ഇസ്രായേലുമായുള്ള വിവാദ ധാരണ; യുഎഇക്കെതിരേ കടുത്ത നടപടിക്കൊരുങ്ങി തുര്‍ക്കി
യുഎഇയുടെ വിവാദ നടപടിയില്‍ പ്രതിഷേധിച്ച് ആ രാജ്യവുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കുകയോ അംബാസിഡറെ തിരിച്ചുവിളിക്കുയോ ചെയ്യുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജ്ബ് ത്വയ്യിബ് ഉര്‍ദുഗാന്‍ വ്യക്തമാക്കി.
ആങ്കറ: അടുത്തിടെ ഇസ്രയേലുമായുണ്ടാക്കിയ വിവാദ ധാരണയുടെ പശ്ചാത്തലത്തില്‍ യുനൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ)നെതിരേ കടുത്ത നടപടിക്കൊരുങ്ങി തുര്‍ക്കി. യുഎഇയുടെ വിവാദ നടപടിയില്‍ പ്രതിഷേധിച്ച് നയതന്ത്ര ബന്ധം വിച്ഛേദിക്കുകയോ അംബാസിഡറെ തിരിച്ചുവിളിക്കുയോ ചെയ്യുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജ്ബ് ത്വയ്യിബ് ഉര്‍ദുഗാന്‍ വ്യക്തമാക്കി.
ഇസ്രായേലുമായുള്ള യുഎഇയുടെ വിവാദ കരാര്‍ സംശയാസ്പദമാണെന്നും തുര്‍ക്കി ഫലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും ഉര്‍ദുഗാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
'ആവശ്യമായ നടപടി സ്വീകരിക്കാന്‍ താന്‍ വിദേശകാര്യമന്ത്രിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തങ്ങള്‍ പലസ്തീന്‍ ജനതയോടൊപ്പം നില്‍ക്കുന്നതിനാല്‍ യുഎഇയുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കുകയോ അംബാസഡറെ തിരിച്ചുവിളിക്കുകയോ ചെയ്‌തേക്കാം. ഫലസ്തീനെ പരാജയപ്പെടുത്താന്‍ ചങ്ങള്‍ അനുവദിച്ചിട്ടില്ലെന്നും ഉര്‍ദുഗാന്‍ പറഞ്ഞു. ഇസ്രായേല്‍, ഗ്രീസ് എന്നീ രാജ്യങ്ങളുമായുള്ള സഹകരണത്തിന്റെ പേരില്‍ ഈജിപ്തിനെ വിമര്‍ശിച്ചതിന് സൗദി അറേബ്യയും ഈ മേഖലയില്‍ തെറ്റായ നടപടികള്‍ കൈക്കൊണ്ടിരിക്കുകയാണെന്ന് പ്രസിഡന്റ് കുറ്റപ്പെടുത്തി.
'ഫലസ്തീന്‍ ലക്ഷ്യത്തെ' വഞ്ചിച്ചുള്ള യുഎഇ-ഇസ്രായേല്‍ ധാരണയെ തുര്‍ക്കി വിദേശകാര്യ മന്ത്രാലയം നേരത്തെ അപലപിച്ചിരുന്നു.ബന്ധം സാധാരണ നിലയിലാക്കാന്‍ ഇസ്രയേലും യുഎഇയും സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യാഴാഴ്ചയാണ് പ്രഖ്യാപിച്ചത്.