യുഎന്നില്‍ കശ്മീര്‍ പ്രശ്‌നം ഉയര്‍ത്തി ഉര്‍ദുഗാന്‍

യുഎന്‍ പ്രമേയങ്ങള്‍ക്കിടയിലും 80 ലക്ഷത്തോളം പൗരന്‍മാര്‍ ഇന്ത്യന്‍ കശ്മീരില്‍ കുടുങ്ങിക്കിടക്കുകയാണെന്നും യുഎന്നില്‍ ഉര്‍ദുഗാന്‍ കുറ്റപ്പെടുത്തി.

Update: 2019-09-25 11:54 GMT

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ നടന്ന യുഎന്‍ പൊതുസഭയുടെ 74ാമത് സമ്മേളനത്തില്‍ കശ്മീര്‍ പ്രശ്‌നം ഉയര്‍ത്തി തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍. കശ്മീരിനെ മാറ്റി നിര്‍ത്തി ദക്ഷിണ ഏഷ്യയ്ക്ക് സ്ഥിരതയും പുരോഗതിയും കൈവരിക്കാനാവില്ല. യുഎന്‍ പ്രമേയങ്ങള്‍ക്കിടയിലും 80 ലക്ഷത്തോളം പൗരന്‍മാര്‍ ഇന്ത്യന്‍ കശ്മീരില്‍ കുടുങ്ങിക്കിടക്കുകയാണെന്നും യുഎന്നില്‍ ഉര്‍ദുഗാന്‍ കുറ്റപ്പെടുത്തി.

സുരക്ഷിത ഭാവിക്ക് സംഘര്‍ഷത്തേക്കാള്‍ ചര്‍ച്ചകളിലൂടെ കശ്മീര്‍ പ്രശ്‌നം പരിഹരിക്കണം. 72 വര്‍ഷം പഴക്കമുള്ള കശ്മീര്‍ പ്രശ്‌നം നീതിയുടെയും സമത്വത്തിന്റെയും അടിസ്ഥാനത്തില്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കണം. കശ്മീര്‍ പ്രശ്‌നത്തില്‍ ഇടപെടുന്നതില്‍ അന്താരാഷ്ട്ര സമൂഹം പരാജയപ്പെട്ടതായും അദ്ദേഹം കുറ്റപ്പെടുത്തി.

കശ്മീരി ജനത തങ്ങളുടെ ഭാവി സുരക്ഷിതമാക്കുന്നത് ഇന്ത്യയുമായും പാകിസ്താനുമായും ചേര്‍ന്നുള്ള ചര്‍ച്ചകളിലൂടെയായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം യുഎന്‍ സമ്മേളനത്തിനിടെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, ഉര്‍ദുഗാനെ സന്ദര്‍ശിച്ച് കൂടിക്കാഴ്ച നടത്തുകയും കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ഇന്ത്യയുടെ ഇന്ത്യയുടെ നിയമവിരുദ്ധവും ഏകപക്ഷീയവുമായ നടപടികള്‍ക്ക് ശേഷമുള്ള കശ്മീരിലെ ഏറ്റവും പുതിയ സാഹചര്യത്തെക്കുറിച്ച് ധരിപ്പിക്കുകയും ചെയ്തിരുന്നു.

Tags:    

Similar News