ഇരട്ട ഗര്‍ഭസ്ഥശിശുക്കളുടെ മരണം: എന്തുകൊണ്ട് റിപോര്‍ട്ട് സമര്‍പ്പിച്ചില്ലെന്ന് ദേശീയ വനിതാ കമ്മീഷന്‍

എന്തുകൊണ്ടാണ് ആവശ്യപ്പെട്ട റിപോര്‍ട്ട് സമര്‍പ്പിക്കാതിരുന്നതെന്ന് ചോദിച്ച കമ്മീഷന്‍, ഒരുമാസത്തിനകം സംഭവത്തില്‍ സ്വീകരിച്ച നടപടി സംബന്ധിച്ച് റിപോര്‍ട്ട് നല്‍കണമെന്നും ആവശ്യപ്പെട്ടു. പുത്തനഴി സ്വദേശി ഡോ.സൈനുല്‍ ആബിദീന്‍ ഹുദവി നല്‍കിയ പരാതിയെത്തുടര്‍ന്നാണ് കമ്മീഷന്റെ ഇടപെടല്‍.

Update: 2021-05-17 14:17 GMT

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജില്‍നിന്ന് പൂര്‍ണഗര്‍ഭിണിയായ യുവതിക്ക് ചികില്‍സ നിഷേധിച്ചതിനെത്തുടര്‍ന്ന് ഇരട്ട ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ച സംഭവത്തില്‍ റിപോര്‍ട്ട് സമര്‍പ്പിക്കാത്ത സര്‍ക്കാര്‍ നടപടിക്കെതിരേ ദേശീയ ദേശീയ വനിതാ കമ്മീഷന്റെ ഇടപെടല്‍. സംഭവത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഒമ്പതിന് സംസ്ഥാന ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.എന്‍ രാജന്‍ കോബ്രഗേഡ് ഐഎഎസ്സിന് കത്തയച്ചിരുന്നു. ചികില്‍സാ നിഷേധം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും വിഷയത്തില്‍ ഇതുവരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അറിയിക്കക്കണമെന്നും വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, ഇതിന് യാതൊരു മറുപടിയും നല്‍കാന്‍ ആരോഗ്യവകുപ്പ് തയ്യാറായില്ല. ഇതെത്തുടര്‍ന്നാണ് ഇന്ന് ദേശീയ വനിതാ കമ്മീഷന്‍ വീണ്ടും സംസ്ഥാന ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്തയച്ചത്. എന്തുകൊണ്ടാണ് ആവശ്യപ്പെട്ട റിപോര്‍ട്ട് സമര്‍പ്പിക്കാതിരുന്നതെന്ന് ചോദിച്ച കമ്മീഷന്‍, ഒരുമാസത്തിനകം സംഭവത്തില്‍ സ്വീകരിച്ച നടപടി സംബന്ധിച്ച് റിപോര്‍ട്ട് നല്‍കണമെന്നും ആവശ്യപ്പെട്ടു. പുത്തനഴി സ്വദേശി ഡോ.സൈനുല്‍ ആബിദീന്‍ ഹുദവി നല്‍കിയ പരാതിയെത്തുടര്‍ന്നാണ് കമ്മീഷന്റെ ഇടപെടല്‍. മാധ്യമപ്രവര്‍ത്തകനായ എന്‍ സി മുഹമ്മദ് ഷെരീഫ്- സഹല തസ്‌നിം ദമ്പതികളുടെ ഇരട്ട ഗര്‍ഭസ്ഥ ശിശുക്കളാണ് കഴിഞ്ഞവര്‍ഷം സപ്തംബര്‍ 27ന് മരിച്ചത്.

സംഭവം നടന്നിട്ട് എട്ടുമാസത്തോളമായെങ്കിലും ആരോഗ്യവകുപ്പ് അധികൃതരില്‍നിന്ന് കുറ്റക്കാര്‍ക്കെതിരേ നടപടിയുണ്ടായിട്ടില്ല. ഈ അവസരത്തിലാണ് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന്‍ വീണ്ടും ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്തയച്ചത്. പ്രസവ വേദന ഉണ്ടെന്ന് അറിയിച്ചിട്ടും ചികില്‍സ നല്‍കാതെ മഞ്ചേരി മെഡിക്കല്‍ കോളജില്‍നിന്ന് നിര്‍ബന്ധപൂര്‍വം മടക്കി അയച്ചെന്നാണ് ബന്ധുക്കളുടെ പരാതി. കുട്ടികള്‍ മരിച്ചിട്ട് ഒരുവര്‍ഷത്തോളമായിട്ടും ഒന്നും നടന്നില്ലെന്ന നിലപാടാണ് ആരോഗ്യവകുപ്പ് സ്വീകരിക്കുന്നതെന്ന് കുട്ടികളുടെ മാതാവ് സഹല തസ്‌നിം പറഞ്ഞു.

മഞ്ചേരി മെഡിക്കല്‍ കോളജിലെ കുറ്റക്കാര്‍ക്കെതിരേ നരഹത്യയ്ക്ക് കേസെടുക്കണമെന്നാവശ്യപ്പെട്ട് പിതാവ് എന്‍ സി ഷെരീഫ് മലപ്പുറം ജില്ലാ പോലിസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും അന്വേഷണത്തില്‍ പുരോഗതിയുണ്ടായില്ല. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം കോഴിക്കോട് മെഡിക്കല്‍ കോളജ് ഗൈനക്കോളജി വിഭാഗം മേധാവിയും മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫിസറും ഉള്‍കൊള്ളുന്ന അന്വേഷണസംഘം യുവതിയുടേയും ഭര്‍ത്താവിന്റെയും മൊഴിയെടുത്തിരുന്നു.

Tags:    

Similar News