നിരവധി പേര്‍ക്ക് ക്രൂരപീഢനം ഏല്‍ക്കേണ്ടി വന്നെന്നും ആതിര എന്ന ആയിശയുടെ തിരിച്ചുപോക്കിനും കാരണം സമ്മര്‍ദ്ദമാണെന്നും വിവരിക്കുന്ന നിഫ ഫാത്തിമയുടെ ഫേസ്ബുക്ക് പോസ്റ്റിനു മറുപടിയായി ആതിര രംഗത്തെത്തിയിരുന്നു. നിഫ ഫാത്തിമയുടെ ആരോപണങ്ങളെല്ലാം തള്ളിക്കളയുന്ന പോസ്റ്റില്‍ ഇനിയും തന്നെ വെറുതെ വിട്ടുകൂടെയെന്നു പറഞ്ഞ് ചില വെല്ലുവിളികള്‍ നടത്തിയിരുന്നു. അതിനു മറുപടിയായി നിഫ ഫാത്തിമ ഇപ്പോള്‍ ഫേസ്ബുക്കിലൂടെ തന്നെ ചില കാര്യങ്ങള്‍ ചോദിക്കുകയാണ്. ആയിശാ, നീ സ്വാതന്ത്രയാവാന്‍ ശ്രമിക്കുക. എല്ലാവിധ സമ്മര്‍ദ്ദങ്ങളില്‍നിന്നും അടിമത്വത്തില്‍നിന്നും ഭീതിയില്‍ നിന്നും.. അപ്പോള്‍ നിനക്ക് കാര്യങ്ങള്‍ ബോധ്യമാകും നാഥന്‍ നിന്നെ രക്ഷിക്കട്ടെ തുടങ്ങിയ വരികളോടെ അവസാനിക്കുന്ന സുദീര്‍ഘമായ ഫേസ്ബുക്ക് പോസ്റ്റ് സാമൂഹിക മാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിക്കുകയാണ്. ആയിഷ എന്ന തന്റെ പഴയ സുഹൃത്തിനെ സ്‌നേഹത്തോടെ ചേര്‍ത്തുപിടിച്ചു കൊണ്ടുള്ള നിഫയുടെ വരികള്‍ ഏറെ ചിന്തനീയവും സൗഹാര്‍ദ്ദപരവുമാണെന്നതില്‍ സംശയമില്ല. യോഗ കേന്ദ്രത്തിലെ പീഢനങ്ങള്‍ ഇടയ്ക്കിടെ പുറത്തുവന്നിട്ടും ആര്‍ഷ വിദ്യാ സമാജത്തിനെതിരേ കാര്യക്ഷമമായ നടപടികളില്ലാതിരിക്കെയാണ് ഒരുകാലത്ത് ഇതേ കേന്ദ്രത്തില്‍ ക്രൂര പീഢനങ്ങള്‍ക്കിരയായ രണ്ടു യുവതികള്‍ വ്യത്യസ്ത ധ്രുവത്തിലിരുന്ന് സംവദിക്കുന്നത്.
നിഫ ഫാത്തിമയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
എന്റെ പ്രിയ സഹോദരി ആയിശയോട്,
നിന്റെ എയ പോസ്റ്റിന് പ്രതികരണം നല്‍കാന്‍ വൈകിയത് ബോധപൂര്‍വ്വമല്ല. നിന്റെ കുറിപ്പ് വന്ന ഉടനെയാണ് ഞാന്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ആ സന്തോഷവും നിന്നെ അറിയിക്കട്ടെ. നിന്റെ ഈ പഴയ സുഹൃത്തിനോട് ഇന്നും സ്‌നേഹമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആ വിശ്വാസം നിലനിര്‍ത്തിക്കൊണ്ടു തന്നെ പറയട്ടെ. ഞാന്‍ നിന്റെ എഴുത്തിലേക്കല്ല നോക്കുന്നത് മനസ്സിലേക്കാണ്. അതുകൊണ്ടാണല്ലോ ഞാന്‍ ഇന്നും നിനക്ക് വേണ്ടി സംസാരിക്കുന്നത്. അതിതീവ്ര ഇസ്‌ലാമിക വനിതയായി തന്നെയാണ് നീ യോഗാകേന്ദ്രത്തിലേക്ക് വന്നതെന്ന് നീ തന്നെ പറഞ്ഞുവല്ലോ?. എന്നാല്‍, ഇസ്‌ലാമിക വിധിപ്രകാരം ജീവിക്കാന്‍ അവസരം നല്‍കാമെന്ന ഉറപ്പില്‍ കോടതി രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ച നിന്നെ ഇസ്‌ലാമികപഠന