ലക്ഷദ്വീപ് സുഹേലിയില്‍ കെട്ടിടങ്ങള്‍ പൊളിക്കുന്നതിന് ഹൈക്കോടതിയുടെ സ്‌റ്റേ

ലക്ഷദ്വീപ് സ്വദേശികളായ പി കദീഷ, യു പി ഹംസത്ത്, ടി പി റസാഖ്, എം പി ജാഫര്‍, ബംമ്പന്‍ എന്നിവര്‍ നല്‍കിയ ഹരജിയില്‍ ജസ്റ്റിസ് സുനില്‍ തോമസ് പ്രത്യേകം സിറ്റിങ് നടത്തിയാണ് സ്റ്റേ ഉത്തരവിട്ടത്. രണ്ടു ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ ഭൂമിയില്‍ നിര്‍മിച്ചിട്ടുള്ള കെട്ടിടം പൊളിച്ചുമാറ്റണമെന്നു നിര്‍ദ്ദേശിച്ചു ജൂണ്‍ ആറിനാണ് ലക്ഷദ്വീപ് ഭരണകൂടം നോട്ടിസ് പുറപ്പെടുവിച്ചത്

Update: 2021-07-10 13:29 GMT

കൊച്ചി: ലക്ഷദ്വീപ് സുഹേലിയിലെ കെട്ടിടങ്ങള്‍ രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ പൊളിച്ചു മാറ്റണമെന്ന ഭരണകൂടത്തിന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ലക്ഷദ്വീപ് സ്വദേശികളായ പി കദീഷ, യു പി ഹംസത്ത്, ടി പി റസാഖ്, എം പി ജാഫര്‍, ബംമ്പന്‍ എന്നിവര്‍ നല്‍കിയ ഹരജിയില്‍ ജസ്റ്റിസ് സുനില്‍ തോമസ് പ്രത്യേകം സിറ്റിങ് നടത്തിയാണ് സ്റ്റേ ഉത്തരവിട്ടത്.

രണ്ടു ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ ഭൂമിയില്‍ നിര്‍മിച്ചിട്ടുള്ള കെട്ടിടം പൊളിച്ചുമാറ്റണമെന്നു നിര്‍ദ്ദേശിച്ചു ജൂണ്‍ ആറിനാണ് ലക്ഷദ്വീപ് ഭരണകൂടം നോട്ടിസ് പുറപ്പെടുവിച്ചത്. നോട്ടിസ് സംബന്ധിച്ചു എന്തെങ്കിലും ആക്ഷേപമോ മറുപടിയോ ഉണ്ടെങ്കില്‍ ജൂലൈ ഏഴ് അഞ്ചു മണിക്കു മുന്‍പ് നല്‍കണമെന്നു അഡ്മിനിസ്ട്രേഷന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. 24 മണിക്കൂര്‍ പോലും നല്‍കാതെയുള്ള നോട്ടിസ് ന്യായമല്ലെന്നു വിലയിരുത്തിയാണ് കോടതി നോട്ടിസിലെ തുടര്‍ നടപടികള്‍ താല്‍ക്കാലികമായി തടഞ്ഞത്.

നോട്ടിസുമായി ബന്ധപ്പെട്ടു കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ജൂലൈ എട്ടിനു നിശ്ചിത സമയത്ത് ഹാജരാവണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. കൂടുതല്‍ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ടു ഹരജിക്കാര്‍ അഡ്മിനിസ്ട്രേഷന് നിവേദനം നല്‍കിയെങ്കിലും യാതൊരു മറുപടിയും നല്‍കിയില്ല. ആഴ്ച അവസാനമായതുകൊണ്ടു മറുപടി നല്‍കാന്‍ ഹരജിക്കാര്‍ക്ക് കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടി കെട്ടിടം പൊളിക്കാനാണ് ഭരണകൂടം ഉദ്ദേശിക്കുന്നതെന്നു ഹരജിക്കാര്‍ ആരോപിച്ചു.

വെറും 72 മണിക്കൂര്‍ കൊണ്ടു നോട്ടിസില്‍ നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ നടപ്പാക്കാനുള്ള അഡ്മിനിസ്ട്രേഷന്‍ തീരുമാനം നിയമവിരുദ്ധമാണെന്നു ഹരജിയില്‍ പറയുന്നു. ലക്ഷദ്വീപ് ലാന്റ് റെവന്യു ആന്റ് ടെനന്‍സി റൂള്‍സ് 17 പ്രകാരം നല്‍കുന്ന നിയമവിരുദ്ധമായ നോട്ടിസുകള്‍ റദ്ദാക്കണമെന്നു ഹരജിയില്‍ പറയുന്നു. ഹരജിയില്‍ കോടതി പിന്നീട് വിശദമായ വാദം കേള്‍ക്കും.

Tags:    

Similar News