ബോളിവുഡ് നടന്‍ മുഷ്താഖ് മുഹമ്മദ് ഖാനെ തട്ടിക്കൊണ്ടുപോയ നാലംഗ സംഘം അറസ്റ്റില്‍; ശക്തി കപൂറിനെയും തട്ടിക്കൊണ്ടുപോവാന്‍ ശ്രമം
ന്യൂഡല്‍ഹി: നടന്‍ മുഷ്താഖ് മുഹമ്മദ് ഖാനെ തട്ടികൊണ്ടുപോയ നാലംഗ സംഘം അറസ്റ്റില്‍. സാര്‍ത്തക് ചൗധരി, സബിയുദ്ദീന്‍, അസിം, ശശാങ്ക് എന്നിവരാണു പിടിയിലായത്. നടന്‍ ശക്തി കപൂറിനെ തട്ടികൊണ്ടുപോകാനും സംഘം പദ്ധതിയിട്ടിരുന്നതായി പോലിസ് പറഞ്ഞു. ഒരു ചടങ്ങില്‍ പങ്കെടുക്കാനായി ഡല്‍ഹിയിലേക്ക് ക്ഷണിച്ചു വരുത്തിയാണ് മുഷ്താഖ് മുഹമ്മദ് ഖാനെ വിമാനത്താവളത്തില്‍നിന്ന് തട്ടിക്കൊണ്ടുപോയത്. സമാനരീതിയിലാണ് ശക്തി കപൂറിനെയും തട്ടികൊണ്ടുപോകാന്‍ പദ്ധതിയിട്ടത്.
ചടങ്ങില്‍ പങ്കെടുക്കാന്‍ ശക്തി കപൂര്‍ ഉയര്‍ന്ന തുക മുന്‍കൂറായി ചോദിച്ചതിനാല്‍ പദ്ധതി നടപ്പിലായില്ല. ബന്ദിയായി മണിക്കൂറുകള്‍ക്കുശേഷം സംഘത്തിന്റെ പിടിയില്‍നിന്ന് മുഷ്താഖ് മുഹമ്മദ് ഖാന്‍ സ്വയം രക്ഷപ്പെടുകയായിരുന്നു. മുഷ്താഖ് മുഹമ്മദ് ഖാന്റെ മാനേജര്‍ പരാതി നല്‍കിയതോടെയാണു സംഭവം പുറംലോകം അറിഞ്ഞത്. മീററ്റിലെ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി നടന് ഒക്ടോബര്‍ 15ന് 25000 രൂപ സംഘം അയച്ചു കൊടുത്തിരുന്നു.
പരിപാടിയില്‍ പങ്കെടുക്കാനായി ഡല്‍ഹി വിമാനത്താവളത്തിലെത്തിയ നടനെ ടാക്‌സി ഡ്രൈവര്‍ സ്വീകരിച്ചു. പോകുന്ന വഴിയില്‍ നടനെ മറ്റൊരു കാറിലേക്ക് കയറ്റി. കൂടുതല്‍ സംഘാംഗങ്ങളും കയറി. ഉത്തര്‍പ്രദേശിലെ ബിജ്‌നൂര്‍ ജില്ലയിലെ ഒരു വീട്ടിലേക്കാണ് നടനെ കൊണ്ടുപോയത്. ബാങ്ക് അക്കൗണ്ട് വിവരങ്ങളും പാസ്വേഡും സംഘം കൈക്കലാക്കി. 2.2 ലക്ഷം പിന്‍വലിച്ചു.
മദ്യലഹരിയിലായ സംഘം ഉറങ്ങിയപ്പോള്‍ നടന്‍ രക്ഷപ്പെട്ടു തൊട്ടടുത്തുള്ള പള്ളിയിലെത്തി. നാട്ടുകാര്‍ കുടുംബത്തെ വിവരമറിയിച്ചു. പോലിസെത്തിയാണു നടനെ വീട്ടിലെത്തിച്ചത്. 1.04 ലക്ഷം സംഘത്തില്‍നിന്നു കണ്ടെടുത്തു. പരിപാടികളില്‍ പങ്കെടുക്കുന്നതിനായി സിനിമാ താരങ്ങള്‍ക്ക് മുന്‍കൂറായി പണവും വിമാനടിക്കറ്റും നല്‍കി ക്ഷണിച്ചു വരുത്തിയശേഷം തട്ടിക്കൊണ്ടുപോകുന്നതാണു സംഘത്തിന്റെ രീതിയെന്നു പോലിസ് പറഞ്ഞു. ശക്തി കപൂറിന് 5 ലക്ഷംരൂപയാണു പരിപാടിയില്‍ പങ്കെടുക്കാന്‍ വാഗ്ദാനം നല്‍കിയത്. സംഘത്തിലുള്ള മറ്റുള്ളവര്‍ക്കായി അന്വേഷണം ആരംഭിച്ചു.