സ്ഥാപനത്തിലേക്ക് കൊണ്ടുപോകാമെന്ന് തെറ്റിദ്ധരിപ്പിച്ച് യോഗാ പീഢന കേന്ദ്രത്തിലേക്ക് കൊണ്ടുവന്നത് നീ ഓര്‍ക്കുന്നില്ലേ?. നീ വന്നതെല്ലെന്നും നിന്നെ കൊണ്ടുവന്നതാണെന്നും നീ തന്നെ കരഞ്ഞുകൊണ്ട് പറഞ്ഞത് മനപ്പൂര്‍വ്വം നീ മറക്കുകയാണോ?. ഞാന്‍ മാത്രമാണോ, അന്ന് തടവറയിലുണ്ടായിരുന്ന മറ്റ് പെണ്‍കുട്ടികളും അതിന് നേര്‍സാക്ഷികളല്ലേ. ഉപദ്രവവും ഭീഷണികളും ഉണ്ടായില്ലെന്ന് നീ എങ്ങനെ പറയുന്നു. ആ ഇരുണ്ട അനുഭവങ്ങള്‍ എന്തിന് നീ ഒളിക്കുന്നു. ഒരുപാട് നമ്മള്‍ അനുഭവിച്ചില്ലേ. മാത്രവുമല്ല, ഭീഷണികള്‍ക്കും ഉപദ്രവങ്ങള്‍ക്കും മറ്റ് പല കടുത്ത പീഢനമുറകള്‍ക്കും നേര്‍സാക്ഷികളായവര്‍ കൂടിയല്ലേ നമ്മള്‍. മനോജ് ഗുരുജിയുമായുള്ള സംവാദത്തിനൊടുവില്‍ ആയിശ ആതിരയായി മാറിയെന്ന് പത്രസമ്മേളനത്തിലൂടെയും മറ്റും അറിയിച്ചതായി നീ പറയുന്നു.എന്നാല്‍ നീ പറയാന്‍ വിട്ടുപോയ ചിലത് ഞാന്‍ ഓര്‍മപ്പെടുത്തട്ടെ. യോഗാകേന്ദ്രത്തില്‍ വച്ച് നടന്ന ആദ്യ പത്രസമ്മേളനത്തിന് ഞാനും സാക്ഷിയായിരുന്നുവല്ലോ. കരഞ്ഞു കലങ്ങിയ കണ്ണുകളും ഭയന്ന് വിറച്ച മുഖവുമായി അന്ന് ആയിശ മാധ്യമങ്ങളെ അഭിമുഖീകരിച്ചത് വലിയ ചര്‍ച്ചയായതാണ്.( ആയിശയുടെ ആ ചിത്രം പോസ്റ്റിനൊപ്പം ഉള്‍പ്പെടുത്തുന്നുണ്ട്.)
ഒന്നുറങ്ങാന്‍പോലും അനുവദിക്കാതെ പത്രസമ്മേളനത്തിന് മുമ്പായുള്ള ഇരുപത്തിനാല് മണിക്കൂര്‍ വലിയ ഭീഷണികള്‍ മുഴക്കിയും ഫോഴ്‌സ് ചെയ്തും അവരുദ്ദേശിച്ചപോലെ നിന്നെക്കൊണ്ട് സംസാരിപ്പിക്കാന്‍ പറഞ്ഞു പഠിപ്പിച്ചതും, നിന്നെ സഹായിച്ചവരേയും സുഹൃത്തുക്കളേയും ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ അവസാനം അവരെ അനുസരിക്കേണ്ടി വന്നതും നീ മറന്നുവോ? പത്രസമ്മേളനത്തിനും ചാനല്‍ ചര്‍ച്ചകള്‍ക്കും ശേഷം പറഞ്ഞ് പഠിപ്പിച്ചത് പറയേണ്ടി വന്നതോര്‍ത്ത് നീ എത്രമാത്രം വേദനിച്ചിരുന്നു. വികാരഭരിതയായി ആ വേദനകള്‍ നീ എന്നോട് പങ്കുവെച്ചപ്പോള്‍ നിന്നെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ചത് നീ ഓര്‍ക്കുന്നില്ലേ? നമ്മള്‍ ഒരുമിച്ചുണ്ടായിരുന്ന ദിനങ്ങളില്‍ ഓരോ നിമിഷവും രക്ഷപ്പെടാനുള്ള വഴികള്‍ നമ്മള്‍ തേടിക്കൊണ്ടിരുന്നു. അതീവ രഹസ്യമായ് നിസ്‌കാരങ്ങളും പ്രാര്‍ത്ഥനകളും നമ്മള്‍ നിലനിര്‍ത്തിപ്പോന്നില്ലേ. രക്ഷപ്പെട്ടതിനുശേഷം യോഗാ പീഢനകേന്ദ്രങ്ങള്‍ക്കെതിരെ ഒരുമിച്ച് നിന്ന് പോരാടാനും നമ്മള്‍ തീരുമാനമെടുത്തിരുന്നില്ലേ. ഇങ്ങനെ നമുക്കിടയില്‍ എത്രയെത്ര അനുഭവങ്ങള്‍ ഇനിയും.
