അന്നഹ്ദ നേതാവ് നൂറുദ്ദീന്‍ ബിഹൈരി ജയില്‍മോചിതനായി

രണ്ട് മാസത്തിലധികം തടങ്കലിലായിരുന്ന അദ്ദേഹത്തെ ചൊവ്വാഴ്ച രാവിലെയാണ് മോചിപ്പിച്ചതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

Update: 2022-03-08 17:28 GMT

തൂനിസ്: തുനീസ്യയിലെ അന്നഹ്ദയുടെ മുതിര്‍ന്ന നേതാവ് നൂറുദ്ദീന്‍ ബിഹൈരി ജയില്‍മോചിതനായതായി. രണ്ട് മാസത്തിലധികം തടങ്കലിലായിരുന്ന അദ്ദേഹത്തെ ചൊവ്വാഴ്ച രാവിലെയാണ് മോചിപ്പിച്ചതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. തടങ്കലില്‍ കഴിയുമ്പോള്‍ നിരാഹാര സമരം നടത്തിയ 64 കാരനായ ബിഹൈരി ആംബുലന്‍സില്‍ പുലര്‍ച്ചെ വീട്ടിലെത്തിയതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

അന്നഹ്ദയുടെ ഉപമേധാവിയായ ബിഹൈരി പാസ്‌പോര്‍ട്ടുകളും പൗരത്വ രേഖകളും നിയമവിരുദ്ധമായി സമര്‍പ്പിച്ചതിന്റെ പേരിലും ഭീകരവാദ ബന്ധം സംശയിച്ചുമാണ് കസ്റ്റഡിയിലെടുത്തത്. ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് അറിയിച്ച് അന്നഹ്ദ ആരോപണം തള്ളിക്കളഞ്ഞു

നേരത്തെ പ്രസിഡന്റ് ഖഈസ് സഈദ് പാര്‍ലമെന്റ് പിരിച്ചുവിടുകയും ഭരണം പിടിച്ചെടുക്കുകയും ചെയ്ത ശേഷം ജൂലൈയില്‍ തടങ്കലിലായ പാര്‍ട്ടിയുടെ ആദ്യത്തെ മുതിര്‍ന്ന ഭാരവാഹിയായിരുന്നു ബിഹൈരി.

ഡിസംബര്‍ 31ന് മഫ്തിയിലെത്തിയ പോലിസ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ ഒരു കാറില്‍ കയറ്റുകയും മണിക്കൂറുകളോളം അജ്ഞാത സ്ഥലങ്ങളില്‍ തടവിലിടുകയും ചെയ്തു. പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉള്‍പ്പെടെയുള്ള നിരവധി ആരോഗ്യപ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടുന്ന ബിഹൈരിയെ നിരാഹാര സമരത്തിന് ശേഷം ജനുവരി 2ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

Tags:    

Similar News