സിറിയയിലെ പുതിയ സര്‍ക്കാരിന് സൈനിക സഹായം നല്‍കാമെന്ന് തുര്‍ക്കി
അതിനിടെ, ഖത്തര്‍ പ്രതിനിധി സംഘം ഇന്നലെ സിറിയയില്‍ എത്തി. ഖത്തര്‍ എംബസി തുറക്കുന്ന കാര്യമാണ് പ്രധാനമായും ചര്‍ച്ച ചെയ്തതെന്ന് വിദേശകാര്യ വക്താവ് മജീദ് അല്‍ അന്‍സാരി പറഞ്ഞു.
അങ്കാര: സിറിയയിലെ പുതിയ ഭരണകൂടത്തിന് സൈനിക സഹായം നല്‍കാന്‍ തയ്യാറാണെന്ന് തുര്‍ക്കി. പുതിയ ഭരണകൂടം ആവശ്യപ്പെടുകയാണെങ്കില്‍ ആവശ്യമായ സഹായം നല്‍കുമെന്ന് തുര്‍ക്കി പ്രതിരോധ മന്ത്രി യാസര്‍ ഗുലെര്‍ പറഞ്ഞു. ദമസ്‌കസിലെ തുര്‍ക്കിയുടെ എംബസി കഴിഞ്ഞ ദിവസം തുറന്നിരുന്നു. തുര്‍ക്കിയുടെ രഹസ്യാന്വേഷണ വിഭാഗം മേധാവി ദമസ്‌കസില്‍ എത്തി വിമത നേതാക്കളുമായി കൂടിക്കാഴ്ച്ചയും നടത്തിയിരുന്നു.
തുര്‍ക്കി അതിര്‍ത്തിയിലെ കുര്‍ദ് വിമതരെ നശിപ്പിക്കണമെന്നാണ് കൂടിക്കാഴ്ച്ചയില്‍ തുര്‍ക്കി രഹസ്യാന്വേഷണ വിഭാഗം മേധാവി സിറിയയുടെ പുതിയ ഭരണാധികാരികളോട് ആവശ്യപ്പെട്ടതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. സിറിയന്‍ അതിര്‍ത്തിയിലെ വിമതര്‍ തുര്‍ക്കി നിരോധിച്ച കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുമായി (പികെകെ) ബന്ധമുള്ളവരാണെന്ന് തുര്‍ക്കിയുടെ ആരോപണം. വടക്കു കിഴക്കന്‍ സിറിയയിലെ കുര്‍ദ് വിമത സംഘടനയായ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സിന് (എസ്ഡിഎഫ്) പികെകെയുമായി ബന്ധമുണ്ടെന്നും തുര്‍ക്കി ആരോപിക്കുന്നുണ്ട്.
യാസര്‍ ഗുലെര്‍
സിറിയയില്‍ താവളമടിച്ച കുര്‍ദിസ്താന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി അംഗങ്ങളെ പുറത്താക്കണമെന്നും സിറിയയിലെ കുര്‍ദുകളെ നിരായുധീകരിക്കണമെന്നുമാണ് തുര്‍ക്കിയുടെ നിലപാട്. ഐഎസ് വീണ്ടും സിറിയയില്‍ ശക്തമാവുന്നുവെന്ന യുഎസ് ആരോപണം യാസര്‍ ഗുലെര്‍ തള്ളി. ഐഎസിനെ നേരിടാന്‍ പ്രത്യേക കമാന്‍ഡോകളെ അയക്കാമെന്നും ഐഎസ് പ്രവര്‍ത്തകരെ തടവിലിട്ടിരിക്കുന്ന അല്‍ ഹോല്‍ കാംപ് തങ്ങള്‍ നിയന്ത്രിക്കാമെന്നും നേരത്തെ യുഎസിനെ അറിയിച്ചിരുന്നു. നിലവില്‍ അത് എസ്ഡിഎഫ് ആണ് യുഎസ് പിന്തുണയോടെ ചെയ്യുന്നത്. ഇത് നിര്‍ത്തണമെന്നാണ് തുര്‍ക്കിയുടെ മറ്റൊരു ആവശ്യം.
