ഡല്‍ഹി കലാപം: രണ്ട് പേര്‍ക്ക് കൂടി ജാമ്യം അനുവദിച്ചു
കലാപത്തില്‍ 53 പേര്‍ കൊല്ലപ്പെടുകയും 200 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരിലും സ്വത്തും വീടും നഷ്ടപ്പെട്ടവരും ഭൂരിഭാഗവും മുസ് ലിം വിഭാഗത്തില്‍ നിന്നുള്ളവരാണ്. കലാപവുമായി ബന്ധപ്പെട്ട കേസുകളില്‍ ജയിലില്‍ കഴിയുന്നവരിലും കൂടുതല്‍ മുസ്‌ലിംകളാണ്.
ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ അരങ്ങേറിയ കലാപവുമായി ബന്ധപ്പെട്ട കേസില്‍ രണ്ട് പേര്‍ക്ക് കൂടി ജാമ്യം അനുവദിച്ചു.
കലാപസമയത്ത് ജാഫറാബാദ് പ്രദേശത്തെ വീട് അഗ്നിക്കിരയായ കേസില്‍ അറസ്റ്റിലായ ഷാനു, ഷെരീഫ് എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. 20000 രൂപയുടെ സ്വന്തം ബോണ്ടിലും തുല്ല്യ തുകക്കുള്ള മറ്റൊരാളുടെ ബോണ്ടിലുമാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി അമിതാഭ് റാവത്ത് ജാമ്യം അനുവദിച്ചത്.
കേസില്‍ 2020 ഏപ്രില്‍ 8 മുതല്‍ ഷാനുവും ഷെരീഫും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഈ കേസിലെ മറ്റു പ്രതികളായ ആതിര്‍, ഗള്‍ഫാം എന്നിവര്‍ക്ക് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.
യുവാക്കളെ ജയിലിലടച്ച കാലഘട്ടവും കേസിലെ വസ്തുതകളും സാഹചര്യങ്ങളും കണക്കിലെടുത്ത് ജാമ്യാപേക്ഷ അനുവദനീയമാണെന്ന് ജനുവരി 19 ന് പാസാക്കിയ സമാനമായ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
തെളിവുകള്‍ നശിപ്പിക്കാന്‍ ഇപപെടരുതെന്നും അനുമതിയില്ലാതെ ഡല്‍ഹി വിട്ട് പോകരുതെന്നും പ്രതികളോട് കോടതി നിര്‍ദ്ദേശിച്ചു.
അതേസമയം, യുവാക്കളെ ഡല്‍ഹി പോലിസ് കള്ളക്കേസില്‍ കുടുക്കുകയായിരുന്നെന്ന് പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ അബ്ദുല്‍ ഗഫൂര്‍ കോടതിയില്‍ വാദിച്ചു.
വീട് കത്തിക്കാന്‍ നിയമവിരുദ്ധമായി സംഘടിച്ചെന്ന് ആരോപിച്ച് പോലിസ് പ്രോസിക്യൂട്ടര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തു.
2019 ഫെബ്രുവരി 24 നാണ് വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടത്. പൗരത്വ പ്രക്ഷോഭകര്‍ക്കെതിരെ ബിജെപി നേതാക്കള്‍ കലാപാഹ്വാനം നടത്തിയതിനെ തുടര്‍ന്നാണ് വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടത്. കലാപത്തില്‍ 53 പേര്‍ കൊല്ലപ്പെടുകയും 200 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരിലും സ്വത്തും വീടും നഷ്ടപ്പെട്ടവരും ഭൂരിഭാഗവും മുസ് ലിം വിഭാഗത്തില്‍ നിന്നുള്ളവരാണ്. കലാപവുമായി ബന്ധപ്പെട്ട കേസുകളില്‍ ജയിലില്‍ കഴിയുന്നവരിലും കൂടുതല്‍ മുസ്‌ലിംകളാണ്.