കോഴിക്കോട്: കുന്ദമംഗലത്ത് എക്‌സൈസ് വാഹന പരിശോധനക്കിടെ 10 ലക്ഷം രൂപയുടെ ഹാഷിഷ് ഓയില്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ പിടിയിലായി. മയക്ക് മരുന്ന് മാഫിയയുടെ പ്രധാന കണ്ണികളായ കോഴിക്കോട് മായനാട് സ്വദേശി വിനീത് ,വിതരണക്കാരന്‍ പാലക്കാട് സ്വദേശി മുഹമ്മദ് ഷാഫി എന്നിവരാണ് പിടിയിലായത്.
വിദ്യാര്‍ഥികള്‍ക്ക് ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായതെന്ന് എക്‌സൈസ് സംഘം പറഞ്ഞു. മായനാട് സ്വദേശി വിനീത് നേരത്തെയും മയക്ക് മരുന്ന് കേസില്‍ പ്രതിയായതിനാല്‍ ഇയാളെ എക്‌സൈസ് സംഘം നിരീക്ഷിച്ച് വരികയായിരുന്നു. വിശാഖപട്ടണത്ത് നിന്നാണ് ഇവര്‍ മയക്ക് മരുന്ന് കൊണ്ടുവരുന്നത്.
ഏജന്റുമാര്‍ക്ക് ഓണ്‍ലൈന്‍ വഴി പണം അയച്ച് കൊടുത്ത് വിനോദയാത്രക്കെന്ന വ്യാജേന സ്ഥലത്തെത്തി മയക്കുമരുന്ന് ശേഖരിക്കുകയാണ് ഇവരുടെ പതിവ്. രണ്ട് ഗ്രാം വീതമുള്ള ബോട്ടിലുകളിലാക്കിയാണ് വില്‍പ്പന. ഇത്തരമൊരു ബോട്ടിലിന് 2000 രൂപ വരെ ഈടാക്കുന്നതായും കോളേജ് വിദ്യാര്‍ത്ഥികളെ ലക്ഷ്യം വെച്ചാണ് വില്‍പ്പനയെന്നും എക്‌സൈസ് സംഘം പറഞ്ഞു.