അതേസമയം, സിറിയയിലെ പുതിയ ഭരണാധികാരികള്‍ ജോര്‍ദാന്‍ അതിര്‍ത്തിയിലെയും ലബ്‌നാന്‍ അതിര്‍ത്തിയിലെയും ചെക്ക്‌പോസ്റ്റുകളുടെ നിയന്ത്രണം പിടിച്ചു. പഴയ ജീവനക്കാരെ തിരികെ കൊണ്ടുവന്നെന്ന് പ്രദേശത്തെ കമാന്‍ഡറായ അബു ഉമര്‍ പറഞ്ഞു. സിറിയയില്‍ നിന്ന് ലഹരിമരുന്നുകള്‍ പുറത്തുപോവുന്നത് തടയാനാണ് ഇതെന്ന് അബു ഉമര്‍ വിശദീകരിച്ചു. വിമതര്‍ അതിര്‍ത്തിയില്‍ എത്തിയതോടെ ജോര്‍ദാന്‍ വ്യോമസേന പ്രദേശത്ത് നിരീക്ഷണം കര്‍ശനമാക്കി. ലബ്‌നാന്‍ അതിര്‍ത്തിയിലെ പോസ്റ്റും ഇപ്പോള്‍ പുതിയ ഭരണാധികാരികള്‍ നിയന്ത്രണത്തിലാക്കിയിട്ടുണ്ട്. ഹസാഖ, റഖ എന്നീ കുര്‍ദ് പ്രദേശങ്ങളും മരുഭൂമിയിലെ ചില ഐഎസ് കേന്ദ്രങ്ങളുമാണ് പുതിയ സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ ഇല്ലാത്തത്.
ജോര്‍ദാന്‍-സിറിയ അതിര്‍ത്തി
സിറിയക്ക് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ ഒഴിവാക്കണമെന്ന് ഇന്നലെ ദമസ്‌കസില്‍ എത്തിയ സിറിയക്കായുള്ള പ്രത്യേക ഐക്യരാഷ്ട്ര പ്രതിനിധി ഗിയെര്‍ പേഡേഴ്‌സണ്‍ ആവശ്യപ്പെട്ടു.
അതിനിടെ, ഖത്തര്‍ പ്രതിനിധി സംഘം ഇന്നലെ സിറിയയില്‍ എത്തി. ഖത്തര്‍ എംബസി തുറക്കുന്ന കാര്യമാണ് പ്രധാനമായും ചര്‍ച്ച ചെയ്തതെന്ന് വിദേശകാര്യ വക്താവ് മജീദ് അല്‍ അന്‍സാരി പറഞ്ഞു. സിറിയക്ക് ഖത്തര്‍ സഹായം നല്‍കുന്ന കാര്യവും ചര്‍ച്ച ചെയ്തു. ഹയാത് താഹിര്‍ അല്‍ ശാം നേതൃത്വവുമായി ബന്ധവും സ്ഥാപിച്ചു. അധികാര കൈമാറ്റ സമയത്ത് സംഘര്‍ഷമുണ്ടാവാതെ നോക്കണമെന്ന് അവര്‍ക്ക് നിര്‍ദേശം നല്‍കിതായും മജീദ് അല്‍ അന്‍സാരി പറഞ്ഞു.
മസ്‌ലും അബ്ദി
സിറിയയുടെ ഭാവി സംബന്ധിച്ച് ജോര്‍ദാനിലെ അമ്മാനില്‍ നടന്ന ചര്‍ച്ചകളെ എസ്ഡിഎഫ് കമാന്‍ഡര്‍ ഇന്‍ ചീഫ് മസ്‌ലും അബ്ദി സ്വാഗതം ചെയ്തു. ജോര്‍ദാന്‍, സൗദി അറേബ്യ, ഇറാഖ്, ലബ്‌നാന്‍, ഈജിപ്ത്, യുഎഇ, ബഹ്‌റൈന്‍, യുഎഇ, ഖത്തര്‍ എന്നീ രാജ്യങ്ങളുടെ പ്രതിനിധികളാണ് അമ്മാനില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തത്. സിറിയയില്‍ സ്ഥിരതയുണ്ടാക്കാന്‍ അറബ് രാജ്യങ്ങള്‍ നടത്തുന്ന ശ്രമങ്ങളെ പിന്തുണക്കുകയാണെന്ന് മസ്‌ലൂം അബ്ദി പറഞ്ഞു. രാജ്യത്തിന് അകത്ത് ഭരണകൂടം സൈനിക നടപടികള്‍ നടത്തരുതെന്നാണ് തങ്ങളുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.