ബംഗളൂരുവില്‍ കെട്ടിടങ്ങള്‍ തകര്‍ന്നുവീണ് അഞ്ചുമരണം
ഏഴുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബംഗളൂരു പുലുകേശി നഗറിലെ ഹച്ചിന്‍സ് റോഡില്‍ ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. നാരായണ (26), നിര്‍മല (20), അനുഷ്‌ക (3), ബിഹാര്‍ സ്വദേശി ശംഭുകുമാര്‍ എന്നിവരാണ് മരിച്ചത്.
ബംഗളൂരു: കെട്ടിടങ്ങള്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ ബംഗളൂരുവില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. ഏഴുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബംഗളൂരു പുലുകേശി നഗറിലെ ഹച്ചിന്‍സ് റോഡില്‍ ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. നാരായണ (26), നിര്‍മല (20), അനുഷ്‌ക (3), ബിഹാര്‍ സ്വദേശി ശംഭുകുമാര്‍ എന്നിവരാണ് മരിച്ചത്. അഞ്ചാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. നിര്‍മാണം നടന്നുവരുന്ന കെട്ടിടവും സമീപത്തെ പാര്‍പ്പിട സമുച്ചയവുമാണ് തകര്‍ന്നുവീണത്.
നിര്‍മാണം നടന്നുവരുന്ന കെട്ടിടത്തില്‍ 13 ഓളം തൊഴിലാളികള്‍ ജോലിയിലേര്‍പ്പെട്ടുകൊണ്ടിരിക്കുമ്പോഴാണ് അപകടമുണ്ടായത്. സംഭവസ്ഥലത്തെത്തിയ പോലിസും ഫയര്‍ഫോഴ്‌സും കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ നാലുപേരെ രക്ഷപ്പെടുത്തുകയായിരുന്നു. ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. നാലുവര്‍ഷം മാത്രം പഴക്കമുള്ള പാര്‍പ്പിടസമുച്ഛയമാണ് തകര്‍ന്നുവീണതെന്ന് ചീഫ് എന്‍ജിനീയര്‍ ബി എസ് പ്രസാദ് പറഞ്ഞു. എട്ട് കുടുംബങ്ങളാണ് ഇവിടെ താമസിച്ചിരുന്നത്. കെട്ടിടത്തിന്റെ അടിത്തറയ്ക്ക് ബലക്ഷയമുണ്ടാവുകയും തകര്‍ന്നുവീഴുകയുമായിരുന്നു. ഇതിനോട് ചേര്‍ന്ന് നിര്‍മാണം നടന്ന കെട്ടിടവും ഇതോടൊപ്പം പൊളിഞ്ഞുവീണു. ലോക്കല്‍ പോലിസും എന്‍ഡിആര്‍എഫിന്റെ സംഘവും കര്‍ണാടക സിവില്‍ ഡിഫന്‍സ് സംഘവുമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.
മേയര്‍ ഗംഗാംബികെ മല്ലികാര്‍ജുനും ജോയിന്റ് കമ്മീഷണര്‍ രവീന്ദ്രയും സംഭവസ്ഥലം സന്ദര്‍ശിച്ചു. കെട്ടിടനിര്‍മാണ ചട്ടങ്ങള്‍ പൂര്‍ണമായും ലംഘിച്ചാണ് നിര്‍മാണം നടത്തിയിരിക്കുന്നതെന്ന് ചീഫ് എന്‍ജിനീയര്‍ ചൂണ്ടിക്കാട്ടി. ഉറപ്പില്ലാത്ത സ്ഥലത്താണ് കെട്ടിടം പണിതുയര്‍ത്തിയത്. അതുകൊണ്ടാണ് രണ്ട് കെട്ടിടവും തകര്‍ന്നുവീഴാനുള്ള കാരണം. കെട്ടിടനിര്‍മാണം നടത്തിയവര്‍ക്കും എന്‍ജിനീയര്‍മാര്‍ക്കുമാണ് അപകടത്തിന്റെ പൂര്‍ണ ഉത്തരവാദിത്തമെന്നും അദ്ദേഹം വ്യക്തമാക്കി. മണ്ണിന് ഉറപ്പില്ലാത്ത സ്ഥലത്താണ് കെട്ടിടം പണിതിരിക്കുന്നതെന്ന് മേയറും കുറ്റപ്പെടുത്തി.