മുല്ലപ്പെരിയാർ ഡാമിന്റെ 3 ഷട്ടറുകൾകൂടി തുറക്കും; ജാഗ്രതാനിർദേശം
ആദ്യം ഒരു ഷട്ടറും പിന്നീട് രണ്ടു ഷട്ടറുകളും തുറന്നു. അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ നിലവിൽ തുറന്നിരിക്കുന്ന മൂന്ന് ഷട്ടറുകൾ (V2, V3, V4) കൂടാതെ മൂന്ന് ഷട്ടറുകൾ (V7,V8, V9) കൂടെ ഇന്ന് മൂന്നുമണി മുതൽ 0.30 മീറ്റർ വീതം ഉയർത്തി ആകെ 1068.00 ക്യുസെക്സ് ജലം പുറത്തു വിടുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചിട്ടുണ്ട്.
ഇടുക്കി: മുല്ലപ്പെരിയാർ ഡാമിൻറെ മൂന്ന് ഷട്ടറുകൾ തുറന്നു. ഉച്ചകഴിഞ്ഞ് മൂന്നു മണിക്കു ശേഷം മൂന്ന് ഷട്ടറുകൾ കൂടി തുറക്കുമെന്ന് തമിഴ്നാട് അറിയിച്ചു. ഈ സാഹചര്യത്തിൽ പെരിയാറിന്റെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇടുക്കി ജില്ലയിലുണ്ടായിരുന്ന എൻഡിആർഎഫ് സംഘത്തെ മുല്ലപ്പെരിയാറിലേക്ക് വിന്യസിച്ചു. മാറ്റിപ്പാർപ്പിക്കൽ ആവശ്യമായി വന്നാൽ സ്വീകരിക്കേണ്ട എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്ന് റവന്യൂ മന്ത്രി കെ രാജൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
വെള്ളിയാഴ്ച രാവിലെ ഡാമിലെ ജലനിരപ്പ് 137.4 അടി ആയിരുന്നു. ആദ്യം ഒരു ഷട്ടറും പിന്നീട് രണ്ടു ഷട്ടറുകളും തുറന്നു. അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ നിലവിൽ തുറന്നിരിക്കുന്ന മൂന്ന് ഷട്ടറുകൾ (V2, V3, V4) കൂടാതെ മൂന്ന് ഷട്ടറുകൾ (V7,V8, V9) കൂടെ ഇന്ന് മൂന്നുമണി മുതൽ 0.30 മീറ്റർ വീതം ഉയർത്തി ആകെ 1068.00 ക്യുസെക്സ് ജലം പുറത്തു വിടുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
നിലവിൽ മുല്ലപ്പെരിയാറിൽ നീരൊഴുക്ക് ശക്തമാണ്. അണക്കെട്ടിൽ നിന്നും കൂടുതൽ ജലം കൊണ്ടുപോകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്ത് നൽകി. മഴ അതിതീവ്രമായി തുടരുന്നതിനാൽ മുല്ലപ്പെരിയാറിൽ തമിഴ്നാടിന്റെ ഇടപെടൽ അടിയന്തരമായി വേണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്. അണക്കെട്ടിലെ ജലനിരപ്പ് കുറക്കുന്നതിന് വേണ്ടി തമിഴ്നാട് കൂടുതൽ ജലം കൊണ്ടുപോകണമെന്നും സ്വീകരിക്കുന്ന നടപടികൾ 24 മണിക്കൂർ മുൻകൂട്ടി കേരളത്തെ അറിയിക്കണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.
പൊതുജനങ്ങൾ പെരിയാർ തീരപ്രദേശങ്ങളിൽ കുളിക്കാനിറങ്ങുന്നതും മീൻപിടുത്തം നടത്തുന്നതും, സെൽഫി, ഫോട്ടോ തുടങ്ങിയവ ചിത്രീകരിക്കുന്നതും കർശനമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നിയന്ത്രിക്കാൻ ഇടുക്കി ജില്ലാ കലക്ടർ നിർദ്ദേശിച്ചിട്ടുണ്ട്. മുല്ലപെരിയാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തുന്ന സാഹചര്യം മുൻനിർത്തി മഞ്ജുമല വില്ലേജ് ഓഫീസ് ആസ്ഥാനമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റും സജ്ജീകരിച്ചു.