ശ്രീലങ്കയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരും: പ്രസിഡന്റ് ഗോതബായ രജപക്‌സെ
കൊളംബോ: ഒരാഴ്ചയ്ക്കുള്ളില്‍തന്നെ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് പ്രഖ്യാപിച്ച് ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതാബായ രജപക്‌സെ. ഈ ആഴ്ച തന്നെ പുതിയ പ്രധാനമന്ത്രിയും മന്ത്രിസഭയും നിലവില്‍ വരും. സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ശ്രീലങ്കയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമാവുകയും പ്രധാനമന്ത്രി രാജിവയ്ക്കുകയും കലാപം പൊട്ടിപ്പുറപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് പ്രസിഡന്റിന്റെ തീരുമാനം. പുതിയ സര്‍ക്കാരില്‍ തന്റെയോ മുന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയുടെയോ അനുയായികള്‍ ഉണ്ടാവില്ലെന്ന് രാജ്യത്തെ അഭിസംബോധന ചെയ്യവെ പ്രസിഡന്റ് ഉറപ്പുനല്‍കി. രജപക്‌സെമാരില്ലാതെ ഒരു യുവ മന്ത്രിസഭയെ ഞാന്‍ നിയമിക്കും- രാജ്യം അരാജകത്വത്തിലേക്ക് വഴുതിവീഴുന്നത് തടയാന്‍ രാഷ്ട്രീയ പാര്‍ട്ടികളോടായി അദ്ദേഹം പറഞ്ഞു.
ഭരണഘടനാ ഭേദഗതിയിലൂടെ പാര്‍ലമെന്റിനെ ശക്തിപ്പെടുത്തും. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പ്രസിഡന്റിനു കൂടുതല്‍ അധികാരം നല്‍കുന്ന ഭരണഘടനയുടെ 19ാം ഭേദഗതി നീക്കുന്നതിനുള്ള വഴികള്‍ തേടും. രാജ്യത്തെ മുന്നോട്ടുനയിക്കാനുള്ള കര്‍മപരിപാടികള്‍ തയ്യാറാക്കാന്‍ പുതിയ പ്രധാനമന്ത്രിക്ക് അധികാരം നല്‍കും. കഴിഞ്ഞ രണ്ടുദിവസമായി ശ്രീലങ്കയില്‍ സര്‍ക്കാരില്ലാത്ത അവസ്ഥയാണ്.
തന്റെ പ്രസംഗത്തിന് മിനിറ്റുകള്‍ക്ക് മുമ്പ് ഗോതാബയ മുന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുമായും ചര്‍ച്ച നടത്തി. രാജ്യവ്യാപക പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ട ശേഷം ആദ്യമായാണ് പ്രസിഡന്റ് ഗോതബായ ജനങ്ങളെ അഭിസംബോധന ചെയ്യുന്നത്. ക്രമസമാധാന പാലനം ഉറപ്പാക്കുമെന്ന് പറഞ്ഞ പ്രസിഡന്റ് കൊള്ളയും കൊള്ളിവെപ്പും നടത്തുന്നവരെ കണ്ടാല്‍ വെടിവെക്കാന്‍ സൈന്യത്തിന് പുറമെ പൊലീസിനും ഉത്തരവ് നല്‍കി. പുതിയ സര്‍ക്കാര്‍ നിലവില്‍ വരുമെന്നും അതുവഴി പ്രസിഡന്‍സി ഭരണം അവസാനിപ്പിക്കുമെന്ന് ഉറപ്പുനല്‍കിയ ഗോതാബായ, രാജിവച്ചൊഴിയണമെന്ന പ്രക്ഷോഭകരുടെ ആവശ്യം തള്ളി.
ഭരണഘടനാ ഭേദഗതിയിലൂടെ പാര്‍ലമെന്റിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുമെന്നും പ്രഖ്യാപനമുണ്ട്. ശ്രീലങ്കയിലെ ആഭ്യന്തര കലാപങ്ങളില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസ് ആശങ്ക പ്രകടിപ്പിച്ചു. രാജ്യത്തെ എല്ലാ പാര്‍ട്ടികളും പ്രശ്‌നപരിഹാരത്തിന് ചര്‍ച്ചകളിലൂടെ ശ്രമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, രണ്ടാഴ്ചയ്ക്കുള്ളില്‍ പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നില്ലെങ്കില്‍ താന്‍ രാജിവച്ച് ഒഴിയുമെന്ന് ശ്രീലങ്കന്‍ സെന്‍ട്രല്‍ ബാങ്ക് മേധാവി നന്ദലാല്‍ വീരസിങ്കെ പറഞ്ഞു. സുസ്ഥിര സര്‍ക്കാരിന്റെ പിന്തുണയില്ലാതെ സാമ്പത്തിക പരിഷ്‌കരണ പരിപാടികള്‍ വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ രാജി ആവശ്യപ്പെടുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ക്കെതിരേ അക്രമത്തിന് പ്രേരിപ്പിച്ചതിന് മഹീന്ദയെ അറസ്റ്റ് ചെയ്യണമെന്ന മുറവിളി പ്രതിപക്ഷത്തു നിന്ന് ഉയരുന്നുണ്ട്.