ഒരു പക്ഷേ നിന്റെ എഴുത്തുകള്‍ക്ക് അത് നിഷേധിക്കാന്‍ സാധിക്കുമായിരിക്കും, എന്നാല്‍ നിന്റെ മനസ്സിന് അത് നിഷേധിക്കാന്‍ സാധിക്കില്ലെന്ന് എനിക്ക് പൂര്‍ണ ബോധ്യമുണ്ട്. കാരണം, നിഫാ ഫാത്തിമയെ ലക്ഷ്മണ വേഷം കെട്ടിക്കാനും, ആയിശയെ എവിഎസ് പ്രവര്‍ത്തകയാക്കാനും അഷിതയെ സിങറാക്കാനും, നബീലിനെ ശ്രീനാഥാക്കാനും, വന്ദനയെ വിവാഹം കഴിപ്പിച്ചയക്കാനും കഴിയുന്നവരാണ് യോഗാ കേന്ദ്രത്തിലെ പ്രവര്‍ത്തകര്‍. പിന്നെ നീ പറയുന്ന പരിഗണന അവര്‍ നല്‍കിയതാണോ. നീയും ഞാനുമുള്‍പ്പെടെയുള്ള തടവുകാര്‍ അനുഭവിച്ച പീഡനങ്ങള്‍ക്കും ഭീഷണികള്‍ക്കുമൊടുവില്‍, രക്ഷപ്പെടാന്‍ മറ്റൊരു മാര്‍ഗ്ഗവുമില്ലെന്ന് മനസ്സിലായപ്പോള്‍ അവര്‍ നമ്മെ വിശ്വാസത്തിലെടുക്കാന്‍ അഭിനയിച്ചും സഹകരിച്ചും നമ്മള്‍ത്തന്നെ നേടിയെടുത്ത പരിഗണനയായിരുന്നില്ലേ അത്.ഓരോ സെക്കന്‍ഡിലും ഈ തടവറയില്‍നിന്നും ഒന്നു രക്ഷപ്പെട്ടിരുന്നെങ്കിലെന്ന് പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നില്ലേ നമ്മള്‍.ആ നിന്നോട്തന്നെ അവിടെ നില്‍ക്കാനാണ് എനിക്കിഷ്ടമെന്ന് ഞാന്‍ പറഞ്ഞിരുന്നോ സഹോദരീ..നമ്മള്‍ക്കിടയിലുണ്ടായ സംഭാഷണങ്ങള്‍ക്കും അനുഭവങ്ങള്‍ക്കും വിപരീതമായാണ് നിന്റെ പോസ്റ്റുകളും വീഡിയോകളും എന്നിരിക്കെ അതൊന്നും നിന്റെ വാക്കുകളല്ലെന്ന് സമര്‍ത്ഥിക്കാന്‍ സാധിക്കും.
എന്റെ മാതാപിതാക്കളല്ല, എന്നെ അവിടെ കൊണ്ടുവന്ന തികഞ്ഞ ആര്‍എസ്എസ്, ഹിന്ദു ഹെല്‍പ് ലൈന്‍ പ്രവര്‍ത്തകരെ കുറിച്ച് എന്റെ പുസ്തകത്തില്‍ ഞാന്‍ തുറന്നെഴുതുന്നുണ്ട്. പിന്നെ സമ്മതപത്രത്തില്‍ ഒപ്പിട്ടതിനെ കുറിച്ച് നിങ്ങള്‍ക്ക് എന്താണ് പറയാനുള്ളത്. യാതൊരു സമ്മര്‍ദ്ദങ്ങള്‍ക്കും ഭീഷണികള്‍ക്കും പീഡനങ്ങള്‍ക്കും ഇരയാകാതെ സമ്മതപത്രത്തില്‍ ഒപ്പിട്ട ആരെങ്കിലും ആ തടവറയിലുണ്ടായിരുന്നോ..? ആയിശാ, നീ സ്വാതന്ത്രയാവാന്‍ ശ്രമിക്കുക. എല്ലാവിധ സമ്മര്‍ദ്ദങ്ങളില്‍നിന്നും അടിമത്വത്തില്‍നിന്നും ഭീതിയില്‍ നിന്നും.. അപ്പോള്‍ നിനക്ക് കാര്യങ്ങള്‍ ബോധ്യമാകും നാഥന്‍ നിന്നെ രക്ഷിക്കട്ടെ..സത്യം വിളിച്ചുപറയാന്‍ നിനക്ക് അവസരം ലഭിച്ചാല്‍ നീ അത് ലോകത്തോട് വിളിച്ചു പറയുക.നിന്നെ സ്വീകരിക്കാന്‍ ഞാനുള്‍പ്പെടെ പതിനായിരങ്ങള്‍ കാത്തിരിക്കുന്നുണ്ട്..
സ്‌നേഹത്തോടെ..
സ്വന്തം
നിഫാ ഫാത്തിമ