ഏകാധിപത്യ ഭരണഘടനക്ക് തുണീസ്യയില്‍ അംഗീകാരം

പ്രസിഡന്റ് ഖൈസ് സഈദ് കൊണ്ടുവന്ന ഭരണഘടനാ ഹിതപരിശോധനയിലെ വിജയം ഒരു വിഭാഗം ആഷോഷിക്കുമ്പോള്‍ രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരില്‍ നാലിലൊന്ന് പേര്‍ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയതെന്ന് തിരഞ്ഞെടുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്.

Update: 2022-07-26 17:01 GMT

തൂനിസ്: പ്രസിഡന്‍ഷ്യല്‍ അധികാരങ്ങള്‍ വന്‍തോതില്‍ വര്‍ധിപ്പിച്ച് കൊണ്ടുള്ള പുതിയ ഭരണഘടനക്ക് തുനീസ്യയില്‍ അംഗീകാരം. ഇന്നലെ നടന്ന ഹിതപരിശോധനയ്ക്ക് ശേഷം പുതിയ ഭരണഘടന പ്രാബല്യത്തില്‍ വരുമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, പുതിയ ഭരണഘടന രാജ്യത്തിന്റെ ജനാധിപത്യത്തെ തകര്‍ക്കുമെന്ന് പ്രതിപക്ഷം മുന്നറിയിപ്പ് നല്‍കുന്നു.

പ്രസിഡന്റ് ഖൈസ് സഈദ് കൊണ്ടുവന്ന ഭരണഘടനാ ഹിതപരിശോധനയിലെ വിജയം ഒരു വിഭാഗം ആഷോഷിക്കുമ്പോള്‍ രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരില്‍ നാലിലൊന്ന് പേര്‍ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയതെന്ന് തിരഞ്ഞെടുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്.

എന്നാല്‍, പുതിയ ഭരണഘടനയെ 92.3 ശതമാനം വോട്ടര്‍മാര്‍ പിന്തുണച്ചതായി തുനീഷ്യന്‍ പൊളിങ് കമ്പനിയായ സിഗ്മ കോണ്‍സീല്‍ നടത്തിയ എക്‌സിറ്റ് പോള്‍ വ്യക്തമാക്കുന്നു. പുതിയ ഭരണഘടന ഏകാധിപത്യത്തിലേക്ക് രാജ്യത്തെ കൊണ്ടുപോകുന്നതാണെന്ന് എതിരാളികള്‍ വിമര്‍ശിച്ചു. 7.7 ശതമാനമാണ് എതിര്‍ത്ത് വോട്ട് ചെയ്തത്.

രജിസ്റ്റര്‍ ചെയ്ത ഒമ്പത് ദശലക്ഷം വോട്ടര്‍മാരില്‍ 1.9 ദശലക്ഷം പേരാണ് വോട്ട് രേഖപ്പെടുത്താനെത്തിയത്. പ്രതിപക്ഷം തെരഞ്ഞെടുപ്പ് ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം പാര്‍ലമെന്റ് പിരിച്ചുവിടുകയും ഒരു ഉത്തരവിലൂടെ ഖൈസ് സഈദ് അധികാരം ഏറ്റെടുക്കുകയും ചെയ്തിരുന്നു.

സാമ്പത്തികമായി തകര്‍ന്നടിഞ്ഞ രക്ഷിക്കാന്‍ 2011ലെ ടുണീഷ്യയിലെ അറബ് വസന്ത വിപ്ലവത്തിന് ശേഷം അവതരിപ്പിച്ച ജനാധിപത്യ ഭരണഘടന തിരുത്തിയെഴുതുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, സഈദ് നടത്തിയത് അട്ടിമറിയാണെന്നും ഒരു മാസത്തിനുള്ളില്‍ അദ്ദേഹം കൊണ്ടുവന്ന പുതിയ ഭരണഘടന രാജ്യത്തെ സ്വേച്ഛാധിപത്യത്തിലേക്ക് തിരിച്ചുവിട്ടെന്നും ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ജനഹിത പരിശോധന ബഹിഷ്‌ക്കരിച്ചിരുന്നു.

പുതിയ ഭരണഘടന പ്രസിഡന്റിന് സര്‍ക്കാരിന്റെയും ജുഡീഷ്യറിയുടെയും മേല്‍ അധികാരം നല്‍കുന്നതാണ്. മാത്രമല്ല, അദ്ദേഹത്തിന്റെ അധികാരത്തിന്‍മേലുള്ള പരിശോധനകള്‍ ഒഴിവാക്കുകയും പാര്‍ലമെന്റിനെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നു.

Tags:    

Similar News